വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനത്തിയായ് മത്സരിക്കില്ലയെന്ന് ഓപ്ര വിൻഫ്രി. 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഓപ്ര വിൻഫ്രി മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ലോക പ്രശസ്ത അവതാരകകൂടിയായ ഓപ്രയുടെ രാഷ്ട്രീയ പ്രവേശനത്തെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കിയിരുന്നത്. എന്നാൽ ആരാധകരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയിരിക്കുകയാണ് ഓപ്രയുടെ നിലപാട്. വിൻഫ്രി സ്ഥാനാർഥിയാകാൻ ആലോചിക്കുന്നതായി സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
“എനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും കഴിയാത്തത് എന്താണെന്നും ബോധ്യമുള്ളതിനാൽ എല്ലായ്പോഴും സുരക്ഷിത്വവും ആത്മവിശ്വാസവുമുണ്ട്. അതുകൊണ്ട് എന്നെ താല്പര്യപ്പെടുന്ന ഒന്നല്ല അത്. തനിക്ക് അതിനുള്ള ഡിഎൻഎ ഇല്ല’-ഇൻസ്റ്റെൽ മാഗസിനുമായുള്ള ഒരു അഭിമുഖത്തിൽ വിൻഫ്രി പറഞ്ഞു.
ഗോൾഡൻ ഗ്ലോബിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സ്വീകരിച്ച് ഓപ്ര വിൻഫ്രി നടത്തിയ ഗംഭീര പ്രസംഗമാണ് ‘താങ്കൾക്കു യുഎസ് പ്രസിഡന്റായിക്കൂടേ?’ എന്ന പ്രചാരണത്തിന് തുടക്കമിട്ടത്. ആരാധകർ #Oprahforpresident, #Oprah2020 എന്നീ ഹാഷ്ടാഗുകളിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണവും നടത്തിയിരുന്നു .
ഇതിന് വൈറ്റ് ഹൗസ് വക്താവ് പ്രതികരണവും അറിയിച്ചിരുന്നു. ടിവി താരം വിൻഫ്രിയുടെ എതിരാളിയാകാൻ മുൻ റിയാലിറ്റി താരം കൂടിയായ ട്രംപിനു സന്തോഷമേയുള്ളൂ എന്നായിരുന്നു പ്രതികരണം. എന്നാൽ ഓപ്ര മത്സരിക്കുകയാണെങ്കിൽ ഉറപ്പായും ഞാൻ അവരെ തോൽപ്പിക്കുമെന്ന ട്രംപിന്റെ പ്രതികരണം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.
Post Your Comments