തിരുവനന്തപുരം: അഗ്രഹാരത്തിന്റെ ചുവരിടിഞ്ഞുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധൻ മരിച്ചു. വലിയശാല കാന്തള്ളൂർ ക്ഷേത്രത്തിന് സമീപം ചിന്നശാല സ്ട്രീറ്റിൽ താമസക്കാരനായ നമശിവായൻപിള്ള സ്വാമിയാണ് (84) മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ഇയാളുടെ ഭാര്യ ഒപ്പമുണ്ടായിരുന്നു . ഇവർ പരുക്കുകളോടെ രണ്ടക്ഷപ്പെട്ടു. കിടപ്പുമുറിയിൽ രണ്ട് കട്ടിലുകളിലായാണ് ഇവർ കിടന്നിരുന്നത്. നമശിവായൻ പിള്ള കിടന്ന കട്ടിലിന്റെ ഭാഗത്തേക്ക് വീടിന്റെ രണ്ടാമത്തെ മുറിയുടെ ചുവർ ഇടിഞ്ഞു വീഴുകയായിരുന്നു. കല്ലും തടികളുമെല്ലാം ഇദ്ദേഹത്തിന്റെ ശരീരത്തേക്ക് പതിക്കുകയായിരുന്നു. കെട്ടിടത്തിന് നല്ല പഴക്കവും കേടുപാടുകളും ഉണ്ടായിരുന്നു.
ഇരുനിലകളുള്ള അഗ്രഹാരത്തിന്റെ മുകൾനിലയിലെ തടികൊണ്ടുള്ള സീലിംഗുകളും തകർന്ന് തറയിലേക്ക് വീണു. തമ്പാനൂർ ഫയർസ്റ്റേഷൻ ഓഫീസർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘമാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇരുവരെയും പുറത്തെടുത്തത്. ഇരുവരെയും ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും നമശിവായൻപിള്ള മരണപ്പെട്ടു. ടി.വി.എസ് ജീവനക്കാരനായിരുന്നു മരിച്ച നമശിവൻപിള്ള. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയോടെ വീട്ടുകാർക്ക് കൈമാറും.
Post Your Comments