NewsPrathikarana Vedhi

കൊക്കിന് വച്ചത് ചക്കിന് കൊണ്ടുവോ? സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി ജഡ്ജിമാര്‍ നടത്തിയ പ്രസംഗങ്ങള്‍ വിരല്‍ ചൂണ്ടുന്നത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുമ്പോള്‍ ബോധ്യപ്പെടുന്നത്

സുപ്രീം കോടതി ജഡ്‌ജിമാരുടെ ഇടയിലെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നതാണ് ഏറ്റവും പുതിയ വാർത്തകൾ. ഏറെ സന്തോഷം പകരുന്ന കാര്യമാണിത്. ഏറെ നീണ്ടുനിന്നില്ലെങ്കിലും ഇന്ത്യൻ ജനതയെ ആകെ അലട്ടിയിരുന്ന വിഷയമാണല്ലോ അത്. ന്യായാധിപന്മാരുടെ ‘പുതിയ പോരാട്ടം’ എവിടേക്കാണ് നീങ്ങുക; അത് ഏത് വിധത്തിലാണ് ഇവിടെ പ്രതിഫലിക്കുക; പരസ്യ വിമർശനത്തിന് തയ്യാറായ ന്യായാധിപന്മാർ യഥാർഥത്തിൽ സമൂഹത്തിൽ ഒറ്റപെടുകയോ അല്ലെങ്കിൽ മുൻകാലങ്ങളിൽ ഒന്നും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള വിമർശനങ്ങൾക്ക് വിധേയരായില്ലേ…… സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അഭിപ്രായങ്ങളും വിമർശനങ്ങളും ഈ ന്യായാധിപന്മാരെ സമ്മർദ്ദത്തിലാക്കിയോ……. ജീവിതത്തിൽ മറ്റുള്ളവരെ വിമർശിക്കുക മാത്രം ചെയ്തിട്ടുള്ള, ആരെയും കടന്നാക്രമിക്കാൻ ലൈസൻസ് ഉള്ള ന്യായാധിപന്മാർക്ക് , സുപ്രീം കോടതിയിലെ തന്നെ മുൻ ന്യായാധിപന്മാരിൽ നിന്നും മുൻപ് സോളിസിറ്റർ ജനറലായും അറ്റോർണി ജനറലയുമൊക്കെ സേവനമനുഷ്ഠിച്ച മുതിർന്ന – ഏറെ ബഹുമാന്യരായ അഭിഭാഷകരിൽ നിന്നും ഏറ്റുവാങ്ങേണ്ടിവന്ന തിരുത്തലുകളും വിമർശനങ്ങളും പുതിയ അനുഭവമല്ലേ പകർന്നു നൽകിയത്?. ഇതൊക്കെ വേണ്ടിയിരുന്നില്ല എന്നത് പലർക്കും പിന്നീട് തോന്നിയിട്ടില്ലേ?. ഡി രാജയെപ്പോലെ ചിലർ ഉണ്ടാക്കിയ തലവേദന ജഡ്‌ജിമാരുടെ പദ്ധതിയെ അക്ഷരാർഥത്തിൽ അട്ടിമറിച്ചില്ലേ?. രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനവും പിന്തുണക്കലുമൊക്കെ ദോഷകരമായില്ലേ……. . ഇതിനെല്ലാമിടയിൽ “എല്ലാം കഴിഞ്ഞു, ചെയ്യേണ്ടതൊക്കെ ചെയ്തു, ഇനി ഒന്നുമില്ല” എന്ന് പറയാൻ ആ ന്യായാധിപന്മാരിൽ ചിലരെങ്കിലും തയ്യാറായത് അതുകൊണ്ടാണോ?. ………….. എന്നതൊക്കെ ജന മനസ്സിൽ ഉയർന്നുവന്നിരുന്നുവല്ലോ.

