Latest NewsKeralaNews

ജിത്തുവിന്റെ കൊല സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍ : ദുരൂഹത പുകമറ നീക്കി പുറത്തുവന്നു : ഒരിക്കലും ഒരു അമ്മയും ചെയ്യാന്‍ പാടില്ലാത്തത്..

കൊട്ടിയം : മകന്റെ കൊല നടത്തിയതും മൃതശരീരം കത്തിച്ചതും പുരയിടത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചതും ഒറ്റയ്ക്കാണെന്ന വാദത്തില്‍ ഉറച്ച് ജയമോള്‍. പതിന്നാലുകാരനായ മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി വീടിനു പുറകിലിട്ട് ചുട്ടുകരിച്ചശേഷം മൃതദേഹം വലിച്ചിഴച്ച് ആളൊഴിഞ്ഞ പുരയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ തള്ളാനുള്ള നീക്കം ഒറ്റയ്ക്കായതിനാല്‍ വിജയിച്ചില്ലെന്ന് അമ്മ ജയമോള്‍ പൊലീസിനോട് പറഞ്ഞു. കമ്മിഷണര്‍ എ.ശ്രീനിവാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൂസലില്ലാതെയാണ് ജയമോള്‍ മൊഴി നല്‍കുന്നത്. നെടുമ്പന കുരീപ്പള്ളി കാട്ടൂരില്‍ ജിത്തു ജോബ് എന്ന പതിന്നാലുകാരനെ കഴിഞ്ഞ 15-നാണ് കാണാതായത്. രണ്ടുദിവസങ്ങള്‍ക്കുശേഷമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മുത്തച്ഛന്റെ വീട്ടില്‍ പോയിവന്ന മകന്‍ ജിത്തുവുമായി അടുക്കളയില്‍െവച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ജയമോളുടെ മൊഴി. ഷാള്‍ കഴുത്തില്‍ മുറുക്കി മകനെ കൊലപ്പെടുത്തിയശേഷം വീടിനു പിറകിലെ മതിലിനോടുചേര്‍ത്ത് തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. മൃതശരീരം പൂര്‍ണമായും കത്താത്തതിനാല്‍ വെള്ളമൊഴിച്ച് തീ കെടുത്തി. പകുതി കത്തിക്കരിഞ്ഞ ശരീരം അടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിലെ ഇടിഞ്ഞുപൊളിഞ്ഞ ശുചിമുറിയില്‍ തള്ളുകയായിരുന്നുവെന്നും മൊഴി നല്‍കി.

സമീപത്തെ സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു ലക്ഷ്യം. വീട്ടില്‍നിന്ന് വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് ടാങ്ക് തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൃതശരീരം അവിടെ ഉപേക്ഷിച്ചശേഷം വീട്ടിലേക്ക് മടങ്ങി. രാത്രി എട്ടരയോടെ മടങ്ങിയെത്തിയ ഭര്‍ത്താവിനോട് കടയിലേക്കു പോയ മകന്‍ മടങ്ങിയെത്തിയില്ലെന്ന് പറഞ്ഞു. പിന്നെ തിരച്ചില്‍ ആരംഭിച്ചു. പുലര്‍ച്ചെ ആറുമണിയോടെ ഇവര്‍ മകന്റെ മൃതദേഹം കിടക്കുന്നിടത്തു വന്ന് പരിശോധിച്ചു. മകനെ കത്തിച്ച സ്ഥലത്ത് പാതിവെന്ത ശരീരത്തില്‍നിന്ന് അടര്‍ന്നുവീണ ശരീരഭാഗങ്ങള്‍ രാവിലെ തീയിട്ടു കത്തിച്ചു.

മൃതദേഹം കത്തിച്ചത് പരപ്രേരണയോ സഹായമോ ഇല്ലാതെയാണെന്ന മാതാവ് ജയമോളുടെ മൊഴി ശരിയാവാമെന്ന നിലയിലാണ് അന്വേണ ഉദ്യോഗസ്ഥര്‍ എത്തുന്നത് . ജയമോള്‍ക്ക് അന്യപുരുഷന്മാരുമായി ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അയല്‍വാസികളോടും ബന്ധുക്കളോടും ബന്ധമില്ലാതെ വീടിനുള്ളില്‍ ഒറ്റപ്പെട്ട ജീവിതമായിരുന്നു ജയമോളുടേത്. സിനിമയോ സീരിയലോ കാണുന്ന പതിവില്ല. സ്വന്തമായി മൊബൈല്‍ ഫോണില്ല.

