KeralaLatest NewsNews

കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങുന്നവര്‍ക്ക് ഇളവ് അനുവദിച്ചേക്കും

കൊച്ചി : വ്യാപാരശാലകളിലെ ഇടപാടുകൾക്കു ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകളോ ഇ – വോലറ്റുകളോ പ്രയോജനപ്പെടുത്തുന്ന ഉപഭോക്‌താക്കൾക്കു ചരക്ക്, സേവന നികുതി (ജിഎസ്‌ടി) നിരക്കിൽ 2% വരെ ഇളവ് അനുവദിച്ചേക്കും. ഉപഭോക്‌താക്കൾ ഡെബിറ്റ് കാർഡ്, ഭീം ആപ്, ആധാർ പേ എന്നിവ ഉപയോഗിച്ചു 2000 രൂപ വരെയുള്ള ഇടപാടുകൾ നടത്തുമ്പോൾ അതിന്മേൽ വ്യാപാരികൾ ബാങ്കുകൾക്കു നൽകേണ്ടതും മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) എന്ന് അറിയപ്പെടുന്നതുമായ ഫീസ് രണ്ടു വർഷത്തേക്കു സർക്കാർ വഹിക്കുമെന്ന തീരുമാനം പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ നടപ്പിൽവന്നുകഴിഞ്ഞു.

ഓരോ ഇടപാടിനും അനുവദിക്കുന്ന നികുതി ഇളവിനു പരിധിയുണ്ടായിരിക്കും. ഇതു 100 രൂപ എന്നു നിശ്‌ചയിച്ചേക്കുമെന്നാണ് അറിയുന്നത്. 2019 ഡിസംബർ 31 വരെ ഈ സംവിധാനം പ്രാബല്യത്തിലുണ്ടായിരിക്കും. പണമിടപാടുകൾ ‘ഡിജിറ്റൈസ്’ ചെയ്യുന്നതിനു പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായുള്ള ഈ നടപടി ജിഎസ്‌ടി കൗൺസിലിന്റെ അടുത്ത യോഗത്തിലെ തീരുമാനമായോ ഡിജിറ്റൈസേഷന് ഊന്നൽ നൽകുന്ന ബജറ്റ് നിർദേശങ്ങളുടെ ഭാഗമായോ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ കാലയളവിൽ ഉപഭോക്‌താക്കളിൽനിന്നു വ്യാപാരികൾ എംഡിആർ ഈടാക്കില്ല.

കറൻസിക്കു ക്ഷാമം അനുഭവപ്പെട്ടിരുന്നില്ലെങ്കിൽ വ്യാപാരശാലകളിലെ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉപയോഗം ഇപ്പോഴത്തെ നിലവാരത്തിലെത്താൻ മൂന്നു വർഷം വേണ്ടിവരുമായിരുന്നുവെന്നാണു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ. ബാങ്കുകൾക്ക് ഈ ഇനത്തിൽ ലഭിക്കേണ്ട തുക സർക്കാരിൽനിന്ന് അനുവദിക്കും. സർക്കാരിന് ഈ ഇനത്തിൽ 2512 കോടി രൂപയുടേതാണു ബാധ്യത.നോട്ട് റദ്ദാക്കലിനോടനുബന്ധിച്ചാണു ഡിജിറ്റൽ ഇടപാടുകൾക്ക് ഊന്നൽ നൽകുന്ന തീവ്രയജ്‌ഞ പരിപാടിക്കു തുടക്കമായത്. കറൻസി ക്ഷാമത്തിന്റെ കാലയളവിൽ ഡിജിറ്റൽ ഇടപാടുകളിൽ വൻ കുതിപ്പുണ്ടാകുകയും ചെയ്‌തു.

shortlink

Post Your Comments


Back to top button