Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsBUDGET-2018

2018 ബഡ്ജറ്റില്‍ സാധാരണക്കാർക്ക് ഗുണകരമാകുന്ന പ്രധാനപ്പെട്ട പദ്ധതികള്‍ ഇവയാണ്

പ്രധാൻ മന്ത്രി സുകന്യ സമൃദ്ധി യോജന സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയവ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ്. ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന പദ്ധതിയുടെ ഭാഗമാണ് സുകന്യാ സമൃദ്ധി യോജന. പെണ്‍കുട്ടിയുടെ പേരില്‍ മാസം 1000 രൂപ 14 വര്‍ഷം നിക്ഷേപിച്ചാല്‍ 21 വര്‍ഷം കഴിയുമ്പോള്‍ 6,07,128 രൂപ മടക്കി ലഭിക്കും. 14 വര്‍ഷം കൊണ്ട് നാം നിക്ഷേപിക്കുന്നത് വെറും 1,68,000 രൂപ മാത്രം. ലാഭം 4,39,128 രൂപ.

പെണ്‍കുട്ടികളെ പഠിപ്പിക്കാം കല്യാണം കഴിപ്പിക്കാം

പ്രധാൻ മന്ത്രി മുദ്രാ യോജനനിര്‍മ്മാണ വിതരണസേവന മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പാസഹായം ലഭ്യമാക്കുന്നതിനുള്ള ഏജന്‍സിയാണ് മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് റീഫൈനാന്‍സ് ഏജന്‍സി (മുദ്ര) ബാങ്ക്. മുദ്രാ യോജന വഴി ചെറുകിട സംരംഭകര്‍ക്ക് പത്തുലക്ഷം രൂപവരെയാണ് മുദ്രബാങ്ക് വായ്പ നല്‍കുക. ഇരുപതിനായിരം കോടി രൂപയുടെ നിധിയും മൂവായിരം കോടി രൂപയുടെ വായ്പാ നിധിയുമാണ് മുദ്ര ബാങ്കിനുണ്ടാകുക. ബിസിനസ് യൂണിറ്റിന്റെ വളര്‍ച്ചയുടെ ഘട്ടമനുസരിച്ച് ‘ശിശു, കിഷോര്‍, തരുണ്‍’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി വായ്പ ലഭ്യമാക്കും. 50,000 രൂപവരെയുള്ള വായ്പ ശിശു വിഭാഗത്തില്‍പ്പെടും. 50,000 രൂപ മുതല്‍ അഞ്ച്‌ലക്ഷം രൂപവരെയുള്ള വായ്പ കിഷോര്‍ വിഭാഗത്തിലും അഞ്ചുലക്ഷത്തിനു മേല്‍ പത്തുലക്ഷം രൂപ വരെയുള്ള വായ്പ തരുണ്‍ വിഭാഗത്തിലും പെടും.

പ്രധാൻ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന 18 നും 50 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ചേരാം. വാര്‍ഷിക പ്രീമിയം 330 രൂപയാണ്. സാധാരണ മരണം, അസ്വാഭാവികമായ മരണം, ആത്മഹത്യ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ ഇത് വഴി ലഭിക്കും. എന്നാൽ ഓരോ വര്‍ഷവും പദ്ധതി പുതുക്കണം. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം.

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന

അപകടത്തില്‍ മരിക്കുകയോ അംഗവൈകല്യമുണ്ടാകുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനുള്ള പദ്ധതിയാണിത്. 18 നും 70 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ഈ പദ്ധതിയിൽ ചേരാം. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം അടയ്‌ക്കേണ്ടത്. പദ്ധതിയുടെ വാര്‍ഷിക പ്രീമിയം വെറും 12 രൂപ മാത്രമാണ്. മരിക്കുകയോ രണ്ടു കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെടുകയോ ചെയ്താല്‍ രണ്ടു ലക്ഷം രൂപ വരെ ലഭിക്കും.
അടല്‍ പെന്‍ഷന്‍ യോജന

തൊഴിലാളികളുള്‍പ്പെടെ സാധാരണക്കാര്‍ക്കായി ആവിഷ്‌കരിച്ച പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. അടല്‍ പെന്‍ഷന്‍ യോജനയിലെ അംഗങ്ങള്‍ക്ക് പ്രതിമാസം ആയിരം രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. 60 വയസ്സ് തികയുമ്പോള്‍ മുതല്‍ ഇത് ലഭ്യമാകും. 18 തികഞ്ഞവര്‍ക്ക് പദ്ധതിയില്‍ ചേരാം. അംഗങ്ങള്‍ അടയ്ക്കുന്നതിനു പുറമേ കേന്ദ്രസര്‍ക്കാരും ഒരു നിശ്ചിത തുക അടയ്ക്കും. അടയ്ക്കുന്ന തുകയുടെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ തുക നിശ്ചയിക്കുക. ഇരുപതു വര്‍ഷം വരെ തുക മുടങ്ങാതെ അടയ്ക്കണം.

