ലക്‌നൗ: ഉത്തര്‍പ്രദേശില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു നടന്ന ബൈക്ക് റാലിക്ക് നേരെ കല്ലേറുണ്ടാവുകയും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ചന്ദന്‍ ഗുപ്ത എന്നയാളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സലീം എന്നയാളാണ് അറസ്റ്റിലായത്.
വീടിന്റെ ബാല്‍ക്കണിയില്‍ നിന്നോ മേല്‍ക്കൂരയില്‍ നിന്നോ ആണ് ഇയാള്‍ വെടിവെച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. കാസ്ഗഞ്ചില്‍ തുണിക്കട നടത്തുകയാണിയാള്‍. മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത ബുള്ളറ്റും പ്രതിയില്‍ നിന്നും പിടിച്ചെടുത്ത തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളും പരിശോധിച്ച് വരികയാണ്.
കൊലപാതക സമയം സലീമിന്റെ രണ്ട് സഹോദരന്മാരും ഒപ്പമുണ്ടായിരുന്നു എന്നാണ് വിവരം. നിലവില്‍ ഇയാളുടെ പേരില്‍ മറ്റ് ക്രിമിനല്‍ കേസുകള്‍ ഒന്നുമില്ലെന്ന് പോലീസ് പറയുന്നു. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു നടന്ന ബൈക്ക് റാലിയില്‍ പങ്കെടുത്ത മകനെ തടഞ്ഞു വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നെന്നാണ് ചന്ദന്‍ ഗുപ്തയുടെ പിതാവ് നല്‍കിയ മൊഴി. കലാപത്തില്‍ മൂന്ന് കടകളും രണ്ട് ബസും ഒരു കാറും സംഘര്‍ഷത്തില്‍ ജനക്കൂട്ടം തീവെച്ചു.
സംഭവത്തില്‍ ഇതുവരെ 118 പേരാണ് പിടിയിലായിട്ടുള്ളത്. സ്ഥിതിഗതികള്‍ ശാന്തമായിക്കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. നേരത്തെ കലാപത്തില്‍ കൊല്ലപ്പെട്ടുവെന്ന് പ്രചരിച്ച രാഹുല്‍ ഉപാധ്യായ എന്ന മാധ്യമ പ്രവര്‍ത്തകന്‍ തിരിച്ചെത്തിയിരുന്നു. കലാപം നടക്കുമ്പോള്‍ താന്‍ ഇവിടെ ഇല്ലായിരുന്നുവെന്നും തെറ്റായ വാര്‍ത്തയാണ് തന്റെ പേരില്‍ പ്രചരിച്ചിരുന്നതെന്നും ഇയാള്‍ പറഞ്ഞു.
Post Your Comments