ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണസംവിധാനത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു ചീഫ് ജസ്റ്റിസ്. . ആധാർ, ശബരിമല, സ്വവർഗരതി തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. ജഡ്ജിമാരായ എ.കെ. സിക്രി, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരാണ് ബെഞ്ചിലുള്ളത്.
കേസുകൾ പരിഗണിക്കുന്ന ബെഞ്ചുകൾ തീരുമാനിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ ചീഫ് ജസ്റ്റിസിനോടു വിയോജിപ്പു രേഖപ്പെടുത്തി മുതിർന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, കുര്യൻ ജോസഫ്, മദൻ ബി.ലോക്കൂർ, രഞ്ജൻ ഗൊഗോയി എന്നിവർ പരസ്യമായി വാർത്താ സമ്മേളനം വിളിച്ച് പ്രതിഷേധിച്ചിരുന്നു. ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയിൽ നടന്ന ഈ വാർത്താസമ്മേളനം സുപ്രീംകോടതി ജഡ്ജിമാർക്കിടയിലെ അഭിപ്രായ ഭിന്നതകൾ പുറത്താകുകയും ചെയ്തിരുന്നു.
ഈ സംഭവം രാജ്യത്തെ ഭരണഘടനാ പ്രതിസന്ധിയുടെ വക്കുവരെ എത്തിച്ചിരുന്നു. പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കവെയാണ് ഇവരെ നാലു പേരെയും ഒഴിവാക്കി നിർണായക കേസുകൾ പരിഗണിക്കുന്നതിനുള്ള ഭരണഘടനാ ബെഞ്ച് ചീഫ് ജസ്റ്റിസ് രൂപീകരിച്ചത്.
Post Your Comments