ന്യൂഡല്‍ഹി: വിദേശ മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ ഇരട്ടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പുതിയ ബജറ്റില്‍ ഇതുസംബന്ധിച്ച നിര്‍ദേശമുണ്ടാകും. ഇറക്കുമതി കുറച്ച് ഇത്തരം ഉപകരണങ്ങള്‍ രാജ്യത്തുതന്നെ നിര്‍മിക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. കേന്ദ്ര പദ്ധതിയായ ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായാണ് ഇന്ത്യയില്‍ ഉല്‍പാദനമുള്ള ചികിത്സ ഉപകരണങ്ങള്‍ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിനുള്ള തീരുവ വര്‍ധിപ്പിക്കുന്നത്. രോഗനിര്‍ണയത്തിനും ശസ്ത്രക്രിയകള്‍ക്കും മറ്റും ഉപയോഗിക്കുന്ന വിദേശ സാങ്കേതിക ഉപകരണങ്ങള്‍ക്ക് ഇതോടെ വില വര്‍ധിക്കും.
നിലവില്‍ ഏഴര ശതമാനം വരെയാണ് ഇവക്ക് നികുതി ഈടാക്കുന്നത്. ഇത് അഞ്ചു മുതല്‍ 15 ശതമാനംവരെ വര്‍ധിപ്പിക്കാനാണ് നീക്കം. ബജറ്റിന് മുന്നോടിയായി തയാറാക്കിയ നിര്‍ദേശങ്ങളിലാണ് ഈ ആവശ്യമുള്ളത്.
അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മെഡിക്കല്‍ ഡിവൈസ് ഇന്‍ഡസ്ട്രി എന്ന സംഘടനയടക്കം രാജ്യത്ത് ആരോഗ്യ മേഖലയിലെ ഉപകരണങ്ങളുടെ ഉല്‍പാദകര്‍ ഈ ആവശ്യം നേരത്തേ ഉന്നയിച്ചുവരുകയാണ്.
മരുന്ന് ഉല്‍പാദനരംഗത്ത് ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ച സാഹചര്യത്തില്‍ സമീപഭാവിയില്‍ ചികിത്സ ഉപകരണ ഉല്‍പാദന രംഗത്തും ഇതേ നേട്ടം ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
Post Your Comments