Latest NewsKeralaNews

പ്ലാസ്റ്റിക് കുപ്പിയിലെ പാനീയം പൊതുജന ആരോഗ്യത്തിന് ഹാനികരമാകുന്നത് എങ്ങനെ? മുരളി തുമ്മാരുകുടി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഉത്തരം ലഭിക്കേണ്ടത്

തിരുവനന്തപുരം•പൊതുജനാരോഗ്യം മുന്‍നിര്‍ത്തി പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളവും ശീതളപാനീയവും കൊണ്ടുപോകുന്നതിനും സൂക്ഷിക്കുന്നതിനും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. സൂര്യപ്രകാശവും താപവും ഏല്‍ക്കുമ്പോള്‍ പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നും കണ്ടയ്നറുകളില്‍ നിന്നും അപകടകാരിയായ രാസപദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുമെന്നും ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുന്നത് പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. ഈ മുന്നറിയിപ്പിന്റെ ശാസ്ത്രീയ അടിത്തറ തേടുകയാണ് മുരളി തുമ്മാരുകുടി ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ. അദ്ദേഹം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ സാധാരണക്കാരായ നമ്മള്‍ ഓരോരുത്തരും ചോദിക്കാന്‍ ആഗ്രഹിക്കുന്നതും ഉത്തരം കിട്ടേണ്ടതുമാണ്.

മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വായിക്കാം

പ്ലാസ്റ്റിക് കുപ്പിയിലെ പാനീയം, ഇലാസ്റ്റിക് ആകുന്ന ശാസ്ത്രം?

കേരള ശാസ്ത്ര കോൺഗ്രസ്സ് നടക്കുന്നതിനാൽ ഒരു ശാസ്ത്രവിഷയം പങ്കിടാം.
ഇത്തവണ നാട്ടിൽ ചെന്നപ്പോൾ പത്രത്തിൽ ഭക്ഷ്യ സുരക്ഷാകമ്മീഷണറുടെ ഒരു മുന്നറിയിപ്പ് കണ്ടു.

‘പൊതുജനാരോഗ്യം മുൻനിർത്തി പ്ലാസ്റ്റിക് കുപ്പികളിലും പ്ലാസ്റ്റിക് കണ്ടെയ്നറുകളിലും വെള്ളം, ശീതളപാനീയം എന്നിവ സൂര്യപ്രകാശം മൂലമുള്ള താപമേൽക്കുന്ന രീതിയിൽ സൂക്ഷിക്കാൻ പാടില്ല…

രണ്ടു കാരണങ്ങളാണ് ഇതിന് അടിസ്ഥാനമായി പറയുന്നത്

1. പ്ലാസ്റ്റിക് കണ്ടെയ്നനറുകളിലും കുപ്പികളിലുമായി സൂക്ഷിക്കുന്ന കുടിവെള്ളം, ശീതളപാനീയം എന്നിവയിൽ നേരിട്ട് സൂര്യപ്രകാശം മൂലമുള്ള ചൂട് ഏൽക്കുന്നത് മൂലം പ്ലാസ്റ്റിക്കിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ വെള്ളവുമായി ചേരാൻ സാധ്യതയുണ്ട്.

2. ഊഷ്മാവിന്റെ അളവ് ക്രമാതീതമായി കൂടുന്ന അവസരങ്ങളിൽ പ്ലാസ്റ്റിക്കിൽ നിന്നും അപകടകരമായ കെമിക്കലുകൾ രൂപീകൃതമാകും ഇവ രണ്ടും പൊതുജനങ്ങളുടെ ആരോഗ്യത്തിന് അത്യന്തം അപകടരമാണ്.

(സർക്കുലറിന്റെ പൂർണ്ണരൂപം താഴെ).

മുകളിലെ സർക്കുലറിൽ പറഞ്ഞ കാര്യങ്ങൾ പലകുറി വാട്ട്സ് ആപ്പ് മെസ്സേജ് വഴി നിങ്ങളെല്ലാം കണ്ടിട്ടുണ്ടാകണം. അതുകൊണ്ടു തന്നെ ഇത്തരം ഒരു നടപടിയെ എല്ലാവരും ഒറ്റയടിക്ക് പിന്തുണക്കുകയും ചെയ്യും.

എന്നാലും ഒരു ശാസ്ത്രജ്ഞൻ എന്ന നിലക്ക് എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി അറിയണമെന്നുണ്ട്.

1. ഏതൊക്കെ അപകടകരമായ കെമിക്കലുകളാണ് പ്ലാസ്റ്റിക്കിൽ നിന്നും പുറത്തു വരുന്നത് ?, എത്ര ചൂടിൽ ?, എത്ര സമയം ചൂടാക്കിയാൽ?

2. ഏതൊക്കെ അപകടകരമായ കെമിക്കലുകളാണ് ഒരു പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം ക്രമാതീതമായി ചൂടാകുമ്പോൾ ഉണ്ടാകുന്നത് ?, എന്താണ് ക്രമാതീതം ? എത്ര നേരം ചൂടാക്കണം?

3. എല്ലാത്തരം പ്ലാസ്റ്റിക്ക് ബോട്ടിലുകളും ഒരുപോലെ ആണോ?