സമൂഹ മാധ്യമങ്ങളിൽ വരുന്നതിനെയൊക്കെ ഗൗരവത്തിലെടുക്കണം എന്നല്ല. എന്നാൽ ഈ നാല് ജഡ്ജിമാരുടെ നീക്കങ്ങൾ രാഷ്ട്രീയപ്രേരിതമാണ് എന്നുവരെ പലരും വിമർശിക്കുന്നുണ്ട്. ബിജെപി വിരുദ്ധ പക്ഷത്തിന്റെ ഒരു കർമ്മപദ്ധതിക്ക് ജഡ്ജിമാർ നിന്നുകൊടുക്കുകയായിരുന്നില്ലേ എന്ന് സംശയം പ്രകടിപ്പിച്ചവരെയും നമ്മൾ സമൂഹ മാധ്യമങ്ങളിൽ കണ്ടു. അതൊക്കെ അങ്ങിനെ പറയാൻ പാടില്ലതന്നെ. ജഡ്ജിമാർ ജഡ്ജിമാർ തന്നെ. അവരെ ബഹുമാനിക്കാൻ നമ്മളൊക്കെ ബാധ്യസ്ഥരാണ്. കോടതിയെ വിമർശിക്കാനോ ജഡ്ജിമാരെ ആക്ഷേപിക്കാനോ പാടില്ല. പക്ഷെ അനിതരസാധാരണമായ വിധത്തിൽ ഒരു കാര്യം നടക്കുമ്പോൾ സംശയങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. ജനങ്ങൾ അങ്ങിനെയാണ്. സമൂഹ മാധ്യമങ്ങൾ സജീവമായ ഇക്കാലത്ത് ആർക്കും എന്തുമാവാമെന്ന തോന്നലുമുണ്ട്. അതുകൊണ്ടൊക്കെ ന്യായാധിപന്മാർ മുൻപൊരിക്കലും പ്രതീക്ഷിക്കാത്ത, ചിന്തിക്കാത്തവിധത്തിലുള്ള വിമർശനങ്ങൾക്ക് വിധേയരായത് . “ഇക്കൂട്ടർ വേണമെങ്കിൽ രാജിവെച്ച്‌ പൊയ്ക്കൊള്ളട്ടെ” എന്നുവരെ ഒരു മുൻ സുപ്രീം കോടതി ജഡ്ജി പറഞ്ഞത് മാധ്യമങ്ങളിൽ കണ്ടു. അത്തരം വിമര്ശനങ്ങളൊക്കെ മുൻകാലങ്ങളിൽ ഉണ്ടാവാറില്ലല്ലോ. ഒരർഥത്തിൽ ചിന്തിച്ചാൽ ജഡ്ജിമാരെസംബന്ധിച്ചിടത്തോളം അത് സ്വയം കൃതാനർത്ഥം ആണുതാനും. ജഡ്ജിമാർ വാർത്താസമ്മേളനത്തിന് തയ്യാറായില്ലെങ്കിൽ ഇതൊന്നും ഇങ്ങനെ ചർച്ചചെയ്യപ്പെടുമായിരുന്നില്ല; ജഡ്ജിമാരെക്കുറിച്ച് ആരും മോശമായി സംസാരിക്കുകയുമില്ലായിരുന്നു.

മറ്റൊന്ന് ബഹുമാന്യരായ ജഡ്ജിമാർ ഒരു വിഷയമുന്നയിച്ചപ്പോൾ അതിന് പിന്തുണയുമായി ചില രാഷ്ട്രീയ-മത നേതാക്കൾ പരസ്യമായി രംഗത്ത് വന്നതാണ്. നിരോധിക്കപ്പെടേണ്ട സംഘടനയാണ് എന്ന് കരുതപ്പെട്ടവർ പോലും അക്കൂട്ടത്തിലെത്തി. ന്യായാധിപന്മാർ ഉന്നയിച്ചത് സുപ്രീം കോടതിയിലെ വിഷയമാണ്. അതിനെയെന്തിനാണ് രാഷ്ട്രീയകക്ഷികൾ ഏറ്റെടുക്കുന്നത്. അങ്ങിനെയൊക്കെ ഒരു പിന്തുണ ജഡ്ജിമാർ ആഗ്രഹിക്കുന്നുണ്ടായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. പക്ഷെ അതുണ്ടായി. അതും ന്യായാധിപന്മാരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാക്കാൻ ജനങ്ങളെ നിർബന്ധിതരാക്കിയിരിക്കണം. ജഡ്ജിമാരെ കുഴപ്പത്തിലാക്കിയത് ഇത്തരം ചിലരുടെ, രാഷ്ട്രീയ-മത നേതാക്കളുടെ പരസ്യ നിലപാടുകളാണ് എന്നർത്ഥം. ഉദാഹരണം രാഹുൽഗാന്ധി അന്ന് രാത്രി നടത്തിയ പത്രസമ്മേളനം. അത് ആസൂത്രിതമായിരുന്നു എന്നതിൽ സംശയമില്ല. പി ചിദംബരം, കപിൽ സിബൽ, മനു അഭിഷേക് സിംഗ്‌വി തുടങ്ങിയ മുതിർന്ന വക്കീലന്മാരുമായടക്കം ചർച്ചകൾ നടത്തിയശേഷമാണ് രാഹുൽ ഗാന്ധി പത്രസമ്മേളനത്തിന് തയ്യാറായത് എന്നത് കാണാതെ പോയിക്കൂടാ. അതിനൊപ്പം വായിക്കേണ്ടതാണ് പിൻവാതിലിലൂടെ ജസ്റ്റിസ് ജെ ചെലമേശ്വറിനെ കാണാൻ സിപിഐ നേതാവ് ഡി രാജ പോയത്. മുൻ വാതിലിലൂടെ ജഡ്ജിയുടെ വീട്ടിലേക്ക് പോകാനുള്ള കരുത്ത്‌ സിപിഐ നേതാവിനും ഇല്ലായിരുന്നോ അതോ ഒളിച്ചുപോകേണ്ട കാര്യമാണ് അജണ്ടയിലുണ്ടായിരുന്നത് എന്നതാണോ കാര്യം എന്നത് വ്യക്തമല്ല. എന്തായാലും ഒരു ന്യായാധിപൻ ആഗ്രഹിച്ചതാണ് ഡി രാജ ചെയ്തത് എന്നത് ആരെങ്കിലും പറഞ്ഞാൽ ഇപ്പോഴും വിശ്വസിക്കാൻ പ്രയാസമാണ്. അങ്ങിനെയല്ലേ നമുക്ക് ജഡ്ജിമാരെ ഇപ്പോഴും കാണാൻ പറ്റൂ. അത് തിരിച്ചറിഞ്ഞത് കൊണ്ടാണോ സിപിഐ രാജ സഖാവിനെ പരസ്യമായി തള്ളിപ്പറഞ്ഞത് ; അതോ തങ്ങൾ ആഗ്രഹിച്ച, വളരെ പ്രതീക്ഷിച്ച, ഒരു പദ്ധതി രാജയുടെ നീക്കം മൂലം നിറംമങ്ങി എന്ന വിലയിരുത്തലാണോ?. പിന്നെയുള്ളത് സിപിഎം നേതാവ് സീതാറാം യെച്ചൂരി, കത്തോലിക്കാ സഭ, എസ്‌ഡിപിഐ – എൻഡിഎഫ് പോലുള്ള സംഘടനകൾ……… ഇവരുടെയൊക്കെ അമിത താല്പര്യമെന്താണ്?.

ജഡ്ജിമാരും വിവാദം
ആഗ്രഹിച്ചോ ?

സുപ്രീം കോടതി ജഡ്‌ജിമാരുടെ വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരിൽ നിന്ന് ഒരു ചോദ്യം ഉയർന്നിരുന്നു. ” ഇപ്പറയുന്ന കേസുകളിൽ ലോയയുടെ മരണവുമായി ബന്ധപ്പെട്ടതും ഉൾപ്പെടുമോ?”. അതും പെടുമെന്ന് ഒരു ജഡ്‌ജിയുടെ മറുപടി. ഉടനെ കേട്ടിരുന്ന അടുത്ത ജഡ്‌ജി, ” അതുമാത്രമല്ല വേറെയും അനവധി കേസുകളുണ്ട്…….”. കുറെ വാർത്താ ചാനലുകൾക്ക് “ലോയ വധം” ആയി പിന്നെ ബ്രെക്കിങ് ന്യൂസ് . അദ്ദേഹത്തെ വെടിവെച്ച് കൊന്നതാണ് എന്നുവരെ പറഞ്ഞ അവതാരകരെ മലയാള ടിവിചാനലുകളിൽ കണ്ടതോർക്കുക. ” അമിത്ഷാക്ക് എതിരായ കേസിന്റെ പേരിലാണ് നാല് ന്യായാധിപന്മാർ പരസ്യമായി രംഗത്തുവന്നത്, ഇത് അതീവ ഗുരുതരമായ അവസ്ഥ ………. എന്നൊക്കെ അവർ വാർത്തകൾ നൽകി. ഇപ്പോഴും നമ്മുടെ ചില ചാനലുകളും അതിലെ അവതാരകരും അതിലൊക്കെ ഊന്നിയാണ് നിൽക്കുന്നത്. ഇവിടെ സുപ്രീം കോടതി ജഡ്ജിമാർ നടത്തിയ പ്രസ്താവനയിലേക്ക് ഞാൻ കടക്കുന്നില്ല. എന്നാൽ ഈ ചരിത്രമറിയുമ്പോൾ അവരുടെ തെറ്റിദ്ധാരണയെക്കുറിച്ചും വായനക്കാർക്ക് ഏതാണ്ടൊരു വ്യക്തതയുണ്ടാവും എന്ന് കരുതുകയാണ്. ‘കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കാമോ ‘ എന്നത് നാട്ടിൽ സാധാരണ പറയാറുള്ള ചൊല്ലാണ് . അത് എല്ലാവര്ക്കും ബാധകമാണല്ലോ. സുപ്രീം കോടതി ജഡ്ജിമാർക്കും അതിൽ നിന്നൊന്നും ഒഴിഞ്ഞുനിൽക്കാൻ കഴിയുന്നുണ്ടാവില്ല. അതെന്തായാലും അവരുടെ വിശ്വാസം അവരെ നയിക്കട്ടെ. ഇന്നലെ മരണമടഞ്ഞ ആ ജഡ്ജിയുടെ മകൻ പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തി അച്ഛന്റെ മരണം സംബന്ധിച്ച് ഒരു സംശയവും തെറ്റിധാരണയും ഇല്ലെന്ന് വിളിച്ചുപറഞ്ഞതോടെ എല്ലാം തീരേണ്ടതാണ്. എന്നാൽ അത് അങ്ങിനെയാവും എന്ന് കരുതുന്നില്ല. കാരണം അത് തുടങ്ങിവെച്ചവർക്കും ഇത്രത്തോളം എത്തിച്ചവർക്കും ഒരു അജണ്ടയുണ്ടല്ലോ.

