തിരുവനന്തപുരം•മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യയുടെ പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗത്ത് ലൈവിന്റെ ചീഫ് എഡിറ്ററും അറിയപ്പെടുന്ന മാധ്യമ നിരീക്ഷകനും സുപ്രീം കോടതി അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാനാണ്. ഇവാര്‍ത്ത മാനേജിങ് എഡിറ്റര്‍ അല്‍ അമീന് പുതിയ പ്രസിഡന്റായും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന് സ്കറിയ പുതിയ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി പ്രവര്‍ത്തിക്കുന്നത് കാസര്‍ഗോഡ് വാര്‍ത്ത മാനേജിങ് എഡിറ്റര്‍ അബ്ദുള്‍ മുജീബാണ്. വൈസ് പ്രസിഡന്റ് സത്യം എഡിറ്റര്‍ വിന്‍സന്റ് നെല്ലിക്കുന്നേല്‍ ആണ്. ജോയിന്റ് സെക്രട്ടറിമാര്‍ (1) ഷാജി ജോണ്‍ മെട്രോ മാറ്റിനി, (2) അജയ് മുത്താന വൈഗ ന്യൂസ്.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍
സുഹൈല്‍ – ഡൂള്‍ ന്യൂസ്
സോയ്മോന്‍ മാത്യു – മലയാളി വാര്‍ത്ത
വിജേഷ് – ഈസ്റ്റ് കോസ്റ്റ് ഡെയ്ലി
ബിനു ഫാല്‍ഗുണന്‍ – വണ്‍ ഇന്ത്യ
കുഞ്ഞിക്കണ്ണന് – കെ വാര്‍ത്ത
ഷബീര്‍ – ബിഗ് ന്യൂസ്
ബിജ്നു – കേരള ഓണ്‍ലൈന്‍
ശ്രീജിത് – ട്രൂ വിഷന്‍
ഷാജി – എക്സ്പ്രസ് കേരള
ട്രിവാന്‍ഡ്രം ക്ലബില്‍ വച്ച് കഴിഞ്ഞ ദിവസം കൂടിയ വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് വച്ച് മന്ത്രിമാരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും അടങ്ങുന്ന പ്രമുഖരെ ഉള്‍പ്പെടുത്തി അഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു. സോയ്മോന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ അതിനുവേണ്ടി പ്രത്യേക കമ്മിറ്റിക്ക് രൂപം നല്കി. ന്യൂ മീഡിയ രജിസ്ട്രേഷന് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ പിആര്‍ഡിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. അംഗത്വത്തിനായി പുതിയതായി അപേക്ഷിച്ച അഞ്ച് ഓണ്‍ലൈന്‍ പത്രങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ കമ്മിറ്റിയെ നിയമിച്ചു.
കോം ഇന്ത്യയുടെ പുതിയ വെബ്സൈറ്റിന് രൂപം നല്കാന് വണ്‍ ഇന്ത്യ മലയാളത്തിലെ ഷിനോദ് എടക്കാടിനെ ചുമതലപ്പെടുത്തി.
ഈസ്റ്റ്കോസ്റ്റ് ഡെയ്ലി, മറുനാടന്‍ മലയാളി, , ഇ വാര്‍ത്ത, വണ്‍ ഇന്ത്യ മലയാളം ഡൂള്‍ ന്യൂസ്, സത്യം ഓണ്‍ലൈന്‍, ട്രൂ വിഷന്‍, എക്സ്പ്രസ് കേരള, ഗ്രാമജ്യോതി, മലയാളി വാര്‍ത്ത, ന്യൂസ് മൊമന്റ്സ്, സൗത്ത് ലൈവ്, കെവാര്‍ത്ത, കാസര്‍കോട് വാര്‍ത്ത, വൈഗ ന്യൂസ്, മെട്രോ മാറ്റിനി, ബിഗ് ന്യൂസ് ലൈവ്, മലയാളം ഇ- മാഗസിന്, പത്രം ഓണ്‍ലൈന്‍, അഴിമുഖം, നാരദ ന്യൂസ്, ഏഷ്യന്‍ ഗ്രാഫ്, കേരള ഓണ്‍ലൈന്‍ ന്യൂസ് എന്നിവയാണ് സംഘടനയിലെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍.
ദിവസേന കുറഞ്ഞത് പതിനായിരം വായനക്കാരും കേരളത്തില്‍ ഓഫീസും രണ്ട് എഡിറ്റോറിയല്‍ ജീവനക്കാരടക്കം മൂന്ന് ജീവനക്കാരും ഉള്ള പോര്‍ട്ടലുകള്‍ക്ക് മാത്രമാണ് കോം ഇന്ത്യയില്‍ അംഗത്വം നല്‍കുന്നത്. ഈ യോഗ്യത ഉള്ള ന്യൂസ് പോര്‍ട്ടലുകള്‍ക്ക് അംഗത്വത്തിനായി ചുവടെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കാവുന്നതാണ്. വേണ്ടത്ര പരിശോധനകള്‍ക്ക് ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതി ലഭിച്ചാല്‍ യോഗ്യതയുള്ളവര്‍ക്ക് കോം ഇന്ത്യയില്‍ പ്രവേശനം നല്‍കും. ഇ-മെയില്‍ വിലാസം:- office@comindia.org
Post Your Comments