ബംഗളൂരു•ബൈക്ക് യാത്രികരെ ഇടിച്ചിട്ട നിര്‍ത്താതെ പോയ വിവാദ നടി രഞ്ജിതയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടി അടിച്ചുതകര്‍ത്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നെലമംഗളയ്ക്ക് സമീപം അഞ്ചെപല്യയിലാണ് സംഭവം.
നിത്യാനന്ദ ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ഡ് എന്‍ഡവര്‍ കാര്‍ അമിതവേഗയില്‍ ടു-വീലര്‍ യാത്രികരെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് ഒരു ബൈക്ക് യാത്രികന് കാറിനെ പിന്തുടര്ന്ന് ഒരു സിഗ്നലില്‍ വച്ച് കാര്‍ പിടികൂടി. തടിച്ചുകൂടിയ പ്രദേശവാസികള്‍ കാറിന് നേരെ കല്ലേറ് നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
കാറില്‍ നടി രഞ്ജിതയും നിത്യാനന്ദ ആശ്രമത്തിലെ അഞ്ച് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. സ്ഥിതി വഷളായപ്പോള്‍ മറ്റ് സന്യാസിമാരെത്തി താരത്തെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ നാരായണ്‍ ഡൗഡ, ലക്ഷികാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത നെലമംഗള ട്രാഫിക് പോലീസ് കാറും പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. അലക്ഷ്യമായി വാഹനം ഓടിച്ചതിന് ഡ്രൈവര്‍ നവീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ രഞ്ജിത കുറ്റക്കാരിയല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇവരെ മറ്റൊരു കാറില്‍ പോകാന്‍ പോലീസ് അനുവദിച്ചു.
സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രഞ്ജിത ഇപ്പോള്‍ നിത്യാനന്ദ സ്വാമിയുടെ ബംഗളൂരു ആശ്രമത്തിലെ അന്തേവാസിയാണ്.
Post Your Comments