പ്രധാൻ മന്ത്രി ആവാസ് യോജന

2022 ഓടെ ഇന്ത്യയിലെ മുഴുവൻ പൗരന്മാ‍ർക്കും വീട് എന്ന ലക്ഷ്യവുമായി ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് പ്രധാൻ മന്ത്രി ആവാസ് യോജന. ഈ പദ്ധതി പ്രകാരം നിങ്ങൾക്ക് ഭവനവായ്പ ലഭിക്കും. വാർഷിക വരുമാനത്തിന്റെ അഞ്ചിരട്ടി വരെയാണു വായ്പ ലഭിക്കുക. ഒന്നര ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. ആദ്യമായി വീടു വയ്ക്കുന്നവർക്കോ വാങ്ങുന്നവർക്കോ മാത്രമേ ഈ വായ്പാ സൗകര്യം ലഭ്യമാകൂ. സാമ്പത്തികമായി പിന്നാക്ക വിഭാഗം, കുറഞ്ഞ വരുമാനമുള്ളവ‍ർ, ഇടത്തരം വരുമാനമുള്ളവർ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചാണ് കേന്ദ്രസ‍ർക്കാ‍ർ മൂന്നു മുതൽ 6.5% വരെ പലിശ സബ്സിഡി നൽകുന്നത്.

കിസാൻ വികാസ് പത്ര

മോഡി സർക്കാർ ആരംഭിച്ച സമ്പാദ്യപദ്ധതികളിലൊന്നാണ് കിസാൻ വികാസ് പത്ര. എട്ടുവർഷവും ഏഴ് മാസവും കൊണ്ട് നിക്ഷേപത്തുക ഇരട്ടിയായി തിരിച്ചു കിട്ടുന്ന ആകർഷകമായ നിക്ഷേപപദ്ധതിയാണിത്. കേന്ദ്രസർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് സ്മാൾ സേവിംഗ്സ് പോസ്റ്റ് ഓഫീസുകളിലൂടെ സേവിംഗ്സ് ബോണ്ടുകളായി വിറ്റഴിക്കപ്പെടുന്ന ഇവ രാജ്യത്തെ എല്ലാ പൗരൻമാർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്നതാണ്. രണ്ടര വർഷത്തിനകം നിക്ഷേപത്തുകയും അതിന്റെ അതുവരെയുള്ള പലിശയും തിരിച്ചുനേടാവുന്നതാണ്.

ജൻ ഔഷധി യോജന

ഉയർന്ന ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ വിലക്ക് ജനങ്ങൾക്ക് ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് മോഡി സർക്കാരിന്റെ ജൻ ഔഷധി യോജന. പൊതു – സ്വകാര്യ കമ്പനികൾ നിർമിക്കുന്ന ജെനറിക് മരുന്നുകൾ ഗവൺമെന്റ് വാങ്ങി ഗുണനിലവാരം പരിശോധിച്ച ശേഷം ‘ജൻ ഔഷധി’ എന്ന ബ്രാൻഡ് പേരിലാകും വിതരണം.

പ്രധാൻ മന്ത്രി വയ വന്ദന യോജന

വയോജനങ്ങൾക്ക് വേണ്ടിയുള്ള പെൻഷൻ പദ്ധതിയാണ് പ്രധാൻമന്ത്രി വയ വന്ദന യോജന. 2018 മെയ് 3 വരെ അറുപത് വയസ്സിന് മുകളിലുള്ളവർക്ക് ഈ പദ്ധതിയിൽ അംഗങ്ങളാകാം. സർക്കാർ സബ്സിഡിയുള്ള പെൻഷൻ പദ്ധതിയാണിത്. എല്‍ഐസി വഴിയാണ് പദ്ധതി നടപ്പിലാക്കുക. എട്ട് ശതമാനം പലിശ നല്‍കുന്ന പദ്ധതിയുടെ കാലാവധി 10 വര്‍ഷമാണ്. കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപ തുക തിരികെ ലഭിക്കും.

