Latest NewsKeralaNews

സെൻകുമാർ വീണ്ടും സർക്കാരിന് തലവേദന സൃഷ്ടിച്ച് പുതിയ നീക്കവുമായി

തിരുവനന്തപുരം : നിയമപോരാട്ടം നടത്തി സുപ്രീം കോടതി വിധിയിലൂടെ സംസ്ഥാന പോലീസ് മേധാവിയുടെ കസേര തിരിച്ചുപിടിച്ച ടി.പി. സെന്‍കുമാര്‍ വീണ്ടും വാർത്തകളിൽ നിറയുന്നു. തനിക്ക് നിയമനടപടിക്കു വേണ്ടി ചെലവായ അഞ്ചുലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ് അദ്ദേഹം. സര്‍ക്കാരിന്റെ തെറ്റായ നടപടിയെത്തുടര്‍ന്നാണ് തനിക്കു സുപ്രീം കോടതിയില്‍ പോകേണ്ടിവന്നതെന്നും അതിനു തന്റെ കൈയില്‍നിന്നു ചെലവായ 4,95,000 രൂപ നല്‍കണമെന്നുമാവശ്യപ്പെട്ട് ടി.പി. സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി.

രാജ്യത്തെ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണു നല്‍കിയ 4,95,000 രൂപയുടെ ഫീസിന്റെ രേഖ അടക്കമാണ് സെന്‍കുമാറിന്റെ അപേക്ഷ. ചീഫ് സെക്രട്ടറി കത്ത് നിയമോപദേശത്തിനായി നിയമവകുപ്പിന് കൈമാറിയത്.സെന്‍കുമാറിന്റെ കത്ത് നിയമവൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. സര്‍ക്കാരിനെതിരെ നിയമയുദ്ധം നടത്തി, സര്‍ക്കാരില്‍നിന്നുതന്നെ ആ തുക തിരിച്ചുപിടിക്കാനുളള സെന്‍കുമാറിന്റെ നീക്കത്തില്‍ ആഭ്യന്തരവകുപ്പ് അങ്കലാപ്പിലാണ്. ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയും സെന്‍കുമാറും തമ്മിലുള്ള ശീതസമരമാണു സുപ്രീംകോടതിവരെ കാര്യങ്ങളെത്തിച്ചത്.

നളിനി നെറ്റോയുടെ ശുപാര്‍ശ പ്രകാരമാണ് സെന്‍കുമാറിന്റെ കസേര തെറിച്ചത്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കേ പുറ്റിങ്ങല്‍ അപകടം, ജിഷ വധം എന്നീ കേസുകളില്‍ സെന്‍കുമാറിനെതിരേ റിപ്പോര്‍ട്ട് നല്‍കിയ നളിനി നെറ്റോയ്ക്ക് സുപ്രീം കോടതിയില്‍ മാപ്പുപറയേണ്ട അവസ്ഥ വരെ ഉണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button