‘കാരവൻ’ മാസിക നെയ്തെടുത്ത കഥയിലൂന്നിയാണ് പലരും ഈ ‘കള്ളക്കഥ’യെ കണ്ടത് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. സിബിഐ കോടതി ജഡ്‌ജിയായിരുന്ന ബ്രിജ്‌ഭുഷൻ ഹരികൃഷ്ണൻ ലോയയുടെ മരണവുമായി ബന്ധപ്പെട്ട ആ കഥകൾ ഇപ്പോൾ ഏതാണ്ടൊക്കെ ‘അവിശ്വസനീയമായി’ക്കഴിഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ, മകൻ, എന്നിവർ നേരത്തെ ഇക്കാര്യങ്ങളൊക്കെ കാണിച്ച്‌ മുംബൈ ഹൈക്കോടി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ മകളും അക്കാര്യം നേരത്തെ തന്നെ പറഞ്ഞതാണ്. ” തങ്ങൾക്ക് ആദ്യം ചില സംശയങ്ങൾ ഉണ്ടായിരുന്നു. സംശയങ്ങൾ മനസ്സിൽ സൃഷ്ടിക്കാൻ ചിലർ ശ്രമിച്ചതാണ്. അത് തെറ്റിദ്ധാരണയാണ് എന്ന് ഇപ്പൊൾ ബോധ്യമായി. തങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചില വ്യക്തികളും എൻജിഒകളും ശ്രമിച്ചിരുന്നു. അത് ആരെല്ലാമെന്നും മറ്റും ഇപ്പോൾ പറയുന്നില്ല. ഇനി ദയവായി വിവാദങ്ങൾ വേണ്ട…….”. ഇതാണ് മകൻ പറഞ്ഞത്.

ബിഎച്ച് ലോയയുടെ സുഹൃത്തും റിട്ടയേർഡ് ജില്ലാ ജഡ്ജിയുമായ കെബി കാടാകെയും ഇന്നലെ ഒരു പ്രസ്താവന ഇറക്കിയിരുന്നു. അതിലും കാര്യങ്ങൾ വ്യക്തമായിട്ടാണ് പറയുന്നത്. ” ആ കുടുംബത്തെ(ലോയയുടെ) വെറുതെ വിടൂ………….അവിടെച്ചെന്ന് ചില രാഷ്ട്രീയക്കാർ സമ്മർദ്ദം ചെലുത്തുന്നു……….. ദിവസേന അവരെ ബുദ്ധിമുട്ടിക്കുകയാണ് ചിലർ, സമ്മർദ്ദത്തിലാക്കുകയാണ്…… അത് ദയവായി നിർത്തൂ…….. അവർക്ക് ആ മരണത്തിൽ ഒരു സംശയവുമില്ല. അവരെ ദയവായി വലയ്‌ക്കരുത് ……….”. ഇതാണ് അദ്ദേഹം അഭ്യർഥിച്ചത്. അതിൽ എല്ലാമുണ്ടല്ലോ. ഇല്ലാത്ത ഒരു കഥ എങ്ങിനെ ഒരു ഇംഗ്ലീഷ് മാസിക കെട്ടിയുയർത്തി; അത് രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ ചില കക്ഷികൾ എങ്ങിനെ ശ്രമിച്ചു ; അതിന്റെ പിന്നിലുണ്ടായിരുന്നു രാഷ്ട്രീയമെന്തായിരുന്നു. അതൊക്കെ പകൽ പോലെ വെളിവാക്കുന്നതാണ് ഈ രണ്ടു് വെളിപ്പെടുത്തലുകൾ. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ തൊട്ട് മുന്പായിട്ടാണ് അതെന്നതും ഓർക്കുക. ഇപ്പോൾ മുംബൈ ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമുള്ള കേസുകൾ ലോയയുടെ മക്കളും റിട്ടയേർഡ് ജഡ്ജിയും സൂചിപ്പിച്ച ‘സമ്മർദ്ദ തന്ത്രങ്ങളുടെയും’ അതിൽ ചിലർക്കുണ്ടായിരുന്ന ആ ഗൂഢ പദ്ധതിയുടെയും ഭാഗമായുള്ളതാണ് എന്നുപോലും കരുത്തേണ്ടിവരില്ലേ?. അത് കോടതി തീരുമാനിക്കട്ടെ. എന്നാൽ അതിനെക്കുറിച്ചൊക്കെ ഏതെങ്കിലും തെറ്റിധാരണകൾ നമ്മുടെ ബഹുമാന്യരായ ജഡ്ജിമാർക്ക് ഉണ്ടാവേണ്ടതുണ്ടായിരുന്നോ…..?. അങ്ങനെ എന്തെങ്കിലുമുണ്ടായിരുന്നുവെങ്കിൽ തന്നെ അത് പത്രസമ്മേളനത്തിൽ പറയണമായിരുന്നോ ?. സത്യത്തിൽ അറിയില്ല. ജഡ്ജിമാർ തങ്ങളുടെ നിലപാടും അഭിപ്രായവും വിധിന്യായത്തിലൂടെയാണ് കാണിക്കേണ്ടത് എന്നതല്ലേ നീതിവാക്യം. പക്ഷെ, അതൊക്കെയും ഇപ്പോഴും രാജ്യം ചർച്ചചെയ്യുന്നുണ്ട് എന്നതാണ് കാണാതെ പോയിക്കൂടാത്തത് .