മെയ്ക്ക് ഇൻ ഇന്ത്യ

ഭാരതത്തിന്റെ ഉല്‍പ്പന്നം എന്ന പരമപ്രധാനമായ മുദ്രയിലൂടെ അന്താരാഷ്ട്ര കമ്പോളത്തെ സ്വാധീനിക്കുന്ന തരത്തില്‍ ഉല്‍പ്പാദകരാജ്യമായി ആധുനിക ഭാരതത്തെ മാറ്റുക എന്നതാണ് മേയ്ക്ക് ഇന്‍ ഇന്ത്യ എന്ന സംരംഭത്തിന്റെ കാതല്‍. ഗുണമേന്മ, ക്രയശേഷി, തൊഴില്‍, വിദേശവിനിമയം, പരാശ്രയമില്ലാതെ സ്വാശ്രയത്വം കൂട്ടുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

സൻസാദ് ആദർശ് ഗ്രാം

ഗ്രാമങ്ങളിലെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം, മൂന്ന് ഗ്രാമങ്ങളിലെ സാമൂഹ്യ-സാമ്പത്തിക-പശ്ചാത്തല വികസനം എം.പിമാരുടെ ഉത്തരവാദിത്വമാണ്.

ഗോള്‍ഡ് കോയിന്‍ പദ്ധതി

ഗോള്‍ഡ് കോയിന്‍ സ്‌കീം ബിഐഎസ് ഹോള്‍മാര്‍ക്ക് ചെയ്ത 25 കാരറ്റ് പരിശുദ്ധ സ്വര്‍ണം സ്‌കീനില്‍ വാങ്ങാം. മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് കോര്‍പ്പറേഷന്റെ സെന്ററുകളില്‍ സ്വര്‍ണം ലഭിയ്ക്കും.നാണയത്തിന്റെ ഒരു വശത്ത് അശോക ചക്രവും മറു ഭാഗത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രവും ആലേഖനം ചെയ്യും. ആദ്യ ഘട്ടത്തില്‍ അഞ്ച് ഗ്രാമിന്റെ 15000 നാണയങ്ങളും 10 ഗ്രാമിന്റെ 20000 നാണയങ്ങളും 20 ഗ്രാമിന്റെ 3750 സ്വര്‍ണ്ണക്കട്ടികളുമാണ് ലഭ്യമാക്കുക.\

ഉഡാന്‍ പദ്ധതി

വിമാനയാത്രയെന്നത് ഇന്നും സ്വപ്നം മാത്രമായി കൊണ്ടു നടക്കുന്ന ബഹുഭൂരിപക്ഷം ഇന്ത്യക്കാരെയും ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി . ചെറുനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വിമാന സര്‍വീസ് നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വ്യോമഗതാഗതമില്ലാത്ത മേഖലകളില്‍ ഉപയോഗശൂന്യമായി കിടക്കുന്നതോ ഉപയോഗിക്കാത്തതോ ആയ ചെറുകിട വിമാനത്താവളങ്ങള്‍ ഉപയോഗിച്ചാണ് വിമാനസര്‍വീസ് നടത്തുന്നത്.

ഡിജിറ്റല്‍ ലോക്കര്‍

ഇ രേഖകള്‍ സൂക്ഷിക്കാനായുള്ള സംരംഭമാണ് ഡിജിറ്റല്‍ ലോക്കര്‍ . ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള ഭരണസംവിധാനമായ ഇ ഗവേണന്‍സിന്റെ ഭാഗമായി സര്‍ക്കാര്‍ രേഖകളും സേവനങ്ങളുമെല്ലാം ഓണ്‍ലൈന്‍ വഴിയാണ്. ഡിജിറ്റല്‍ ലോക്കര്‍ എന്ന സൈറ്റിലൂടെ ആധാര്‍ കാര്‍ഡ് വഴി അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് നിങ്ങള്‍ക്ക് ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മറ്റ് പ്രധാനപ്പെട്ട രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യാം.

ഗോള്‍ഡ് ബോണ്ട് സ്വര്‍ണം

ആഭരണമായോ നാണയമായോ വാങ്ങുന്നതിന് പകരമുള്ള നിക്ഷേപ പദ്ധതിയാണ് ഗോള്‍ണ്ട് ബോണ്ട്. ഗോള്‍ഡ് ബോണ്ട് സ്‌കീം ഒരു ഗ്രം സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ബോണ്ടുകള്‍ പുറത്തിറക്കും. അതിന്റെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. പരമാവധി 500 ഗ്രാം വരെ നിക്ഷേപിയ്ക്കാം. ഏറ്റവും കുറഞ്ഞത് രണ്ട് ഗ്രാം ആണ്. എട്ട് വര്‍ഷത്തെ കാലയളവിലാണ് നിക്ഷേപം. എന്നാല്‍ ഉപാധികള്‍ക്ക് വിധേയമായി അഞ്ച് വര്‍ഷം മുതല്‍ വിറ്റൊഴിയാം. ബോണ്ടിന് നിശ്ചിത നിരക്കില്‍ പലിശയും ലഭിയ്ക്കും. ബോണ്ട് ആയതിനാല്‍ പണവും സ്വര്‍ണ്ണവും സൂക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും ഒഴിവാക്കാവുന്നതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button