Latest NewsNewsIndia

മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ കേരളത്തിന് നേട്ടം

ന്യൂഡല്‍ഹി : മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ കേരളത്തിനും നേട്ടം. കേരളത്തില്‍ കോട്ടയം, ആലപ്പുഴ റൂട്ടുകളിലുള്ള പാത ഇരട്ടിപ്പിക്കലിനു കാര്യമായ വിഹിതം ബജറ്റില്‍ ലഭിക്കും. അവസാനത്തെ ബജറ്റില്‍ റെയില്‍വേയ്ക്ക് വാരിക്കോരിയാണ് ധനമന്ത്രി പ്രഖ്യാപനം നല്‍കിയത്. 1,48,500 കോടി രൂപയാണ് റെയില്‍വേയ്ക്കായി നീക്കിവച്ചിരിക്കുന്നത്. സുരക്ഷയ്‌ക്കൊപ്പം ആധുനീകരണത്തിനുകൂടി പ്രാമുഖ്യം നല്‍കുന്ന ബജറ്റാണ് ഇത്തവണത്തേത്.

റെയില്‍വേയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന സമീപനം തുടരുമെന്നാണു ബജറ്റ് വ്യക്തമാക്കുന്നത്. യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 12 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും പ്രതീക്ഷ നല്‍കുന്നതാണ്.

3000 കോടി രൂപ ചെലവിലാണ് 11,000 ട്രെയിനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഒപ്പം, സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. എല്ലാ ട്രെയിനുകളിലും വൈ.ഫൈ സംവിധാനം ഏര്‍പ്പെടുത്തും. 4000 കിലോമീറ്റര്‍ റയില്‍വേ ലൈന്‍ പുതുതായി വൈദ്യുതീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 18,000 കിലോമീറ്റര്‍ റയില്‍പാത ഇരട്ടിപ്പിക്കും.

മുന്‍ വര്‍ഷങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന രംഗത്തു മുതല്‍ മുടക്കാത്തതാണു തുടര്‍ച്ചയായ റെയില്‍വേ അപകടങ്ങള്‍ക്കു കാരണമെന്നാണ് വിലയിരുത്തല്‍. മാറി വന്ന റെയില്‍വേ മന്ത്രിമാര്‍ അവരുടെ ഇഷ്ടത്തിന് ട്രെയിനുകള്‍ വാരിക്കോരി അനുവദിച്ചെങ്കിലും അവ ഓടാന്‍ ആവശ്യമായ പാളങ്ങള്‍ നിര്‍മിക്കുന്ന കാര്യം മറന്നിരുന്നു. ട്രാക്ക് കിലോമീറ്ററില്‍ കാര്യമായ വര്‍ധനയില്ലാതെ, അടിച്ചേല്‍പ്പിക്കപ്പെട്ട ട്രെയിനുകള്‍ ലഭ്യമായ ട്രാക്കുകളില്‍ തലങ്ങും വിലങ്ങും ഓടിയതോടെ അറ്റകുറ്റപ്പണിക്കു സമയം തികയാതെ വന്നു.

ഇതിന്റെ ബാക്കിപത്രമാണു കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യം കണ്ട അപകടങ്ങള്‍. ട്രാക്ക് കപ്പാസിറ്റി കൂട്ടാതെ ട്രെയിനുകള്‍ പ്രഖ്യാപിക്കുന്നതില്‍ അര്‍ഥമില്ലെന്നു സുരേഷ് പ്രഭു മന്ത്രിയായിരുന്നപ്പോള്‍ മനസ്സിലാക്കിയിരുന്നു. അഞ്ചു കൊല്ലം കൊണ്ട് 8500 കോടി രൂപയുടെ കപ്പാസിറ്റി ആഗുമെന്റേഷന്‍ നടത്തുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അതേപോലെ പിന്തുടരുന്നുവെന്നാണു പുതിയ പാതകളുടെ പ്രഖ്യാപനം സൂചിപ്പിക്കുന്നത്. ഒപ്പം, 36,000 കിലോമീറ്റര്‍ പാത നവീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, മൂന്നും നാലും പാതകള്‍ വേണ്ട സ്ഥലങ്ങളില്‍ അതിനുള്ള നടപടിയുമുണ്ടാകുമെന്നും ബജറ്റില്‍ പറഞ്ഞു.

രാജ്യവ്യാപകമായി 600 റയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും. വാണിജ്യാവശ്യങ്ങള്‍ക്കു ഭൂമി ലീസിനു നല്‍കി അതില്‍ നിന്നു വരുമാനം കണ്ടെത്തുന്നതിനാണു മുന്‍തൂക്കമെന്നു സ്റ്റേഷന്‍ നവീകരണ പദ്ധതി വ്യക്തമാക്കുന്നു.

2017ല്‍ റെയില്‍വേ ബജറ്റ് പൊതു ബജറ്റുമായി കൂട്ടിച്ചേര്‍ത്തതോടെ സുരക്ഷയ്ക്കായി പ്രത്യേക കോര്‍പസ് ഫണ്ട് രൂപീകരിച്ചിരുന്നു. ഒരു ലക്ഷം കോടി രൂപയാണ് അഞ്ചു വര്‍ഷം കൊണ്ട് ഇതില്‍ നിന്നു റെയില്‍വേയ്ക്കു ലഭിക്കുക. ആളില്ലാത്ത ലെവല്‍ ക്രോസുകള്‍ ഒഴിവാക്കാനുള്ള പദ്ധതിയും സുരക്ഷ ലക്ഷ്യമിട്ടുള്ളതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button