വാരണാസി•പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട ജവാന്‍ ചന്ദന്‍ കുമാര്‍ റായിയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ വിസമ്മതിച്ച് കുടുംബം. ചന്ദന്‍ കുമാറിന്റെ അന്ത്യയാത്രാ വേളയില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിംഗിന്റെയും സാന്നിധ്യം ഉണ്ടായിരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ മങ്കോട്ടെ സെക്ടറിലായിരുന്നു കുമാറിന് പോസ്റ്റിംഗ്. ശനിയാഴ്ച രാത്രി പാക്കിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ പരിക്കേറ്റ ജവാന്‍ പിന്നീട് മരിക്കുകയായിരുന്നു.
25 കാരനായ കുമാറിന്റെ വിവാഹം അടുത്തമാസം നിശ്ചയിച്ചിരിക്കുകയായിരുന്നു. അതിനായി ലീവിന് അപേക്ഷിച്ച കുമാര്‍ അടുത്ത മാസമാദ്യം ജന്മഗ്രാമത്തില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ.
ഞായറാഴ്ച വാരണാസി വിമാനത്താവളത്തില്‍ എത്തിച്ച ജവാന്റെ മൃതദേഹം വാരാണസിയിലെ 39 ഗോര്‍ഖ ട്രെയിനിംഗ് സെന്ററിലേക്ക് മാറ്റി. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ചന്ദൌലി ജില്ലയിലെ നടേശര്‍-മരുഫ്പുര്‍ ഗ്രാമത്തിലേക്ക് കൊണ്ടുവന്നത്.
എന്നാല്‍ മൃതദേഹത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ വിസമ്മതിച്ച കുടുംബംഗങ്ങള്‍, ഇതേ ജില്ലയില്‍ നിന്ന് തന്നെയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയും, യു.പി മുഖ്യമന്ത്രിയും എത്തണം എന്നാവശ്യപ്പെട്ട് ധര്‍ണ ഇരിക്കുകയായിരുന്നു.
യു.പി മന്ത്രിമാരായ അനില്‍ രാജ്ബാഹാര്‍, ജയ് പ്രകാശ് നിഷാദ്, ജില്ലാ മജിസ്ട്രേറ്റ് ഹേമന്ത് കുമാര്‍, എസ്.പി സന്തോഷ് സിംഗ്, മറ്റു ജില്ലാ ഉദ്യോഗസ്ഥര്‍, പ്രാദേശിക എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ഗ്രാമത്തിലെത്തി അനുശോചനം അറിയിക്കുകയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചന്ദന്‍ കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Post Your Comments