ന്യൂഡല്‍ഹി: ബിനോയ് കോടിയേരി പണം വാങ്ങി വഞ്ചിച്ചു എന്ന കേസില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഊര്‍ജിതം. ബിനോയ് കോടിയേരിക്കെതിരായ നിയമ നടപടിയേക്കാള്‍ പണം തിരിച്ചു കിട്ടാനാണ് ഇപ്പോഴത്തെ ശ്രമങ്ങളെന്ന് യുഎഇ കമ്പനിയുടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ അഭിഭാഷകന്‍ രാകിഷോര്‍സിംഗ് യാദവ് പറഞ്ഞു.
ബിനോയിക്കെതിരെ ദുബായില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത് സാമ്പത്തിക കുറ്റകത്യമായതിനാലാണ് ക്രിമിനല്‍ കേസ് ഇല്ലെന്ന പോലീസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള മൂന്ന് പ്രമുഖര്‍ വഴിയാണ് മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി അഞ്ചിനുള്ളില്‍ പണം നല്‍കുമെന്നാണ് മധ്യസ്ഥര്‍ പറഞ്ഞിരിക്കുന്നത്. ഇപ്രകാരം നടന്നില്ലെങ്കില്‍ തിങ്കളാഴ്ച തിരുനവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തി കേസുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാനുള്ള നീക്കത്തിലാണ് മര്‍സൂഖി.
ബിനോയ് കോടിയേരി 13 കോടിയും ശ്രീജിത്ത് വിജയന്‍പിള്ള 11 കോടിയും തട്ടിയെടുത്തുവെന്നാണ് മര്‍സൂഖി പറയുന്നത്. ബിനോയ്ക്ക് എതിരായ നിയമനടപടി പുരോഗമിക്കുകയാണ്. പണം തിരികെ നല്‍കിയാല്‍ അവിടെ കേസ് പിന്‍വലിക്കാനുള്ള വ്യവസ്ഥയുണ്ട്. നിയമ നടപടികള്‍ക്ക് മര്‍സൂഖിക്ക് താത്പര്യമില്ല. പണം തിരികെ കിട്ടിയാല്‍ അദ്ദേഹം കേസ് പിന്‍വലിക്കുമെന്നും അവസാനത്തെ ശ്രമമെന്ന നിലയിലാണ് നിയമനടപടികളിലേക്ക് പോകുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.
മാത്രമല്ല പണം തിരികെ കിട്ടിയാല്‍ കേസ് ഇല്ലെന്നും, തെറ്റിദ്ധാരണയുടെ പുറത്ത് കേസ് നല്‍കിയതാണെന്ന് പ്രസ്താവിക്കാന്‍ മര്‍സൂഖി തയ്യാറാണെന്നും അഭിഭിഷകന്‍ പറഞ്ഞു. എന്നാല്‍ നിശ്ചയിച്ച സമയത്ത് പണം കിട്ടിയില്ലെങ്കില്‍ തിരുവനന്തപുരത്ത് വിളിച്ചിരിക്കുന്ന പത്ര സമ്മേളനത്തില്‍ മര്‍സൂഖി ബിനോയിക്ക് എതിരായ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments