Latest NewsNewsInternational

വ്യോമപാതയില്‍ ഉത്തര കൊറിയന്‍ മിസൈല്‍; വിമാനത്തെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ മിസൈല്‍ : സാക്ഷികളായി വിമാന യാത്രക്കാര്‍

വാഷിംഗ്ടണ്‍: നവംബറില്‍ നടന്ന ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തിന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പോവുകയായിരുന്ന വിമാന യാത്രികര്‍ സാക്ഷികളായെന്ന് അമേരിക്കയുടെ വെളിപ്പെടുത്തല്‍. ആരെയും വകവയ്ക്കാതെയുള്ള ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ധാര്‍ഷ്ട്യത്തിന് തെളിവാണ് ഇതെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ആരോപിച്ചു.

മിസൈല്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ സാന്‍ഫ്രാന്‍സിസ്‌കോ-ഹോങ്കോങ് വിമാനം ലക്ഷ്യസ്ഥാനത്തിന് 280 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത്. അതേ വ്യോമപരിധിയില്‍ മറ്റ് 9 വിമാനങ്ങള്‍ ആ സമയത്തുണ്ടായിരുന്നു. അന്നേ ദിവസം 716 വിമാനങ്ങള്‍ ആ പാതയിലൂടെ സഞ്ചരിക്കാനുണ്ടായിരുന്നെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് അറിയിച്ചതെന്നും ടില്ലേഴ്‌സണ്‍ പറഞ്ഞു. സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും അവയൊന്നും വകവയ്ക്കാതെ മിസൈല്‍ വിക്ഷേപണ പരീക്ഷണം നടത്തിയ ഉത്തരകൊറിയയ്ക്ക് മേല്‍ ഉപരോധം ശക്തമാക്കണമെന്നും അദ്ദേഹം അമേരിക്കയ്ക്ക് വേണ്ടി സഖ്യരാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചു.

ഏത് വിമാനത്തിലെ യാത്രക്കാരാണ് പരീക്ഷണ വിക്ഷേപണം കണ്ടതെന്ന് ടില്ലേഴ്‌സണ്‍ വ്യക്തമാക്കിയില്ല. അവരുടെ യാത്ര മറ്റേതെങ്കിലും വ്യോമപാതയിലൂടെ തിരിച്ചുവിട്ടോ എന്നും അദ്ദേഹം പറഞ്ഞില്ല. ഏത് സമയത്തും പരീക്ഷണ വിക്ഷേപണങ്ങള്‍ നടത്താന്‍ തയ്യാറാവുന്ന ഉത്തര കൊറിയ അതുമൂലം വ്യോമ പാതയില്‍ സംഭവിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് ചിന്തിക്കുന്നതേയില്ലെന്നും ടില്ലേഴ്‌സണ്‍ കുറ്റപ്പെടുത്തി.

53 മിനിറ്റോളം നീണ്ടുനിന്ന പരീക്ഷണവിക്ഷേപണത്തില്‍ ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ 2500 മൈല്‍ ഉയരത്തിലെത്തിയ ശേഷമാണ് ജപ്പാന്റെ വടക്ക്പടിഞ്ഞാറന്‍ തീരത്തിന് 155 മൈല്‍ അകലെ ലാന്‍ഡ് ചെയ്തതെന്നാണ് വിവരം. ഇത് മറ്റേത് ഉത്തര കൊറിയന്‍ മിസൈലിന്റേതിലും കൂടിയ ഉയരത്തിലെത്തിയിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് പറഞ്ഞിരുന്നു.

മിസൈല്‍ കണ്ടെന്ന് ഹോങ്കോങ് ആസ്ഥാനമായ കാത്തായ് പസഫിക് എയര്‍വെയ്‌സ് ലിമിറ്റഡും കൊറിയന്‍ എര്‍ലൈന്‍സ് കമ്പനിയും പ്രസ്താവനയിലൂടെ ആ സമയത്ത് അറിയിച്ചിരുന്നു.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button