കോഴിക്കോട്: ഫാസ്റ്റ്ഫുഡ് ലൈസന്‍സിന്റെ മറവില്‍ ഷീഷ കഫേ നടത്തുകയും 22 താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ വലിക്കാനായി എത്തുകയും ചെയ്ത സംഭവത്തില്‍ കഫെ ഉടമ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. ഇവര്‍ നടത്തിയിരുന്ന വൃത്തിഹീനമായ കൂള്‍ബാറില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. കടയുടമ നൂഹ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇവിടെ ഷീഷ ആസ്വദിക്കാനായി എത്തിയ ഏഴ് വിദ്യാര്‍ത്ഥികളെ പോലീസ് താക്കീത് നല്കിയ പറഞ്ഞയയ്ക്കുകയും ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കടയ്ക്കകത്ത് അറേബ്യന്‍ മാതൃകയില്‍ ഷീഷെകള് കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് ഷീഷ വലിക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇവരെ കയ്യോടെ പോലീസ് പിടികൂടുകയും മാതാപിതാക്കളെ വിളിച്ചു വരുത്തി വിടുകയുമായിരുന്നു. നഗരത്തിലെ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി. പുകയില ഉപയോഗിച്ചുള്ള ഷീഷകളാണ് അവര്‍ വലിച്ചിരുന്നത്. മുക്കാല്‍ മണിക്കൂറിന് 650 രൂപയാണ് വില ഈടാക്കിയിരുന്നത്.
ഇത്തരം കഫേകള്‍ക്ക് പ്രത്യേക ലൈസന്‍സ് ആവശ്യമാണെന്നിരിക്കെ ഫാസ്റ്റ്ഫുഡിന്റെ മറവില്‍ കഫേ പ്രവര്‍ത്തിപ്പിച്ച ഉടമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പഴകിയ പാല് പായ്ക്കറ്റുകള്‍, പഴങ്ങള്‍, പാകം ചെയ്ത കോഴിയിറച്ചി എന്നിവയും പിടിച്ചെടുത്തു.
വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മഫ്ത്തിയില്‍ എത്തി കടയില്‍ പരിശോധനകള്‍ നടത്തിയ ശേഷമായിരുന്നു കോര്പ്പറേഷന് ഹെല്‍ത്തിന്റെയും പോലീസിന്റെയും വിഭാഗങ്ങള്‍ ചേര്‍ന്ന റെയ്ഡ് നടത്തിയത്. വൃത്തിഹീനമായ രീതിയിലായിരുന്നു അടുക്കള. ഗള്‍ഫ് രാജ്യങ്ങളുടേതിന് സമാനമായി മജ്ലിസുകളോടെയുള്ളതായിരുന്നു കഫേകള്‍. രണ്ടു ഷീഷ കഫേകളാണ് കടയ്ക്കുള്ളില്‍ സജ്ജമാക്കിയിരുന്നത്. ഇവിടെ ഷീഷ വലിക്കാനായി എത്തിയവരുടെ കണക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments