ഏറ്റുമാനൂര്‍: സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരേ നടപടി. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് അവധിയെടുത്ത് സ്വകാര്യ ആശുപത്രികളെ പരിപോഷിപ്പിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പലരും രാജിവയ്ക്കാതെ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുന്നത് സ്വകാര്യ ആശുപത്രിയിലെ സേവനം മതിയാക്കി തിരികെ വരുമ്പോള്‍ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടിയാണ്. ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നാണ്. 16 പേര്‍. തിരുവനന്തപുരം 10, ആലപ്പുഴ 11, തൃശൂര്‍ 7, കോഴിക്കോട് 7, മഞ്ചേരി 4, ഇടുക്കി 3 എന്നിങ്ങനെയാണ് മറ്റ് മെഡിക്കല്‍ കോളജുകളില്‍നിന്ന് അനധികൃത അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം.
ചിലര്‍ അവധിയെടുത്ത് പോകുന്നത് വിദേശ രാജ്യങ്ങളിലെ ആശുപത്രികളിലേക്കാണ്. ഇത്തരക്കാര്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെടുന്നതും പ്രശ്നമല്ല. സര്‍ക്കാരിന്റെ എല്ലാവിധ ആനുകൂല്യങ്ങളും കൈപ്പറ്റിയാണ് ഇക്കൂട്ടരില്‍ അധികവും സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍നിന്നു അനധികൃതമായി അവധിയില്‍ പ്രവേശിച്ച ഡോക്ടര്‍മാര്‍ക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അവസരം നല്‍കിയിട്ടും നല്ലൊരു പങ്കും ജോലിക്ക് ഹാജരായില്ല.
ഇവരില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി അവധിയില്‍ കഴിയുന്നവരുമുണ്ട്. ഇത്തരക്കാര്‍ക്ക് അവസാന ചാന്‍സെന്നോണം 15 ദിവസത്തെ അവധി കൂടി നല്‍കി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഈ കാലാവധിക്കുള്ളില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ സര്‍വിസില്‍നിന്നു പിരിച്ചുവിടുമെന്ന് അറിയിച്ചു കൊണ്ടുള്ള നോട്ടിസ് 57 ഡോക്ടര്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞു.
Post Your Comments