Latest NewsNewsGulf

ശമ്പളമില്ലാതെ മാസങ്ങളോളം ദുരിതത്തിലായ ഗുജറാത്തി വനിത നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

അൽഹസ്സ•ആറു മാസത്തോളം ശമ്പളം കിട്ടാതെ ദുരിതത്തിലായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി, നാട്ടിലേയ്ക്ക് മടങ്ങി.

ഗുജറാത്ത് വഡോദര സ്വദേശിനി ഹലീമയാണ് മൂന്നു മാസത്തെ അനിശ്ചിതങ്ങൾക്കൊടുവിൽ വനിതാ അഭയകേന്ദ്രത്തിൽ നിന്നും നാട്ടിലേയ്ക്ക് മടങ്ങിയത്. ഒരു വർഷം മുൻപാണ് ഹലീമ ഒരു സൗദിയുടെ വീട്ടിലെ ജോലിക്കാരിയായി അൽഹസ്സയിൽ എത്തിയത്. നാട്ടിൽ മൂന്നു പെണ്മക്കൾ ഉൾപ്പെടുന്ന ദരിദ്രമായ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താനായി, അൻപതിനായിരം രൂപ ഒരു വിസ ഏജന്റിന് നൽകിയാണ്, അവർ ഈ പ്രവാസജോലിയ്ക്കായി എത്തിയത്. എന്നാൽ വറചട്ടിയിൽ നിന്നും എരിതീയിലേയ്ക്ക് എന്ന അവസ്ഥയായിരുന്നു അവർക്ക് നേരിടേണ്ടി വന്നത്. ജോലിസ്ഥലത്ത് മോശം ജീവിതസാഹചര്യങ്ങളും, കഠിനമായ ജോലിയും, ശകാരവും ഒക്കെ നേരിട്ടെങ്കിലും, നാട്ടിലെ കുടുംബത്തെയോർത്ത് അവർ പിടിച്ചു നിന്നു. എന്നാൽ ആദ്യമൂന്നു മാസം കഴിഞ്ഞപ്പോൾ, ശമ്പളം കിട്ടാതെയായി. ചോദിച്ചാൽ അടുത്തമാസം തരാമെന്നുപറയും. ആറുമാസത്തോളം ശമ്പളം കുടിശ്ശികയായി. പ്രതിഷേധിച്ചപ്പോൾ ശകാരവും, ഭീക്ഷണിയും കേൾക്കേണ്ടി വന്നു. ഒടുവിൽ ആരുമറിയാതെ ആ വീട്ടിന് പുറത്തു കടന്ന ഹലീമ, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ അൽഹസ്സ വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു.

സ്പോൺസർ ഹലീമയ്ക്കെതിരെ ലേബർ കോടതിയിൽ കേസ് കൊടുത്തു. ഹലീമ നവയുഗം അൽഹസ്സ മേഖല രക്ഷാധികാരി ഹുസ്സൈൻ കുന്നിക്കോടിനെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. ഹുസ്സൈനും, സാമൂഹ്യപ്രവർത്തകൻ മണി മാർത്താണ്ഡവും ഹലീമയ്ക്കായി ലേബർ കോടതിയിൽ ഹാജരായി വാദിച്ചു. സ്പോൺസർ നൽകിയ കേസ് തള്ളിയ കോടതി, സ്പോണ്സർക്കെതിരെ ഹലീമ നൽകിയ കേസ് ഫയലിൽ സ്വീകരിച്ചു സ്പോണ്സര്ക്ക് നോട്ടീസ് അയച്ചു. ആദ്യപ്രാവശ്യം മാത്രം കോടതിൽ വന്ന സ്പോൺസർ പിന്നീട് വന്നതേയില്ല. കോടതി കേസ് ഹലീമയ്ക്ക് അനുകൂലമായി വിധിച്ചു. ഹലീമയുടെ പാസ്സ്‌പോർട്ട് കിട്ടാനായി നവയുഗം പ്രവർത്തകരും പോലീസും അന്വേഷിച്ചെങ്കിലും സ്‌പോൺസറെ കണ്ടു കിട്ടിയില്ല. അത് മൂലം ഹലീമയുടെ അഭയകേന്ദ്രത്തിലെ താമസം മൂന്നു മാസത്തോളം നീണ്ടു.

തനിയ്ക്ക് എങ്ങനെയും നാട്ടിൽ പോയാൽ മതി എന്ന ഹലീമയുടെ അഭ്യർത്ഥനയെത്തുടർന്ന് ഹുസ്സൈനും മണിയും ഇന്ത്യൻ എംബസ്സി വഴി അവർക്ക് ഔട്ട്പാസ്സ് എടുത്തു നൽകുകയും, വനിതാഅഭയകേന്ദ്രം വഴി ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങി നൽകുകയും ചെയ്തു.

എല്ലാവർക്കും നന്ദി പറഞ്ഞ് ഹലീമ നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button