തിരുവനന്തപുരം : അപകടകാരിയായ സഹതാടവുകാരനുമായി ചേര്‍ന്ന് ചന്ദ്രബോസ് വധക്കേസില്‍ പൂജപ്പുര ജയിലില്‍ കഴിയുന്ന വിവാദവ്യവസായി മുഹമ്മദ് നിഷാം ജയിലിലിരുന്നു കുറ്റകൃത്യങ്ങള്‍ക്ക് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഐ.ജി: എം.ആര്‍. അജിത്കുമാറാണ് ഉന്നതോദ്യോഗസ്ഥര്‍ക്കു രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കടവി രഞ്ജിത്തിനു കൈപ്പത്തികളില്ലെങ്കിലും തൃശൂര്‍, എറണാകുളം ജില്ലകളിലെ മാഫിയാ തലവനാണ്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന നിഷാമില്‍നിന്നു വിരമിച്ച ചില പോലീസ് ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയെന്ന പരാതി ഇന്റലിജന്‍സ് അന്വേഷിച്ചിരുന്നു. ഇതിനിടെയാണു മാറാട് കേസില്‍ ശിക്ഷിക്കപ്പെട്ട അനു(കോയമോന്‍)വിന്റെയും ഷറഫുദീന്റെയും ബന്ധുക്കളുടെ അക്കൗണ്ടിലേക്കു നിഷാമിന്റെ ഉടമസ്ഥയിലുളള കിങ്സ് പെയ്സ് ആന്‍ഡ് ബില്‍ഡേഴ്സ് പണം കൈമാറിയെന്നു കണ്ടെത്തിയത്. ഇതോടെ അനുവിനെയും ഷറഫുദീനെയും വിയ്യൂരിലേക്കു മാറ്റി; നിഷാമിനെ പൂജപ്പുരയിലേക്കും. നിഷാമും മാറാട് തടവുകാരുമായുള്ള ബന്ധം ദുരൂഹമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ജയിലില്‍ നിഷാം-രഞ്ജിത്ത് അച്ചുതണ്ട് രൂപപ്പെട്ടേക്കാമെന്ന മുന്നറിയിപ്പിനേത്തുടര്‍ന്നു ജയില്‍ മേധാവി ഡി.ജി.പി: ആര്‍. ശ്രീലേഖ സൂപ്രണ്ടിനു കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. നിഷാം ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെക്കുറിച്ചു വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു. 10-ാം ബ്ലോക്കിലെ തടവുകാര്‍ക്കു ഡ്രൈവര്‍ മുഖേനയും പണമെത്തിച്ചു. ഐ.ജിയുടെ റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് അതീവസുരക്ഷാ ബ്ലോക്കായ യു.ടി-എയിലാണു നിഷാമിനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ 24 മണിക്കൂറും സായുധ കാവലുണ്ട്. കുപ്രസിദ്ധമോഷ്ടാവ് ബണ്ടിച്ചോറിനെ പാര്‍പ്പിച്ചിരിക്കുന്നതും നിഷാമിന്റെ സെല്ലിനു സമീപമാണ്.
മാറാട് കലാപക്കേസ് പ്രതികളുമായി അടുത്തബന്ധം പുലര്‍ത്തിയെന്നും അവരുടെ വീടുകളിലേക്കു പണം അയച്ചുകൊടുത്തെന്നും കണ്ടെത്തിയതിനേത്തുടര്‍ന്നാണു നിഷാമിനെ അടുത്തിടെ കണ്ണൂരില്‍നിന്നു പൂജപ്പുര ജയിലിലേക്കു മാറ്റിയത്. അപകടകാരിയായ കടവി രഞ്ജിത്തിനെ 2016 ഓഗസ്റ്റ് നാലിനു വിയ്യൂര്‍ ജയിലിലെത്തിച്ചു. പിന്നീട് 2017 ജനുവരി 22-നു കണ്ണൂരിലേക്കും ഓഗസ്റ്റ് 25-നു പൂജപ്പുര ജയിലിലേക്കും മാറ്റി. പ്രതിമാസം 10,000 രൂപ വീതം തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ വഴിയാണു കൈമാറിയത്. 2015 ജനുവരി 29-നു പുലര്‍ച്ചെ തൃശൂര്‍ ശോഭാ സിറ്റിയിലെ സെകൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ജീപ്പിടിച്ചു കൊലപ്പെടുത്തിയ കേസിലാണു നിഷാം ശിക്ഷിക്കപ്പെട്ടത്.
Post Your Comments