Latest NewsKeralaNews

ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പ് കേസ്: സിതാറാം യച്ചൂരിക്ക് വി.മുരളീധരന്റെ തുറന്ന കത്ത്

കേരളത്തിലെ സി.പി.എം. കേന്ദ്രീകൃത ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചു കൊല്ലുമ്പോള്‍ നിങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടോ?

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കൊടിയേരിക്കെതിരേ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആക്ഷേപത്തില്‍ കേരളത്തിലെ നേതാക്കള്‍ സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടി ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരിക്ക് തുറന്ന കത്തയച്ചു.

2015ലെ കല്‍ക്കത്ത പ്ലീനം അംഗീകരിച്ച റിപ്പോര്‍ട്ടിലും അവതരിപ്പിച്ച പ്രമേയത്തിലും അംഗത്വത്തിലെ ഗുണനിലവാരം, കേന്ദ്രീകൃത ജനാധിപത്യം, വര്‍ഗ, സാമൂഹ്യ സങ്കലനം എന്നീ കാര്യങ്ങളെക്കുറിച്ച് ഉറപ്പിച്ചു പറയുന്നുണ്ട്. ഇത്തരത്തില്‍ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ ഒരു കണികയെങ്കിലും താങ്കളുടെ പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കള്‍ക്കിടയില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ മകന്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സി.പി.എം. കേരള ഘടകത്തിന്റെ സെക്രട്ടറി കോടിയേരി ബാലൃഷ്ണനെതിരേ എന്തെങ്കിലും നടപടിയെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോയെന്ന് മുരളീധരന്‍ കത്തില്‍ ചോദിച്ചു.

ബിനോയ് കോടിയേരിക്കെതിരേ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ആദ്യം പറഞ്ഞത്, അത് ബിനോയിയോട് ചോദിക്കണം എന്നാണ്. പക്ഷേ ഇപ്പോള്‍ പറയുന്നത് മകനെതിരേ ഒരു പരാതിയുമില്ലെന്നും നിയമ നടപടി നേരിടാന്‍ തയാറാണ് എന്നുമാണ്.

തട്ടിപ്പിനിരയായ ഹസന്‍ ഇസ്മായീല്‍ അബ്ദുള്ള അല്‍മസ്‌റൂഖി എന്നയാള്‍ താങ്കള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്നാണ് താങ്കള്‍ പറഞ്ഞത്. എന്നാല്‍ പരാതി ലഭിച്ചിരുന്നെന്നും അത് കോടിയേരി ബാലകൃഷ്ണന് കൈമാറിയെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തത്. 24 മണിക്കൂറിനുശേഷം ദുബൈ പോലീസിന്റെയും ദുബൈ കോടതിയുടേയും സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് കാണിച്ചാണ് ബിനോയിക്കെതിരേ കേസില്ലെന്നു പറഞ്ഞത്. ഇന്ത്യയിലെവിടേയും ബിനോയിക്കെതിരേ കേസില്ലെന്നും ദുബൈയിലോ മറ്റെവിടെയെങ്കിലുമോ യാത്രാ വിലക്കോ കേസോ ഇല്ലെന്ന് ബിനോയിയും വ്യക്തമാക്കിയതായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയുമിറക്കി. ഏതെങ്കിലും വിദേശരാജ്യത്ത് എന്തെങ്കിലും സാമ്പത്തിക ഇടപാടുകളുണ്ടെങ്കില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനാകില്ലെന്നും പറഞ്ഞ് സെക്രട്ടറിയേറ്റ് ഇതില്‍നിന്നും തലയൂരുകയായിരുന്നു. സംഭവങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് ഒരു പരാതിക്കാരനായ രാഹുല്‍ കൃഷ്ണയുടെ അമ്മാവനുമായി ഇടനിലക്കാരനായി ചര്‍ച്ച നടത്തിയത് ഗണേഷ്‌കുമാര്‍ എം.എല്‍.എ ആണെന്നുമുള്ള വാര്‍ത്തകളും വന്നിട്ടുണ്ട്.

കേരളത്തിലെ സി.പി.എം. നേതാക്കള്‍ സാധാരണക്കാരായി ജീവിതം ആരംഭിക്കുകയും ജനജാഗ്രതാ യാത്ര എന്ന പേരില്‍ യാത്ര നടത്തിയപ്പോള്‍ സ്വര്‍ണക്കടത്ത് മാഫിയില്‍പെട്ട ആളുടെ മിനകൂപ്പറില്‍ സഞ്ചരിച്ചതുമെല്ലാം ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. ആഭ്യന്തര മന്ത്രിയായിരിക്കേ ഇളയ മകന്‍ ബിനീഷിനെതിരേയുള്ള ആറ് ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ച് പാസ്‌പോര്‍ട്ട് നല്‍കിയ സംഭവവും ഏവര്‍ക്കും അറിവുള്ളതാണ്. ആഭ്യന്തര മന്ത്രി സ്ഥാനവും പാര്‍ട്ടി സെക്രട്ടറി സ്ഥാനവും മാത്രമാണ് കോടിയേരിയുടെ മക്കളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ മുടക്കുമുതലായി ഉണ്ടായിരുന്നത്. ഇപ്പോള്‍ ഏഴ് രാജ്യങ്ങളിലായി കോടിയേരിയുടെ മകന്റെ ബിസിനസ് വളര്‍ന്നത് എങ്ങനെയാണെന്ന ചോദ്യം അവശേഷിക്കുകയാണ്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തതയുണ്ടാകണമെന്ന് പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. സി.പി.എമ്മിന്റെ കൊല്‍ക്കത്ത പ്ലീനം അംഗീകരിച്ച കാര്യങ്ങള്‍ കേരളത്തിലെ നേതാക്കള്‍ക്ക് ബാധകമല്ലേയെന്നതിന് താങ്കള്‍ വ്യക്തത വരുത്തുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കത്തില്‍ പറഞ്ഞു.

(കത്തിന്റെ പൂര്‍ണരൂപം ഒപ്പം ചേര്‍ക്കുന്നു)

shortlink

Related Articles

Post Your Comments

Related Articles


Back to top button