സിബിഐ കോടതി ജഡ്ജിയുടെ
മരണം;യഥാർഥ കഥയെന്ത് ?

സിബിഐ കോടതി ജഡ്ജി ബിഎച്ച് ലോയയുടെ മരണമുണ്ടായത് നാഗപ്പൂരിലാണ്. അവിടെ സഹ ജഡ്ജിയുടെ, സ്വപ്ന ജോഷിയുടെ, മകളുടെ വിവാഹത്തിൽ സംബന്ധിക്കാനാണ് അദ്ദേഹം പോയത്. 2014 നവംബർ 30 ന് അദ്ദേഹം നാഗപ്പൂരിലെത്തി. അവിടെ സിവിൽ ലൈൻ ഏരിയയിലുള്ള രവീന്ദ്ര ഗസ്റ്റ് ഹൌസിലായിരുന്നു താമസം. തനിച്ചല്ല, കൂടെ വേറെയും രണ്ടു് ജഡ്ജിമാർ. പിറ്റേന്ന് പുലർച്ചെ നാല് മണിയോടെയാണ് അദ്ദേഹത്തിന് അസുഖം ഉണ്ടായത്. ഉടനെ കൂടെയുള്ള ജഡ്ജിമാരിൽ ഒരാൾ സ്വന്തം കാറിൽ അടുത്തുള്ള ഒരു ആശുപത്രിയിലെത്തിച്ചു. ഒരു ഡെപ്യൂട്ടി രജിസ്ട്രാറും കൂടെപ്പോയി. രാവിലെ നാലരയോടെ ആശുപത്രിയിലെത്തി. അവിടെ അപ്പോൾ ഉണ്ടായിരുന്നത് ആർഎംഒ മാത്രം. അദ്ദേഹം പരിശോധിച്ചു …. കാർഡിയാക് പ്രശ്നമാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ മികച്ച മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അതിനിടയിൽ മരണം വന്നെത്തിയിരുന്നു. അപ്പോഴേക്ക് അവിടെതന്നെയുണ്ടായിരുന്ന( നാഗപ്പൂരിൽ) മറ്റ്‌ ജഡ്ജിമാരും ആശുപത്രിയിലെത്തി. സ്വാഭാവികമാണ്, അന്ന് രാവിലെ വിവാഹത്തിനായി പലരുമെത്തിയതാണ്. ഇതൊക്കെ വിവരിക്കുന്നത് അന്ന് കൂടെയുണ്ടായിരുന്ന ജഡ്ജിമാരാണ്, ആശുപത്രിയിലെത്തിയ ജഡ്‌ജിമാരാണ് . ‘ഇന്ത്യൻ എക്സ്പ്രസ് ‘ പത്രം കഴിഞ്ഞ നവംബർ 27 ന് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിശദമായ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

മരണമുണ്ടായത് ഇത്തരമൊരു സാഹചര്യത്തിലായതിനാൽ ആവണം, കൂടെയുണ്ടായിരുന്നത് ജഡ്ജിമാർ ആയതിനാലും ആവണം, ഉടനെ പോസ്റ്റ്മോർട്ടം നടത്താനും നിർദ്ദേശമുണ്ടായി. ഞാൻ കരുതുന്നത് ജഡ്ജിമാർ തന്നെയാവണം അക്കാര്യം നിർദ്ദേശിച്ചത്. അതുകഴിഞ് മൃതദേഹം തിരികെ കിട്ടുമ്പോഴും ഈ ജഡ്ജിമാർ നാഗപ്പൂരിലുണ്ട്. അദ്ദേഹത്തിന്റെ സ്വദേശത്തേക്ക് മൃതദേഹം പോകാൻ രണ്ട്‌ കീഴ്‌ക്കോടതി ജഡ്‌ജിമാരെയും ചുമതലപ്പെടുത്തി. ഏസി ആംബുലന്സിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. സംസ്കാര ചടങ്ങുകൾ തീർന്നശേഷമാണ് കൂടെപോയ ജഡ്ജിമാർ മടങ്ങിയത്.

ഇത്രയും വായിച്ചാൽ എന്ത് ദുരൂഹതയാണ് ഉണ്ടാവുക?. എന്നാൽ മരണത്തിന് ശേഷം ആരുടെയൊക്കെ കേസുകളാണ് അദ്ദേഹം കൈകാര്യം ചെയ്തത്, എന്താണ് അവയുടെ സ്ഥിതി എന്നത് മാത്രമല്ല അത് എങ്ങിനെ പ്രയോജനപ്പെടുത്താമെന്നും “രാഷ്ട്രീയ കുതുകികൾ” അന്വേഷിച്ചിരിക്കണം. അതുകൊണ്ടാണ് കുറെയേറെ എൻജിഒ-കളുടെ തലപ്പത്തുളളവർ അവിടേക്ക് നിരന്തരം തീർത്ഥയാത്ര നടത്തിയത്. ഇവിടെ നാം കാണേണ്ട രണ്ട്‌ പ്രധാനവിഷയങ്ങളുണ്ട്.

ഒന്നു് : കുറേപ്പേർ, അതും അഭിഭാഷകരും രാഷ്ട്രീയക്കാരും സമൂഹത്തിൽ സ്ഥാനങ്ങളുള്ളവരും നിരന്തരം വന്ന് തന്റെ ഭർത്താവ്, തങ്ങളുടെ അച്ഛൻ, മരിച്ചതല്ല വധിക്കപ്പെട്ടതാണ് എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ ഏത് ഭാര്യക്കും മക്കൾക്കും, ആർക്കായാലും, മനസ്സിൽ സംശയമുയരില്ലേ?. ആ കുപ്രചരണം ആണ് ആ കുടുംബത്തെക്കൊണ്ട് ചിലപ്പോഴൊക്കെ ‘അങ്ങിനെയൊക്കെ സംഭവിച്ചിട്ടുണ്ടാവുമോ’ എന്ന് ചിന്തിപ്പിച്ചത്. സ്വാഭാവികമാണത്. രാഷ്ട്രീയക്കാർക്ക് മര്യാദയില്ലല്ലോ പലപ്പോഴും. ആ കുടുംബത്തിന്റെ അത്തരമൊരു മൂഡ് അല്ലെങ്കിൽ മാനസികാവസ്ഥ മനസിലാക്കികൊണ്ട് ഇതേ കൂട്ടർ ഒരു ഇംഗ്ലീഷ് മാസികയെ തരപ്പെടുത്തി. മാസികക്കും അതൊരു വലിയ സ്ഫോടനാത്മകമായ വാർത്തയായി. അന്ന് അവർ ലക്ഷ്യമിട്ടത് ഗുജറാത്ത് തിരഞ്ഞെടുപ്പാണ്. അത് കഴിഞ്ഞു; അവിടെ ആ ‘മിനഞ്ഞെടുത്ത കഥകൾ’ തീരെ ഏശിയതുമില്ല.

