കെയ്റോ : പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നിഗൂഢ വസ്തുവിനെ കുറിച്ചാണ് ഇപ്പോള്‍ ലോകത്തെ ചര്‍ച്ച. 1996 ഡിസംബറിലാണ്, ഈജിപ്ഷ്യന്‍ ജിയോളജിസ്റ്റായ അലി ബറാക്കാത്ത് സഹാറ മരുഭൂമിയില്‍ തന്റെ പതിവു ഗവേഷണത്തിലായിരുന്നു. ലിബിയന്‍ ഡെസര്‍ട് ഗ്ലാസുകളിലാണ് അലിയുടെ പഠനം. കിഴക്കന്‍ ലിബിയയിലെയും പടിഞ്ഞാറന്‍ ഈജിപ്തിലെയും സഹാറ മരുഭൂമിയുടെ ഭാഗങ്ങളില്‍ കണ്ടുവരുന്ന ഒരു തരം വസ്തുക്കളാണ് ഡെസര്‍ട് ഗ്ലാസ് എന്നറിയപ്പെടുന്നത്. 2.8 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയില്‍ പതിച്ച ഒരു ഉല്‍ക്കയില്‍ നിന്നുള്ള ഭാഗങ്ങളാണ് ഇതെന്നാണു കരുതുന്നത്. എന്നാല്‍ പതിവുനിരീക്ഷണത്തിനിടെ കണ്ടെത്തിയ ഒരു സംഗതി അലിയുടെ കണ്ണിലുടക്കി. പലതരം വര്‍ണങ്ങള്‍ നിറഞ്ഞ ഒരു കല്ല്! എന്തുതരം ധാതുവാണതെന്ന് അലിക്കു മനസ്സിലായില്ല. അദ്ദേഹത്തിനു മാത്രമല്ല രണ്ടു ദശാബ്ദക്കാലത്തിലേറെ പഠനം നടത്തിയിട്ടും ആ ധാതുക്കളുടെ വരവ് എവിടെ നിന്നാണെന്ന് ശാസ്ത്രലോകത്തിനും പിടികിട്ടിയിട്ടില്ല.
ഏറ്റവും പുതിയ സ്‌കാനിങ് സാങ്കേതികത ഉപയോഗിച്ച് അവര്‍ നടത്തിയ നിരീക്ഷണത്തില്‍ ഒരുകാര്യം മാത്രം വ്യക്തമായി- സൗരയൂഥത്തില്‍ എവിടെയും ഇത്തരമൊരു വസ്തുവിനെ ഇതിനു മുന്‍പ് കണ്ടെത്താനായിട്ടില്ല. ഇതുവരെ കണ്ടെത്തിയ ഛിന്നഗ്രഹങ്ങളിലോ ഉല്‍ക്കയിലോ ഇത്തരമൊരു വസ്തുവില്ല. ലോകത്ത് ആരും ഇന്നേവരെ കാണാത്ത തരം ധാതുക്കളുടെ കൂട്ടായ്മയായിരുന്നു അത്. അതും ഒരു വസ്തുവിലും കാണാത്ത തരത്തില്‍, തികച്ചും വ്യത്യസ്തമായി വിന്യസിക്കപ്പെട്ട മൂലകങ്ങളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യത്തോടെ!
2013ലാണ് ലോകത്ത് എവിടെയും ഇന്നേവരെ കാണാത്ത തരം ധാതുക്കളാണ് തങ്ങള്‍ക്കു ലഭിച്ചിരിക്കുന്നതെന്ന് പഠനം നടത്തുന്ന ജൊഹന്നാസ്ബര്‍ഗ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കിയത്. ആ ‘കല്ലിന്’ ഒരു പേരും നല്‍കി-ഹൈപേഷ്യ. എഡി നാലാം നൂറ്റാണ്ടില്‍ അലക്‌സാണ്ട്രിയയില്‍ ജീവിച്ചിരുന്ന ഗണിത-വാനശാസ്ത്ര വിദഗ്ധയായിരുന്നു ഹൈപേഷ്യ. അന്നത്തെ മതാചാര്യന്മാര്‍ക്ക് ഒരുതരത്തിലും അംഗീകരിക്കാനാകാത്ത വിധം ശാസ്ത്രത്തിന്റെ സഹായത്തോടെ പല അന്ധവിശ്വാസങ്ങളുടെയും യാഥാര്‍ഥ്യം പുറത്തു കൊണ്ടുവന്നതോടെയാണ് ഹൈപേഷ്യ കൊല്ലപ്പെടുന്നത്. അവരോടുള്ള ആദരസൂചകമായിട്ടായിരുന്നു പേര്.
സൗരയൂഥം എങ്ങനെയാണു രൂപീകരിക്കപ്പെട്ടത് എന്നതിനുള്‍പ്പെടെയുള്ള ഉത്തരമാണ് ‘ഹൈപേഷ്യക്കല്ല്’ ഒളിച്ചു വച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പ്രപഞ്ചം രൂപമെടുക്കുന്ന സമയത്തായിരുന്നിരിക്കണം ഹൈപേഷ്യയുടെയും ജനനം. അതായത് സൂര്യനും അതിനെ ചുറ്റിയുള്ള ഗ്രഹങ്ങള്‍ക്കും ഏറെ മുന്‍പേ രൂപപ്പെട്ടവ! അതിനാല്‍ത്തന്നെ ഇന്നേവരെ എഴുതി വച്ചിട്ടുള്ള സൗരയൂഥ ചരിത്രത്തെ മൊത്തം തിരുത്തിയെഴുതാവുന്ന വിധം രഹസ്യങ്ങളാണ് ഹൈപേഷ്യയില്‍ ഒളിച്ചിരിക്കുന്നത്. ഭൂമിയിലേക്ക് പതിക്കുമ്പോള്‍ മീറ്ററുകള്‍ വ്യാസമുള്ള കല്ലായിരുന്നിരിക്കണം ഇത്. വീഴ്ചയുടെ ആഘാതത്തില്‍ സെന്റിമീറ്ററുകള്‍ മാത്രം വലുപ്പത്തിലുള്ള കഷണങ്ങളായി ചിതറി. ‘പെബ്ള്‍സ്’ എന്നാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരു സെന്റി മീറ്റര്‍ മാത്രം വലുപ്പമുള്ള കൂടുതല്‍ കല്ലുകള്‍ ലഭിക്കാനുള്ള സാധ്യതയും അതിനാല്‍ ഗവേഷകര്‍ തള്ളിക്കളയുന്നില്ല. വജ്രം ഉള്‍പ്പെടെയുണ്ട് ഇവയ്ക്കുള്ളില്‍.
ഹൈപേഷ്യയുടെ ആവിര്‍ഭാവം സംബന്ധിച്ച് രണ്ടു സിദ്ധാന്തങ്ങളാണു ഗവേഷകര്‍ മുന്നോട്ടു വയ്ക്കുന്നത്. ഒന്ന്- സൗരയൂഥത്തിന്റെ രൂപീകരണത്തിനും മുന്‍പേയുണ്ടായിരുന്ന ഒരു ഉല്‍ക്കയുടെ ഭാഗമാണ് ഹൈപേഷ്യ. പിന്നീട് ഭൂമിയുടെ രൂപീകരണത്തിനു ശേഷം അതിലേക്ക് പതിച്ചതാകണം. രണ്ട്- സൗരയൂഥം രൂപീകരിക്കപ്പെട്ട അതേ ‘കോസ്മിക് ഡസ്റ്റ് ക്ലൗഡി’ല്‍ നിന്നു തന്നെയാകണം ഹൈപേഷ്യയും രൂപീകരിക്കപ്പെട്ടത്. രണ്ടായാലും പ്രപഞ്ചരൂപീകരണം സംബന്ധിച്ച നിഗൂഢ രഹസ്യങ്ങളാണ് ഈ ‘അദ്ഭുതക്കല്ല്’ ഒളിച്ചു വച്ചിരിക്കുന്നത്. പഠനത്തിന്റെ വിവരങ്ങള്‍ ജിയോകെമിക്കല്‍ സൊസൈറ്റിയുടെയും മീറ്റിയോറിറ്റിക്കല്‍ സൊസൈറ്റിയുടെയും സംയുക്ത ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments