സഹരണ്‍പൂര്‍: റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കിടന്ന രണ്ട് കൗമാരക്കാര്‍ പോലീസിന്റെ അനാസ്ഥ മൂലം രക്തം വാര്‍ന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ സഹരണ്‍പുരിലാണ് സംഭവം. രക്തത്തില്‍ കുളിച്ചുകിടന്ന കുട്ടികളെ കാറില്‍ കയറ്റിയാല്‍ രക്തം വീണ് കാറിനുള്‍വശം വൃത്തികേടാകുവെന്ന് പറഞ്ഞാണ് പോലീസുകാര്‍ അവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ചത്. ഇന്നോവ കാറില്‍ എത്തിയ മൂന്നു പോലീസുകാരാണ് ഈ ക്രൂര നടപടിക്ക് പിന്നില്‍. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
പതിനഞ്ചു വയസ്സുകാരായ അര്‍പ്പിത് ഖുറാന, സണ്ണി ഗുപ്തി രണ്ട് ആണ്‍കുട്ടികളാണ് റോഡില്‍ രക്തം വാര്‍ന്ന് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. വീട്ടിലേക്ക് പോകുന്നവഴി ഇവരുടെ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇരുവരും തെറിച്ച് സമീപത്തുള്ള ഓടയിലാണ് വീണത്. അതുവഴി വന്നവരാണ് ഇവരെ ഓടയില്‍ നിന്ന് പുറത്തെടുത്തത്. ഗുരുതരാവസ്ഥയിലാണെന്ന് കണ്ട് നാട്ടുകാരാണ് അടിയന്തര സഹായ നമ്പര്‍ ആയ 100 ഡയല്‍ ചെയ്ത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ വിളിച്ചുവരുത്തിയത്.
എന്നാല്‍ ”രക്തം വാര്‍ന്ന നിലയില്‍ അവരെ വാഹനത്തില്‍ കയറ്റിയാല്‍ അതില്‍ മുഴുവന്‍ രക്തമാകില്ലേ, പിന്നെ രാത്രി മുഴുവന്‍ ഞങ്ങള്‍ എവിടെ ഇരിക്കു”മെന്നാണ് പോലീസുകാരില്‍ ഒരാള്‍ നാട്ടുകാരോട് ചോദിച്ചത്. ഈ സംഭവങ്ങളെല്ലാം നാട്ടുകാര്‍ മൊബൈലില്‍ ചിത്രീകരിച്ച് നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ അതുവഴി കടന്നുപോയ വാഹനങ്ങള്‍ക്കും നാട്ടുകാര്‍ കൈകാണിച്ചുവെങ്കിലും ആരും നിര്‍ത്തിയില്ല. കുട്ടികളെ കൊണ്ടുപോകാന്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് മറ്റൊരു വാഹനം കൊണ്ടുവന്നപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. പോലീസുകാര്‍ അല്പം കരുണ കാണിച്ചിരുന്നുവെങ്കില്‍ തന്റെ മകന്‍ രക്ഷപ്പെടുമായിരുന്നുവെന്ന് അര്‍പിതിന്റെ പിതാവ് കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കുട്ടികളെ മരണത്തിന് വിട്ടുകൊടുത്ത ഹെഡ് കോണ്‍സ്റ്റബിള്‍ ഇന്ദര്‍പാല്‍ സിംഗ്, കോണ്‍സ്റ്റബിള്‍മാരായ പങ്കജ് കുമാര്‍, മനോജ് കുമാര്‍ എന്നിവരെ സസ്‌പെന്റു ചെയ്തു.
Post Your Comments