ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്തേക്ക്. ലാഗ്രജിയൻ പോയിന്റിൽ (എൽ-1) ഇന്ന് വൈകുന്നേരം നാലിനും നാലരയ്‌ക്കുമിടയിലായി പേടകം ഹാലോ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 125 ദിവസം കൊണ്ട് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ലാഗ്രഞ്ച് പോയിന്റിലെത്തുന്നത്.
ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽ പെടാതെ ലാഗ്രഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാകും പേടകം വലം വെക്കുക. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണിത്. 1,475 കിലോഗ്രം ഭാരമുള്ള പേടകം അഞ്ച് വർഷകാലമാകും സൂര്യന്റെ രഹസ്യങ്ങൾ കണ്ടെത്തനായി ലാഗ്രഞ്ച് പോയിന്റിൽ നിലകൊള്ളുക. സൂര്യനെ സദാസമയവും നിരീക്ഷിച്ച് ബഹിരാകാശ കാലാവസ്ഥയെ പഠിക്കാൻ ശാസ്ത്രജ്ഞരെ അനുവദിക്കും.
സെപ്റ്റംബർ രണ്ടിനാണ് ആദിത്യ എൽ-1 യാത്ര പുറപ്പെട്ടത്. ശ്രീഹരിക്കോട്ടയിൽ നിന്ന് പിഎസ്എൽവി സി 57 റോറക്കറ്റിന്റെ തേരിലേറിയായിരുന്നു കുതിപ്പ്. തുടർന്ന് സെപ്റ്റംബർ 19-ന് ട്രാൻസ്-ലാഗ്രാൻജിയൻ പോയിന്റ് 1 ഇൻസെർഷൻ (TL1I) നടത്തി.
ഒക്ടോബർ ആറിന് റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകളുടെ സഹായത്തോടെ ട്രജക്റ്ററി കറക്ഷൻ മാനുവർ (TCM) നടത്തി. പേടകം അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനായിരുന്നു ഇത്. എൽ-1 പോയിന്റിൽ എത്തിച്ചേർന്ന് ഹാലോ ഭ്രമണപഥത്തെയാകും ആദിത്യ എൽ-1 പ്രദക്ഷിണം വെക്കുക.
Post Your Comments