കൊച്ചി : അശാസ്ത്രീയ ശമ്പളവര്‍ധനയും ജിഎസ്ടിയും സര്‍ക്കാര്‍ ഫീസുകളിലെ വര്‍ധനയും കാരണം സ്വകാര്യ ആശുപത്രികള്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഇതിനു പരിഹാരം കണ്ടില്ലെങ്കില്‍ മാര്‍ച്ച് 31നു ശേഷം സര്‍ക്കാരിന്റ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതില്‍നിന്നു പിന്‍വാങ്ങുമെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍.
കാരുണ്യ, ആര്‍എസ്ബിവൈ, സ്‌നേഹസ്പര്‍ശം, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവ നിര്‍ത്തലാക്കുമെന്ന് കെപിഎച്ച്എ ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോയ തങ്ങള്‍, കോഴിക്കോട് സെക്രട്ടറി ഡോ. ഫര്‍ഹാന്‍ യാസിന്‍ എന്നിവര്‍ അറിയിച്ചു. ആശുപത്രിയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി 64% തുക ചെലവിടേണ്ട അവസ്ഥയാണ്. ചെലവ് താങ്ങാന്‍ കഴിയാതെ 80 ആശുപത്രികള്‍ പൂട്ടി.
ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ ചികില്‍സ നല്‍കിയ വകയില്‍ സര്‍ക്കാര്‍ 110 കോടി രൂപ ആശുപത്രികള്‍ക്കു നല്‍കാനുണ്ട്. നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000- 32,750 രൂപയായി നിശ്ചയിക്കുന്നതോടെ പ്രവര്‍ത്തനച്ചെലവ് താങ്ങാന്‍ കഴിയാതാവും. തമിഴ്‌നാട്ടിലും ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കുറഞ്ഞ വേതനം 15,000 രൂപയില്‍ താഴെ നിശ്ചയിച്ചിരിക്കുമ്പോഴാണ് കേരളത്തില്‍ ഭീമമായ ശമ്പളം നല്‍കേണ്ട സ്ഥിതി. ചരക്ക്, സേവന നികുതി നടപ്പാക്കിയതോടെ മരുന്നുകള്‍ക്കു ചെലവേറി.
ക്‌ളിനിക്കല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് ബില്‍ നടപ്പാക്കി സര്‍ക്കാര്‍ പിന്നെയും ആശുപത്രികളെ കെട്ടിയിടുകയാണെന്ന് കെപിഎച്ച്എ ആരോപിച്ചു. അന്‍പതില്‍താഴെ കിടക്കയുള്ള ആശുപത്രികളെ ക്‌ളിനിക്കല്‍ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുക, ഒരു ഡോക്ടറുടെ പിഴവിന് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുന്ന അശാസ്ത്രീയ വ്യവസ്ഥ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും കെപിഎച്ച്എ മുന്നോട്ടുവച്ചു.
എന്നാല്‍, മുഖ്യമന്ത്രിയോ ആരോഗ്യ മന്ത്രിയോ തങ്ങളുടെ ആവശ്യത്തിനു ചെവികൊടുക്കാന്‍പോലും തയാറായില്ലെന്ന് ഹുസൈന്‍ കോയ തങ്ങള്‍ പറഞ്ഞു. ഈ അവസ്ഥയില്‍ ആശുപത്രികള്‍ക്കു മുന്നോട്ടു പോകണമെങ്കില്‍ ചികില്‍സാഫീസ് 60% വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
Post Your Comments