തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ് പത്തുരൂപയാണ് ഉടമകള്‍ ആവശ്യപ്പെടുന്നതെങ്കിലും എട്ടുരൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പക്ഷെ നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ വര്‍ധന ഉടന്‍ പ്രഖ്യാപിക്കാനിടയില്ല, മാത്രമല്ല എകെ ശശീന്ദ്രന്‍ ഗതാഗതമന്ത്രിയായി ചുമതലയേല്‍ക്കുെമന്നിരിക്കെ വകുപ്പിന്റ താല്‍ക്കാലിക ചുമതല വഹിക്കുന്ന മുഖ്യമന്ത്രി മാത്രമായി തീരുമാനമെടുക്കാനും സാധ്യതയില്ല.
അതുകൊണ്ടുതന്നെ സര്‍ക്കാര്‍ സാവകാശം ചോദിക്കും. ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടുള്ള സമരം ഒഴിവാക്കാന്‍ ബസുടമകളുമായി മുഖ്യമന്ത്രി വൈകിട്ട് ചര്‍ച്ച നടത്തും. മിനിമം ചാര്‍ജ് പത്തുരൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ബുധനാഴ്ച മുതലും കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യാഴാഴ്ച മുതലുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടിയിട്ട് ആറുവര്‍ഷം കഴിഞ്ഞു. മിനിമം ചാര്‍ജ് ഒരു രൂപ കൂട്ടിയാലും വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടിയില്ലെങ്കില്‍ തീരുമാനം അംഗീകരിക്കില്ലെന്നാണ് ബസുടമകളുടെ തീരുമാനം.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ട് ഒരു മാസമായിട്ടും സര്‍ക്കാര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ചാര്‍ജ് കൂട്ടാമെന്ന് കൃത്യമായ ഉറപ്പ് കിട്ടിയാല്‍ സാവകാശം നല്‍കാന്‍ ബസുടമകളും തയാറാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ അടുത്തുവരുന്ന സാഹചര്യത്തില്‍ പണിമുടക്ക് പരമാവധി ഒഴിവാക്കാനായിരിക്കും സര്‍ക്കാരും ശ്രമിക്കുക. നാലുവര്‍ഷം മുമ്ബാണ് അവസാനമായി ബസ് ചാര്‍ജ് കൂട്ടിയത്.
Post Your Comments