തിരുവനന്തപുരം : മൂന്നു വര്‍ഷത്തിലൊരിക്കല്‍ 20% വാടക വര്‍ധന ഉള്‍പ്പെടെയുള്ള വ്യവസ്ഥകളോടെ വാടക നിയന്ത്രണത്തിന് പുതിയ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 1965-ലെ നിയമം ഭേദഗതി ചെയ്യാന്‍ 2014-ല്‍ തീരുമാനിച്ചുവെങ്കിലും നിയമസഭയില്‍ അവതരിപ്പിച്ചില്ല. യുഡിഎഫ് സര്‍ക്കാരിന്റെ ഭേദഗതികളില്‍ പലതും ഇപ്പോള്‍ പരിഷ്‌കരിച്ചു. ബില്ല് വൈകാതെ മന്ത്രിസഭയുടെ പരിഗണനയ്ക്കുവരും.
നിയമം നടപ്പാകുമ്പോള്‍ വാടകക്കരാറുകള്‍ റജിസ്റ്റര്‍ ചെയ്യണം. നിലവില്‍ 11 മാസത്തേക്കാണു കരാര്‍ എഴുതുന്നത്. നിയമം നടപ്പാകുമ്പോള്‍ എത്രവര്‍ഷത്തേക്കു വേണമെങ്കിലും കരാര്‍ എഴുതാം. വാടകയ്‌ക്കെടുത്ത് ആദ്യമാസം തന്നെ കരാര്‍ റജിസ്റ്റര്‍ ചെയ്യണമെന്നാണു വ്യവസ്ഥ. നിയമം നിലവില്‍ വരുമ്പോള്‍ നിലവിലെ വാടകക്കാരും ഉടമകളും തമ്മില്‍ ഒരു വര്‍ഷത്തിനകം പുതിയ കരാറില്‍ ഏര്‍പ്പെട്ടു റജിസ്റ്റര്‍ ചെയ്യണം.
വാടകസ്ഥലത്ത് ഉടമ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുമ്പോള്‍ വാടക 15% വര്‍ധിപ്പിക്കാം. അറ്റകുറ്റപ്പണി നടത്തിയാല്‍ 10%ഉം കെട്ടിടത്തിനു ഘടനാപരമായ മാറ്റം വരുത്തിയാല്‍ 30%ഉം വാടക ഉയര്‍ത്താന്‍ അവകാശമുണ്ട്. അറ്റകുറ്റപ്പണിക്കും പുനര്‍നിര്‍മാണത്തിനും വേണ്ടി വാടകക്കാരെ ഒഴിവാക്കാം. പിന്നീടു വാടകയ്ക്കു കൊടുക്കുമ്പോള്‍ ഒഴിപ്പിക്കപ്പെട്ടവര്‍ക്കാണു പ്രഥമപരിഗണന.
വാടക നല്‍കുന്നതിനു പ്രത്യേക തീയതി കരാറില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ തൊട്ടടുത്തമാസം 15ന് അകം വാടക നല്‍കണം. അല്ലെങ്കില്‍ 12% പലിശ കൂടി നല്‍കണം. വാടകത്തുകയ്ക്ക് ഉടമ രസീത് നല്‍കണം. അല്ലെങ്കില്‍, ഉടമയുടെ ബാങ്ക് അക്കൗണ്ടിലാണു വാടകക്കാരന്‍ തുക അടയ്‌ക്കേണ്ടത്. വാടകയ്ക്ക് എടുത്തയാള്‍ക്ക് അതു മറ്റൊരാള്‍ക്കു വാടകയ്ക്കു നല്‍കാന്‍ അധികാരമില്ല.
ഒഴിപ്പിക്കുന്നതിനു മുന്‍പ് ഉടമ നോട്ടിസ് നല്‍കണം. രണ്ടുമാസം വാടകക്കുടിശിക വരുത്തിയവരെയും കെട്ടിടം ആറുമാസം ഉപയോഗിക്കാത്തവരെയും കരാര്‍ കാലാവധിക്കുമുന്‍പ് ഒഴിപ്പിക്കാന്‍ ഉമടയ്ക്ക് അധികാരമുണ്ട്. അയല്‍ക്കാരോടു മോശമായി പെരുമാറുന്നവരെയും വാടകയ്ക്ക് എടുത്തശേഷം അനാശാസ്യപ്രവര്‍ത്തനത്തിനു നിയമനടപടിക്കു വിധേയരായവരെയും ഒഴിപ്പിക്കാം.
സായുധസേന, കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ എന്നിവര്‍ വിരമിച്ചു താമസത്തിനായി വന്നാല്‍ വാടകക്കാരന്‍ ഒഴിയണം. ഉടമയ്ക്കു പ്രത്യേകിച്ചു വീടില്ലാത്ത സ്ഥിതി വന്നാലും ഒഴിയേണ്ടതാണ്. കെട്ടിടയുടമ മരിച്ചാല്‍ അനന്തരാവകാശികളാണ് ഉടമകള്‍. ഹിന്ദു, ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ ഇതിനുബാധകമല്ല. അതിനാല്‍ ബില്ല് പാസായശേഷം രാഷ്ട്രപതിയുടെ അനുമതി നേടണം.
Post Your Comments