KeralaLatest NewsNews

ബിനോയ് കൊടിയേരിയുടെ തട്ടിപ്പ്: സി.പി.എം. കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും പുലര്‍ത്തുന്ന മൗനം ദുരൂഹം- വി.മുരളീധരന്‍

തിരുവനന്തപുരം•സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് സി.പി.എം. കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ പറഞ്ഞു. കോടിയേരിയുടെ മക്കളുടെ ബിനാമി സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ട് തട്ടിപ്പ് വിവാദം ഉണ്ടായി ഇത്രയും ദിവസമായിട്ടും ഔദ്യോഗികമായി പ്രതികരിക്കാന്‍ സി.പി.എം. തയാറായിട്ടില്ല. അന്താരാഷ്ട്ര വിഷയങ്ങളില്‍പോലും അഭിപ്രായം പറയുന്നവര്‍, പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ അധികാരത്തിന്റെ തണലില്‍ നടത്തിയ തട്ടിപ്പുകളെ കുറിച്ച് പ്രതികരിക്കാതിരിക്കുന്നത് മനപ്പൂര്‍വമാണ്. മൗനംപാലിച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ തട്ടിപ്പില്‍നിന്നും ശ്രദ്ധതിരിക്കാനും ഇതുമായ ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിക്കാനുമാണ് സി.പി.എമ്മിന്റെ ശ്രമം. തട്ടിപ്പ് സംബന്ധിച്ച് സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടറിയാന്‍ ജനത്തിന് ആഗ്രഹമുണ്ട്.

സംസ്ഥാന സെക്രട്ടറിയുടെ കുടുംബത്തെക്കുറിച്ച് ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയാറല്ലെങ്കില്‍ വസ്തുതാവിരുദ്ധമായ വാര്‍ത്ത പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരേ സി.പി.എം. സംസ്ഥാന സെക്രട്ടറിയോ മകന്‍ ബിനോയ് കോടിയേരിയോ എന്തുകൊണ്ടാണ് മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത്. ബിനോയ് കോടിയേരിക്ക് ദുബൈ പോലീസിന്റെയും ദുബൈ കോടതിയുടേയും ക്ലീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചതിലും ദുരൂഹതയുണ്ട്. പരാതി കിട്ടിയിട്ടുണ്ടെന്നും ഇല്ലെന്നും പറഞ്ഞ് സി.പി.എം. കേന്ദ്ര നേതൃത്വവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബിനോയ് കോടിയേരി പറയുന്നതും വ്യവസായി പറയുന്നതും വിശ്വസിക്കുന്നില്ലെന്ന സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ അഭിപ്രായം ശ്രദ്ധേയമാണ്. ബിനോയ് കോടിയേരിയുടെ തട്ടിപ്പ് സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭിച്ച നേതാക്കള്‍പോലും സി.പി.എമ്മിലുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ബിനോയ് കോടിയേരിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ പൂര്‍ണമായും ദുരൂഹത മൂടിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ സി.പി.എം. തട്ടിപ്പുകാര്‍ക്കൊപ്പമാണോ എന്ന് ഔദ്യോഗികമായി വ്യക്തമാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button