ദമ്മാം•നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗവും, പെരുമ്പാവൂർ പ്രവാസി അസ്സോസിയേഷനും ഒരുമിച്ചു നടത്തിയ പരിശ്രമത്തിനൊടുവിൽ, ശമ്പളമോ ഇക്കാമയോ ഇല്ലാതെ ദുരിതത്തിൽ കഴിഞ്ഞിരുന്ന മലയാളി യുവാവ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
എറണാകുളം കിഴക്കമ്പലം സ്വദേശി ചെമ്പകശ്ശേരിൽ സെബിൻ ആണ് ദുരിതമായി മാറിയ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയത്. ഒന്നരവർഷം മുൻപാണ് ദമ്മാമിലെ ഒരു കമ്പനിയിൽ സെബിൻ ഡ്രൈവറായി ജോലിയ്ക്ക് എത്തിയത്. ഒരു വർഷത്തോളം കുഴപ്പങ്ങൾ ഒന്നുമില്ലായിരുന്നു. എന്നാൽ ക്രമേണ ജോലി ഇല്ലാതായി, കമ്പനി സാമ്പത്തികപ്രതിസന്ധിയിൽ ആയതോടെ സെബിന്റെ കഷ്ടകാലം തുടങ്ങി. ശമ്പളം നാലും അഞ്ചും മാസം കുടിശ്ശികയായി. ഇക്കാമ കാലാവധി കഴിഞ്ഞിട്ടും കമ്പനി പുതുക്കി നൽകിയില്ല. നാട്ടിൽ പോകാനോ ജോലി ചെയ്യാനോ കഴിയാത്ത അവസ്ഥയിൽ സെബിന് റൂമിൽത്തന്നെ ഇരിയ്‌ക്കേണ്ടി വന്നു.
പ്രശ്‍നങ്ങൾ പരിഹരിയ്ക്കാനാകാതെ നീണ്ടതോടെ സെബിൻ പെരുമ്പാവൂർ പ്രവാസി അസോഷിയേഷൻ ഭാരവാഹിയായ സുബൈറിനോട് പരാതിപ്പെട്ടു. സുബൈർ നവയുഗം ജീവകാരുണ്യവിഭാഗത്തെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചതിനെത്തുടർന്ന്, നവയുഗം കേസ് ഏറ്റെടുത്തു. നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ, ജീവകാരുണ്യപ്രവർത്തകരായ ഷിബുകുമാർ, പദ്മനാഭൻ മണിക്കുട്ടൻ എന്നിവർ സെബിന്റെ കമ്പനിയുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. മൂന്ന് ആഴ്ച നീണ്ട തുടർച്ചയായ ചർച്ചകൾക്ക് ഒടുവിൽ, മലയാളിയായ കമ്പനി മാനേജർ സണ്ണിയുടെ സഹായത്തോടെ, ഒത്തുതീർപ്പ് ശ്രമങ്ങൾ വിജയം കണ്ടു. സെബിന് കുടിശ്ശിക ശമ്പളവും, ഫൈനൽ എക്സിറ്റും, ടിക്കറ്റും നൽകാൻ കമ്പനി സമ്മതിച്ചു.
നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞ് സെബിൻ നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments