തിരുവനന്തപുരം : പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇടതുപക്ഷം നൂറുമേനി രാഷ്ട്രീയനേട്ടംകൊയ്ത അഴമതിക്കേസുകള്‍ ഓരോന്നായി ഇല്ലാതാകുന്നു. കെ.എം. മാണിക്കെതിരേയും കെ. ബാബുവിനെതിരേയും ഉയര്‍ന്ന ബാര്‍ കോഴ കേസുകളാണ് ഇവയില്‍ പ്രധാനപ്പെട്ടത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെയും ഒരു ഡസന്‍ യു.ഡി.എഫ്. നേതാക്കളെയും ഷോക്കടിപ്പിച്ച സോളാര്‍ കേസിലും ഒരടി ഇടതുസര്‍ക്കാരിന് മുന്നോട്ടുനീങ്ങാനാകുന്നില്ല. ഇതുകൂടാതെ ഭരണപക്ഷത്തെ അഴിമതിക്ക് നേരെയും സർക്കാർ കണ്ണടക്കുകയാണ്.
ഇ.പി. ജയരാജന്റെ പേരില്‍ ഉയര്‍ന്ന ബന്ധുനിയമന കേസ്, തോമസ് ചാണ്ടിയുടെ മന്ത്രിപദം തെറിപ്പിച്ച കായല്‍ കൈയേറ്റ കേസ് എന്നിവയിലെല്ലാം വിജിലന്‍സ് പിന്നാക്കംപോകുന്നു. മുന്‍മന്ത്രി എ.കെ. ശശീന്ദ്രന്റെ പേരിലുള്ള കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്റെ നിയമനത്തിനെതിരേയുള്ള കേസിലും വിജിലന്‍സ് കൈമലര്‍ത്തി. കായിക ലോട്ടറി അഴിമതിക്കേസില്‍ ടി.പി. ദാസനെതിരേയും വിജിലന്‍സിന് തെളിവുകണ്ടെത്താനായില്ല.
അഴിമതിക്കേസുകളിലെല്ലാം പിന്നാക്കംപോകുന്നത് സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക സി.പി.എമ്മിലും സി.പി.ഐ.യിലും ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലും ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കനുസൃതമായാണ് വിജിലന്‍സിന്റെ നിഗമനങ്ങള്‍ ഉണ്ടാകുന്നതെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിലും ഉയരുന്നത്.
Post Your Comments