4. സൂര്യപ്രകാശം കൊണ്ടല്ലാതെയുള്ള ചൂടിൽ (ഉദാഹരണത്തിന് റെസ്റ്റോറന്റിൽ പാചകം ചെയ്യുന്ന അടുപ്പിന്റെ അടുത്ത് വച്ചാൽ) ഈ കെമിക്കലുകൾ ഉണ്ടാകുമോ?

5. ഉണ്ടാകും എന്ന് പറയുന്ന ഈ രാസവസ്തു ഏത് അളവിലാണ് പൊതുജന ആരോഗ്യത്തിന് ഹാനികരമാകുന്നത് ?

പരിസ്ഥിതി സ്നേഹികളുടെ ജന്മശത്രുവാണ് ഈ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ. ലോകത്തെവിടെയും റോഡിലും തോടിലും പുഴയിലും കടലിലും പ്ലാസ്റ്റിക്ക് കുപ്പികൾ കണ്ടു പൊറുതി മുട്ടി ഇരിക്കുന്ന ഒരാളാണ് ഞാൻ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്ന നടപടികളിൽ എനിക്ക് സന്തോഷമേയുള്ളൂ. ഈ വിഷയത്തിൽ ഇത്രമാത്രം ശാസ്ത്രം ഒക്കെ അന്വേഷിക്കണോ എന്ന് നിങ്ങൾക്ക് തോന്നാം ?. തെളിവില്ലെങ്കിലും, തെളിവുണ്ടാകുന്നത് വരെ precautionary principle അനുസരിച്ച് ഇങ്ങനെ ചെയ്യുന്നതല്ലേ ശരി എന്നും തോന്നാം.

ഈ ചിന്ത ശരിയല്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിയമങ്ങളും നയങ്ങളും ഉണ്ടാകേണ്ടത് തെളിയിക്കപ്പെട്ട ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്. നമുക്ക് ഇഷ്ടമില്ലാത്ത കാര്യത്തിന് നമ്മൾ ശാസ്ത്രത്തിന്റെ കാര്യത്തിൽ അല്പം വിട്ടുവീഴ്ച ചെയ്യുന്നത് ഒരു വഴുവഴുപ്പുള്ള താഴ്‌വാരമാണ് (slippery slope) ഉണ്ടാക്കാൻ പോകുന്നത്.

അതീന്ദ്രിയ ധ്യാനത്താൽ ഭൂമികുലുക്കം പ്രവചിച്ചാൽ, പ്രവചനം ശാസ്ത്രീയമല്ലെങ്കിലും കുറച്ചു മുൻകരുതൽ എടുത്തേക്കാം, ഭൂമി കുലുങ്ങിയില്ലെങ്കിലും നഷ്ടമൊന്നും വരാനില്ലല്ലോ എന്ന് നാളെ ദുരന്ത നിവാരണ വകുപ്പ് ചിന്തിച്ചേക്കാം.

You may also like:കുപ്പിവെള്ളം മനുഷ്യ ശരീരത്തിന് ഹാനികരമോ? ദുബായ് മുനിസിപ്പാലിറ്റി പറയുന്നത് ഇങ്ങനെ

കുട്ടികൾക്ക് ബ്രഹ്മി കൊടുത്താൽ ബുദ്ധി കൂടും എന്ന പരസ്യം കേട്ട് ഇനി അഥവാ ബുദ്ധി കൂടിയില്ലെങ്കിലും കുഴപ്പമൊന്നുമില്ലല്ലോ, വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന്റെ കൂടെ കുറച്ചു ബ്രഹ്മി കൊടുത്തേക്കാം എന്ന് ആയുഷ് വകുപ്പ് സർക്കുലറുമായി വന്നാൽ?

ഈ പ്ലാസ്റ്റിക്കിൽ കുഴപ്പം ഇല്ലെന്നോ, കുഴപ്പം ഉണ്ടാവില്ലെന്നോ ഞാൻ പറയുന്നില്ല. പക്ഷെ ഈ പറഞ്ഞ സർക്കുലറിന്റെ ശാസ്ത്രീയ അടിസ്ഥാനം എന്താണെന്നറിയാൻ എനിക്ക് വലിയ താല്പര്യമുണ്ട്. ഈ വകുപ്പുമായി ബന്ധമുള്ളവർ മുകളിൽ പറഞ്ഞ ചോദ്യങ്ങൾ ചോദിച്ച് ഉത്തരം കിട്ടിയാൽ പറയണം. ലോകത്ത് മറ്റുള്ളിടത്തും നടപ്പിലാക്കാൻ പറയാമല്ലോ.

(ഗൂഗിൾ സെർച്ചും സ്റ്റാൻഡേർഡ് സെറ്റിങ്ങും പരിചയമുള്ള ആളാണ് ഞാൻ. ഈ പോസ്റ്റ് എഴുതുന്നതിന് മുൻപ് അത്യാവശ്യം ഗവേഷണം നടത്തിയിട്ടുമുണ്ട്. അതുകൊണ്ട് ദയവായി ഗൂഗിൾ ലിങ്കുമായി ഈവഴി വരരുത്. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ആധികാരികമായ, ശാസ്ത്രത്തിൽ അടിസ്ഥാനമായ ഉത്തരങ്ങൾ ഉണ്ടെങ്കിൽ അറിയാൻ സന്തോഷമേയുള്ളൂ.)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button