താമരശ്ശേരി: മൂന്ന് വയസുള്ള കുഞ്ഞിനെ ജുവല്ലറിയില്‍ ഉപേക്ഷിച്ച് കുഞ്ഞിനൊപ്പം കടന്നുകളഞ്ഞ യുവതിയും കാമുകനും അറസ്റ്റില്‍. പ്രവാസിയുടെ ഭാര്യയായ ഇവരെ കൊടുവള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്.യുവതിയെയും കാമുകനെയും കോടതി ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. താമരശ്ശേരി മൂന്നാതോട് പനയുള്ളകുന്നുമ്മല്‍ ലിജിന്‍ ദാസ്(28), എളേറ്റില്‍ പുതിയോട്ടില്‍ ആതിര (24) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് മാനാഞ്ചിറക്കു സമീപത്തുനിന്നാണ് ഞായറാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ജനുവരി 10 നാണ് യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കാണാനില്ലെന്ന് കാട്ടി പ്രവാസിയായ യുവാവ് കേസ് ഫയൽ ചെയ്തത്.തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ യുവതി ചെന്നിരുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഈ മാസം 13ന് വൈകീട്ടോടെ കുട്ടിയെ പാലക്കാട് മലബാര്‍ ഗോള്‍ഡ് ജൂവലറിയില്‍ ഉപേക്ഷിച്ചതായി യുവതി തന്നെ ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ പാലക്കാട് സൗത്ത് പൊലീസ് കണ്ടെത്തുകയായിരുന്നു.
യുവതിയും കൂടെയുള്ള യുവാവും കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യം ജൂവലറിയിലെ സി.സി.ടി.വിയില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പാലക്കാടെത്തിയ കൊടുവള്ളി പൊലീസ് കുട്ടിയെ ഏറ്റെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. മകനെ കടയില്‍ ഉപേക്ഷിച്ച് മുങ്ങിയ കുറ്റത്തിനാണ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്. ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പമാണ് ആതിര ഒളിച്ചോടിയത്. കൂടാതെ സ്വര്‍ണ്ണവും പണവും മുഴുവന്‍ കൈയിലെടുത്ത ശേഷമാണ് ഇവർ കടന്നു കളഞ്ഞത്. മലബാര്‍ ഗോള്‍ഡ് ജൂവലറിയിലെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ലിജിന്‍.
ലിജിന്റെ ഭാര്യയും ആതിരയും കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ്. ഇവിടെ വെച്ച് ഇവര്‍ വലിയ സൗഹൃദത്തിലാവുകയും ചെയ്യുകയായിരുന്നു. പിന്നീട് വിവാഹ ശേഷവും ഈ സൗഹൃദം നീണ്ട് നിന്നു. പിന്നീട് വീട്ടില്‍ സ്ഥിരം സന്ദര്‍ശകരായതോടെ ലിജിനും ആതിരയും തമ്മില്‍ അടുക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം വഷളായത് ഇരു വീട്ടുകാരും ശ്രദ്ധിച്ചിരുന്നില്ല. ഇന്നലെ ഇവര്‍ ഒളിച്ചോടിയ ശേഷം ഒരുമിച്ച് പോയ വിവരം വിളിച്ച് പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ പോലും വിവരം അറിയുന്നത്. വിവരം അറിഞ്ഞ ശേഷം ആതിരയുടെ ഭര്‍ത്താവ് നാട്ടിലെത്തി.
Post Your Comments