രണ്ട്‌ : അന്തരിച്ച ജഡ്ജിയുടെ വസതിയിൽ എൻജിഒ-കളുടെ, അല്ലെങ്കിൽ അതിന്റെ അധിപന്മാരുടെ, തുടർച്ചയായുള്ള സാന്നിധ്യം സൂചിപ്പിച്ചുവല്ലോ. വിദേശത്തുനിന്ന് പണം കൈപ്പറ്റി രാഷ്ട്രവിരുദ്ധ പ്രവർത്തനം നടത്തിയിരുന്നതും കണക്ക് കൊടുക്കാതിരുന്നതുമായ കുറെയേറെ എൻജിഒ കൾ ഇന്നിപ്പോൾ പൊരുതിക്ക് ബുദ്ധിമുട്ടുകയാണല്ലോ. അവയുടെ ലൈസൻസ് റദ്ദാക്കപ്പെട്ടതാണ് കാര്യം. മാത്രമല്ല ബാങ്ക് ഇടപാടുകളുടെ പേരിൽ കേസുകൾ വേറെയും. ഇതുവരെ അങ്ങിനെയൊക്കെ ചോദിയ്ക്കാൻ ആരുമില്ലായിരുന്നു……. എന്നാലിന്ന് അന്വേഷണം നടക്കുന്നു, തട്ടിപ്പുകൾ വെളിച്ചത്താവുന്നു. സ്വാഭാവികമാണ്, അവരെല്ലാം ബിജെപിക്ക് എതിരാണ്. കേന്ദ്രത്തെ പഴിക്കുന്നു. സുപ്രീം കോടതി ജഡ്ജിമാർ കോടതിയിലെ കാര്യങ്ങൾ പരസ്യമായി പറഞ്ഞപ്പോൾ പിന്തുണയുമായി പരസ്യമായി കത്തോലിക്കാ സഭയും പഴയ എൻഡിഎഫുകാരുമൊക്കെ എത്തിയതിന് പിന്നിലും മറ്റൊന്നാവില്ല കാരണം എന്ന് കരുതുന്നയാളാണ് അല്ലെങ്കിൽ കരുതാൻ നിര്ബന്ധിക്കപ്പെടുന്ന ആളാണ് ഞാൻ . പിടിച്ചുനിൽക്കാൻ കഴിയാതായെന്നും അതുകൊണ്ട് അരമന വക വസ്തുക്കൾ വിറ്റഴിച്ചുവെന്നും മറ്റുമുള്ള വാർത്തകൾ കൂടി ഇതോടോപ്പം കാണണം. അവർക്കൊക്കെ കാത്തിരുന്നുകിട്ടിയ അസുലഭ അവസരമാണ് ഈ ജഡ്ജിയുടെ മരണം. അതുകൊണ്ടാവണം അന്തരിച്ച ജഡ്ജിയുടെ വസതിയിലേക്ക് ജാഥ പോലെ ആളുകൾ എത്തിയതും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതും. എന്നാൽ ഇതൊക്കെ രാഷ്ട്രീയക്കാരും എൻജിഒ -കളും ഉന്നയിക്കുന്നത് മനസിലാക്കാം….. എന്താണിവിടെ ജഡ്ജിമാർക്ക് കാര്യം?. അതാണ് ഇനിയും സമൂഹത്തിന് മനസ്സിലാവേണ്ടത് എന്നുതോന്നുന്നു. കോടതിയിലെ അധിപന്മാർ തന്നെ അതൊക്കെ തുറന്നുപറഞ്ഞിരുന്നുവെങ്കിൽ കാര്യങ്ങൾക്ക് വ്യക്തത വരുമായിരുന്നു. പ്രശ്നങ്ങൾ എല്ലാം തീർന്നു എന്നൊക്കെ പറയുമ്പോഴും സമൂഹത്തിന്റെ മനസിലുള്ള ചോദ്യങ്ങളിൽ ഇതൊക്കെപ്പടുമല്ലോ.

ജഡ്ജിമാർ ഉന്നയിച്ച
വിഷയം

ജഡ്ജിമാർ ഉന്നയിച്ചത് പ്രധാന കേസുകൾ ജൂനിയർ ജഡ്ജിമാർക്ക് കൊടുക്കുന്നു എന്നാണ്. അതായത് സീനിയർ ജഡ്ജിമാർക്ക് അവയൊക്കെ ലഭിക്കുന്നില്ല എന്ന് വേണമല്ലോ കരുതാൻ.കോടതിയിൽ ജൂനിയർ – സീനിയർ ജഡ്ജിമാർക്ക് ഇന്നിന്ന കേസുകൾ കൊടുക്കണം എന്നുണ്ടോ?. ഇല്ലതന്നെ. അതാണ് നിയമവിദഗ്ദ്ധരും പറയുന്നത്. “ജൂനിയർ ജഡ്ജിമാർ കഴിവില്ലാത്തവരാണ് ” എന്നൊരു ധ്വനി മുതിർന്ന ജഡ്ജിമാരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ് എന്നും മറ്റുമുള്ള ആക്ഷേപങ്ങളും ഇതിനിടയിൽ കാണുകയുണ്ടായി. അത് കോടതിയലക്ഷ്യ നടപടിക്ക് വരെ വഴിവെക്കാവുന്നതാണ് എന്ന് പറയുന്ന വക്കീലന്മാരെയും കണ്ടുവല്ലോ. ഇവിടെയാണ് , എനിക്ക് തോന്നുന്നു സീനിയർ ജഡ്ജിമാർ വിമർശിക്കപ്പെട്ടത്. കോടതിയിൽ ഏത് കേസ് ആർ കേൾക്കണം ഏത് ബെഞ്ച് വേണം എന്നതൊക്കെ തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസാണ്. അതാണ് കാലങ്ങളായുളള കീഴ്‌വഴക്കം. സുപ്രീം കോടതിയിൽ മാത്രമല്ല ഹൈക്കോടതിയിലെ അവസ്ഥയുമതാണ്. ഇന്നിപ്പോൾ വിമര്ശനമുയർത്തിയ ജഡ്ജിമാരോക്കെ ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയിരുന്നവരാണ്. അന്നവർ അതൊക്കെ അങ്ങിനെ ചെയ്തതുമതാണ്. എന്നാലിന്ന് എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വാദഗതി വരുന്നത്?. ഇന്നിപ്പോൾ ചീഫ് ജസ്റ്റിസ് തന്റെ അധികാരങ്ങൾ പങ്കുവെക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണ്? . അതിലുപരി അതൊക്കെ പരസ്യമായി ഉന്നയിച്ചതാണ് ഏറെ പ്രശ്നം. കോൺഗ്രസിന്റെ ചില നേതാക്കൾ ഉയർത്തുന്ന വാദഗതികൾ ജഡ്ജിമാർ പറയാൻ പാടില്ലല്ലോ എന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റപ്പെടുത്താൻ കഴിയുമോ?.