രാത്രിയില്‍ ഉറക്കം കുറവായതിനാല്‍ രാവിലെ വൈകിയാണ് ഉണരുന്നത്. ഭര്‍തൃ വീട്ടുകാരുമായി അടുപ്പം ഇല്ലാത്ത ജയമോളെക്കുറിച്ച് അവര്‍ പറയുന്ന മോശം അഭിപ്രായങ്ങള്‍ മകന്‍ ജിത്തു വന്ന് പറയുമ്പോള്‍ ജിത്തുവിനെ ശകാരിക്കുകയും അടിക്കുകയും ചെയ്യുമായിരുന്നു. ഭര്‍ത്താവ് ജോബ് വീണ്ടും ഗള്‍ഫിലേക്ക് പോകാന്‍ വിസ തരപ്പെടുത്തിയത് ജയമോള്‍ക്ക് ഇഷ്ടമായില്ല. ഇതൊഴിവാക്കാന്‍ ഭര്‍തൃപിതാവിന്റെ വക നാല് കടമുറികളിലൊന്ന് ജോബിന് നല്‍കാന്‍ ജയമോള്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു.

അടിക്കടി ഭര്‍തൃപിതാവിനെയും മാതാവിനെയും കാണാന്‍ പോകുന്ന ജിത്തുവിനോട് കടമുറി നല്‍കില്ലെന്ന് പറഞ്ഞയച്ചത് ജയമോളെ കൂടുതല്‍ പ്രകോപിതയാക്കി. സംഭവ ദിവസം അടുക്കള സ്ലാബിന് മുകളിലിരുന്ന ജിത്തു അടികൊണ്ട് നിലത്തുവീണു. തലയില്‍ മുറിവേറ്റു. തുടര്‍ന്ന് പിന്നില്‍ നിന്ന് ഷാള്‍ കൊണ്ട് കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് വലിച്ചിഴച്ച് തൊട്ടടുത്ത പുരയിടത്തില്‍ കൊണ്ടിട്ടു. അവിടെ പഴയ വീടിനോട് ചേര്‍ന്ന സെപ്ടിക് ടാങ്കില്‍ മൃതദേഹം തള്ളാന്‍ ശ്രമിച്ചു. എന്നാല്‍ സ്‌ളാബ് ഇളക്കാനായില്ല. തുടര്‍ന്നാണ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചത്. രണ്ടാമതൊരാളിന്റെ സഹായം ലഭിച്ചിരുന്നെങ്കില്‍ മൃതദേഹം സെപ്ടിക് ടാങ്കില്‍ ഒളിപ്പിക്കുമായിരുന്നില്ലേ എന്നാണ് ജയമോള്‍ പൊലീസിനോട് ചോദിച്ചത്.

റിമാന്‍ഡിലായിരുന്ന ജയമോളെ ബുധനാഴ്ച പരവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വ്യാഴാഴ്ച വൈകീട്ടുവരെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുവരെ ചോദ്യംചെയ്യല്‍ തുടര്‍ന്നു. അപ്പോഴൊന്നും മറ്റൊരു സൂചനയും ജയമോള്‍ നല്‍കിയില്ല. ഇതോടെ ജിത്തു ജോബിന്റെ കൊലയില്‍ കൂട്ടുപ്രതികളില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയാണ്. എന്നാല്‍ ഇത് ശരിയല്ലെന്ന് നാട്ടുകാരും പറയുന്നു. അതിനിടെ ജയമോള്‍ക്ക് മാനസികരോഗമുണ്ടെന്ന് ഭര്‍ത്താവും മകളും ഇപ്പോഴും പൊലീസിനോട് ആവര്‍ത്തിക്കുന്നുണ്ട്. ഇതോടെ പ്രതിയെ വീണ്ടും ഇവരെ മാനസികരോഗ പരിശോധനയ്ക്ക് വിധേയമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സംഘമാണ് പരിശോധന നടത്തിയത്. പരിശോധനാഫലം രണ്ടുദിവസം കഴിഞ്ഞ് ലഭ്യമാകുമെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുമെന്ന് ചാത്തന്നൂര്‍ എ.സി.പി. ജവഹര്‍ ജനാര്‍ദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button