തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ ആസ്ഥിയാക്കിയാണ് മക്കള്‍ വിദേശത്ത് കച്ചവടം നടത്തുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. വ്യാപാരം തുടങ്ങാനുള്ള മൂലധനം സിപിഎം സംസ്ഥാന സെക്രട്ടറി എന്ന സ്ഥാനമാണ്. മലയാളി വ്യവസായികള്‍ നടത്തുന്ന വിദേശ കമ്പനികളില്‍ കോടിയേരിയുടെ മക്കള്‍ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം വരെ നല്‍കുന്നു. യാതൊരു അടിസ്ഥാന യോഗ്യതയും ഇല്ലാതെ ഇത്തരം ജോലി നല്‍കുന്നതിന് കാരണം അച്ഛന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആയതിനാലാണെന്നും മുരളീധരന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ മകന്റെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യുവമേര്‍ച്ചയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ബിസിനസ്സ് നടത്തുന്നതിനുള്ള തുക എവിടെ നിന്ന് ഉണ്ടായി എന്ന് സിപിഎം ദേശീയ നേതൃത്വം വ്യക്തമാക്കണം. സാമ്പത്തിക തട്ടിപ്പില്‍ ദുരൂഹത ഉണ്ട്. ചെക്ക് കേസ് പുറത്ത് വന്ന ഉടനെ മകന്‍ വിശദീകരിക്കും എന്നാണ് കോടിയേരി പറഞ്ഞത്. എന്നാല്‍ രണ്ടു ദിവസം പിന്നിട്ടപ്പോള്‍ ഇങ്ങനെയൊരു തട്ടിപ്പ് നടന്നില്ലെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം വെടിഞ്ഞ് സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാനുള്ള നിയമനടപടി സ്വീകരിക്കണമെന്നും മുരളീധരന്‍ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ്് ജലപീരങ്കി പ്രയോഗിച്ചു. പോലീസ് ബല പ്രയോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പൂങ്കുളം സതീഷിന്,ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു.
ജില്ലാ പ്രസിഡന്റ് അനുരാജ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗങ്ങളായി മണവാരി രിതീഷ്, രാകേന്ദു, ജില്ലാ നേതാക്കളായ ഉണ്ണികണ്ണൻ,അബിലാഷ്, ബി.ജി വിഷ്ണു, വിഷ്ണുദേവ്,പ്രശാന്ത്,വീണ,പ്രവീണ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Post Your Comments