മസ്‌ക്കറ്റ് : മതനിന്ദ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി ഒമാന്‍. ഇതിനായി ഒമാന്‍ ശിക്ഷാ നിയമം പരിഷ്‌കരിച്ചു. മജ്‌ലിസ് ശൂറാ, മന്ത്രി സഭ കൗണ്‍സില്‍ എന്നിവരുടെ അംഗീകാരത്തിന് ശേഷമാണ് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് പരിഷ്‌കരിച്ച ശിക്ഷ നിയമം പഖ്യാപിച്ചിരിക്കുന്നത്. ഇസ്ലാമിനെയോ, ഖുറാനെയോ, പ്രവാചകന്മാരെയോ അല്ലെങ്കില്‍ മറ്റു മതങ്ങളെയോ നിന്ദിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെയാണ് തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്.
രാജ്യത്തിന്റെ അഭിമാനത്തെ ഹനിക്കുന്നതോ സാമ്പത്തിക മേഖലയുടെ ആത്മ വിശ്വാസത്തെ തകര്‍ക്കുന്നതോ ആയ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മൂന്നു മാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. കൃത്യ നിര്‍വഹണത്തിനിടയില്‍ പൊതു സേവകനെ കൊലപെടുത്തിയാല്‍ വധ ശിക്ഷയായിരിക്കും ലഭിക്കുക.
ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണം വില്പന നടത്തുന്നവര്‍ക്ക്, പരിഷ്‌കരിച്ച നിയമ പ്രകാരം പതിനായിരം ഒമാനി റിയാല്‍ പിഴയും പത്തു വര്‍ഷം തടവും നല്‍കും. കേടായ ഭക്ഷണം കഴിച്ചു ജീവന്‍ നഷ്ടപെടുന്ന പക്ഷം, ഭക്ഷണം വില്പന നടത്തിയാള്‍ക്കു തടവ് ശിക്ഷ പതിനഞ്ച് വര്‍ഷമാകും. രാജ്യദ്രോഹ കുറ്റങ്ങളില്‍ ഏര്‍പെട്ടാല്‍ വധ ശിക്ഷയും ലഭിയ്ക്കും.
Post Your Comments