മലപ്പുറം: റംസാന് വ്രതമെടുക്കാന്‍ പുലര്‍ച്ചെ അത്താഴത്തിന് ഉണര്‍ന്ന ഭാര്യയെ വെട്ടി കൊലപ്പെടുത്തി വിദേശത്തേക്ക് മുങ്ങിയ ഭര്‍ത്താവ് പിടിയില്‍. അരൂര്‍ ആനക്കുണ്ടുങ്ങല്‍ കുനിയില്‍ ഹമീദ് (43) ആണ് സൗദിയില്‍ നിന്ന് മടങ്ങി വരുന്നതിനിടെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്.
നാലാം ഭാര്യയായ ഹാജറ ബീവിയ (31) വെട്ടി കൊലപ്പെടുത്തിയ ശേഷം പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു. രക്ഷപ്പെട്ട ഹമീദിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. പതിനെട്ട് മാസത്തിനു ശേഷമാണ് വിദേശത്ത് നിന്ന് തിരിച്ചെത്തിയ പ്രതിയെ ഇപ്പോള്‍ പിടികൂടിയത്. ചെന്നൈയില്‍ പിടിയിലായ പ്രതിയെ കൊണ്ടോട്ടി പൊലീസിന് കൈമാറി.
2016 ജൂണ്‍ 13ന് പുലര്‍ച്ചെയാണ് ഭാര്യ ഹാജറ ബീവിയെ അതി ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. റംസാന് വ്രതകാലമായതിനാല്‍ പുലര്‍ച്ചെ 3.45ന് അത്താഴം കഴിച്ച് വീടിന് പുറത്തിറങ്ങിയ ഹാജരാ ബീവിയെ മുളകുപൊടി എറിഞ്ഞ ശേഷം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
പത്തു വയസ്സുക്കാരനായ മകന് ഫോണ്‍ ചെയ്തതനുസരിച്ച് കൊണ്ടോട്ടി സ്റ്റേഷനിലെ പൊലീസുകാര്‍ എത്തിയാണ് രക്തം വാര്‍ന്നു കിടന്ന യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. പത്തു വെട്ടുകള്‍ ഹാജറ ബീവിക്ക് ഏറ്റിരുന്നു. ഹമീദിന്റെ നാലാം ഭാര്യയായിരുന്ന ഹാജറബിവി ഹമീദിനെതിരെ ഗാര്‍ഹിക പീഡന ത്തിന് കേസ് നല്‍കിയിരുന്നു. കേസില്‍ വിധി പറയുന്ന ദിവസമാണ് ഹമീദ് ഭാര്യയെ കൊലപ്പെടുത്തിയത്.
സംഭവത്തിനു പിന്നില്‍ ഭര്‍ത്താവാണന്ന് അന്നു തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നെങ്കിലും വിദേശത്തേക്ക് മടങ്ങിയ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ഹമീദിനെ എമിഗ്രേഷന്‍ വിഭാഗം തിരിച്ചറിഞ്ഞ് കൊണ്ടോട്ടി പൊലീസിനെ അറിയിക്കുകയായിരുന്നു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
Post Your Comments