തിരുവനന്തപുരം•അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ അഴിമതിക്കേസുകള്‍ അട്ടിമറിച്ച് അഴിമതിയെ കുടപിടിച്ച് സംരക്ഷിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.
അനധികൃതമായി വയല്‍ നികത്തി റിസോര്‍ട്ട് നിര്‍മ്മിച്ച കേസില്‍ തോമസ് ചാണ്ടിയ ഒന്നാം പ്രതിയാക്കിയ കേസില്‍ ത്വരിതാന്വേഷണം നടത്തി കേസെടുക്കാമെന്ന് ശിപാര്‍ശ ചെയ്ത അന്വേഷണ സംഘത്തെ പിണറായി സര്‍ക്കാര്‍ നീക്കിയത് കേസ് അട്ടിമറിക്കാനാണ്. മുന്‍മന്ത്രിമാരായ കെ.ബാബു, കെ.എം മാണി തുടങ്ങിയവരുള്‍പ്പെട്ട വിജിലന്‍സ് കേസുകളും അന്വേഷണം അവസാനിപ്പിക്കുകയാണ് . മാണിയുടെ ബാര്‍കോഴക്കെതിരെ നിയമസഭയില്‍ ബജറ്റവതരണം വരെ സ്തംഭിപ്പിച്ച് സമരം ചെയ്തവര്‍ തന്നെ മാണിക്ക് ഇടതു മുന്നണിയിലേക്ക് പരവതാനി വിരിക്കുകയാണ്.
അഴിമതി വെച്ചുപൊറുപ്പിക്കില്ല എന്നതിന് പകരം ‘അഴിമതിക്കേസുകള്‍ വെച്ചുപൊറുപ്പിക്കില്ല’ എന്ന നിലപാടാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റേത്. കഴിഞ്ഞ കുറേ മാസങ്ങളായി വിജിയലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല. അഴിമതി കേസുകള്‍ ഇല്ലാതാക്കാനുള്ള മുഖ്യമന്ത്രിയുടെ ആസൂത്രിത നീക്കമാണിത്. കേരളത്തെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാരുദ്ദേശിക്കുന്നതെങ്കില്‍ വന്‍ തിരിച്ചടിയായിരിക്കും ഇടതുപക്ഷത്തിന് കേരള ജനത നല്‍കാനിരിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Post Your Comments