Latest NewsNewsIndia

പത്മാവത് വിവാദം പുകയുന്നു; ടവറിന് മുകളില്‍ പെട്രോളുമായി യുവാവിന്റെ ആത്മഹത്യ ഭീഷണി

രാജസ്ഥാന്‍: സഞ്ജയ് ലീല ഭന്‍സാലി സംവിധാനം ചെയ്ത പത്മാവത് രാജ്യ വ്യാപകമായി റിലീസിന് തയ്യാറെടുക്കുമ്പോഴും ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം അവസാനിക്കുന്നില്ല. ചിത്രത്തിന്റെ റിലീസ് തടയുന്ന സംസ്ഥാനങ്ങളുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാറുകള്‍ സുപ്രീം കോടതിയെ തന്നെ വീണ്ടും സമീപിച്ചിരുന്നു.

ജനുവരി 25ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന പത്മാവതിനെതിരെ ഇപ്പോഴും പ്രതിഷേധം ഉയരുകയാണ്. രാജസ്ഥാനിലെ ഭില്‍വാരയില്‍ യുവാവ് ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പെട്രോള്‍ കുപ്പിയുമായാണ് ഇയാള്‍ 350 അടി ഉയരമുള്ള ഫോണ്‍ ടവറിന്റെ മുകളില്‍ കയറിയത്. ഉപേന്ദ്ര സിംഗ് റത്തോര്‍ എന്ന യുവാവാണ് ഇത്തരത്തില്‍ പ്രതിഷേധിച്ചത്. രാജ്യത്തുടനീളം ചിത്രം നിരോധിക്കണം എന്നായിരുന്നു ഉപേന്ദ്രയുടെ ആവശ്യം.

അതേസമയം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് രാജസ്ഥാന്റെയും മധ്യപ്രദേശിന്റെയും പരാതിയില്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനമായി. ജനുവരി 23നാണ് വാദം കേള്‍ക്കുക. ജനുവരി 25ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് പുറത്തെത്തുന്നത്.

shortlink

Post Your Comments


Back to top button