ലക്നൗ: സ്വന്തം മക്കളുടെ ജീവന്‍ നിലനിര്‍ത്തുന്നതിനായി ഭക്ഷണം അവര്‍ക്ക് പകുത്ത് നല്‍കിയ അമ്മ പട്ടിണി കിടന്നു മരിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് പട്ടണത്തില്‍ 45 വയസുള്ള അമീര്‍ ജഹാനാണ് മരിച്ചത്. അയല്‍ക്കാര്‍ വ്യാഴാഴ്ച രാത്രി നല്‍കിയ ആറ് ചപ്പാത്തികള്‍ മൂന്ന് പെണ്‍മക്കള്‍ക്കായി പകുത്ത് നല്‍കിയ ശേഷം ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ കിടന്ന അമീര്‍ ജഹാനെയാണ് പിറ്റേദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൊറാദാബാദ് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമീര്‍ ജഹാന്‍ പട്ടിണി മൂലം മരിച്ചതാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. കഴിഞ്ഞ 15 ദിവസമായി തങ്ങള്‍ക്ക് ഒരു ഭക്ഷണവും ലഭിച്ചില്ലെന്നും അയല്‍ക്കാര്‍ ബാക്കിയായ ഭക്ഷണം നല്‍കിയതുകൊണ്ടുമാത്രമാണ് ജീവന്‍ നിലനിറുത്താന്‍ സാധിച്ചതെന്നും അമീര്‍ ജഹാന്റെ മൂത്ത മകള്‍ രഹാന പറഞ്ഞു. കിട്ടുന്ന ഭക്ഷണം കഴിക്കാതെ അമ്മ അത് തങ്ങള്‍ക്ക് പങ്കുവച്ച് തരികയായിരുന്നുവെന്നും രഹാന പറയുന്നു.
താന്‍ എങ്ങനെയും അതിജീവിക്കും എന്നായിരുന്നു മാതാവ് വിശ്വസിച്ചിരുന്നതെന്നും മകള്‍ വ്യക്തമാക്കി. എന്തായാലും അടിയന്തിര സഹായമായി കുടുംബത്തിന് 25,000 രൂപ കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. അമീറിന്റെ ഭര്‍ത്താവ് റിക്ഷാക്കാരനായ മുഹമ്മദ് യൂനസ് ക്ഷയം രോഗം പിടിപെട്ട് ചികിത്സയിലായിരുന്നു. അഞ്ച് മാസം മുന്‍പ് പറ്റുന്ന തൊഴില്‍ തേടി ഇയാള്‍ പൂനയിലേക്ക് പോയിരുന്നു. അതേസമയം തണുപ്പും വിശപ്പും കൊണ്ടാണ് അമീര്‍ മരിച്ചതെന്ന്് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.
Post Your Comments