മറ്റൊന്ന്, കേസ് എന്തായാലും പ്രാധാന്യമുള്ളതാണ്. അങ്ങനെയാണല്ലോ കോടതി കാണേണ്ടത്. ചില കേസുകൾ പ്രധാനം, അത് തങ്ങൾ കേൾക്കണം, മറ്റുള്ളത് മോശം അത് മറ്റാരെങ്കിലും കേൾക്കട്ടെ…… ഇതും മുതിർന്ന ന്യായാധിപന്മാർ പറയാവുന്നതാണോ?. അറിയില്ല. നിയമവിദഗ്ദ്ധർ പറയുന്നത്, അത്തരം വാദങ്ങൾ ശരിയല്ല എന്നതാണ്. ഇതൊക്കെയാണ് സംശയങ്ങൾക്ക് ഇടനൽകിയത്. ഇതൊക്കെക്കൊണ്ട് ആരൊക്കെ എന്തെല്ലാം നിഗമനത്തിലും സംശയങ്ങളിലും ഇതിനിടയിലെത്തി എന്നതും കാണാതെ പോകാനാവില്ലല്ലോ. ഇന്നിപ്പോൾ പ്രശ്നങ്ങൾ തീർന്നുവെന്ന് പറയുമ്പോഴും, മൊത്തത്തിൽ നോക്കുമ്പോൾ, ഇത് നമ്മുടെ നീതിപീഠത്തിന്റെ അന്തസിനെയും ആഭിജാത്യത്തെയും കാര്യമായി ബാധിച്ചില്ലേ എന്നാരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?. അത് ജഡ്ജിമാരുടെ അന്തസിനെയും അവർക്ക് ഇന്നലെവരെയുണ്ടായിരുന്ന ഇമേജിനെയും ബാധിച്ചില്ല എന്നും പറയാനാവുമോ ആവോ.

നീതിപീഠത്തിൽ ഇത്തരത്തിൽ വിവാദങ്ങൾ അസാധാരണമാണ്. ചീഫ് ജസ്റ്റിസിനെ സഹ ജഡ്ജിമാർ പത്രസമ്മേളനം നടത്തി വിമർശിക്കുന്നതും മുന്പില്ലാത്തത് . അത് പുതിയ ഒരു കീഴ്‌വഴക്കം ഇവിടെ സൃഷ്ടിച്ചിരിക്കുന്നു. ഇന്നത് സുപ്രീം കോടതിയിലാവാമെങ്കിൽ നാളെ അത് ഹൈക്കോടതിയിലും ജില്ലാകോടതിയിലും ആയാലോ; തടയാൻ ആർക്കെങ്കിലും കഴിയുമോ?. അങ്ങിനെയൊരു വലിയ അപകടം ഇവിടെ ഉണ്ടായിരിക്കുന്നു എന്നത് നിയമവിദഗ്ദ്ധർക്കും മുൻ ജഡ്‌ജിമാർക്കുമൊക്കെ കാണാതെ പോകാനാവുമെന്ന് തോന്നുന്നില്ല. നാളെ ഇത് സുപ്രീംകോടതിയിൽ തന്നെ ആവർത്തിക്കപ്പെട്ടാലോ ; അതും കാണാതെ പോകാനാവുമോ?.

പ്രശ്നങ്ങൾ പരിഹൃതമായ സ്ഥിതിക്ക് എന്തായാലും നീതിപീഠം അന്തസോടെ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന സ്ഥിതിയുണ്ടാവുമെന്ന് തന്നെവേണം നമ്മളൊക്കെ കരുതാൻ. എല്ലാവരും നന്മ ആഗ്രഹിക്കുന്നവരാണല്ലോ. ഇപ്പോഴത്തെ സംഭവവികാസങ്ങൾ നന്മയിലേക്ക് വഴിവെക്കുമെന്നും പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button