റിയാദ്: ജിദ്ദയിലെ കിംഗ് അബ്ദുല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ അൽ അഹ്ലിയും അൽ ബാത്തും ഏറ്റുമുട്ടിയപ്പോൾ ചരിത്രം പിറന്നത് ഗാലറിയിലായിരുന്നു. പല വനിതകളും കുടുംബാംഗങ്ങൾക്ക് ഒപ്പമാണ് മത്സരം വീക്ഷിക്കാൻ എത്തിയത്. സ്റ്റേഡിയത്തിൽ പ്രത്യേകമായി ഇരപ്പിടങ്ങൾക്ക് ക്രമീകരിച്ചിരുന്നു. വനിതകൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന മുറിയും വിശ്രമ സ്ഥലവും പ്രത്യേക പാർക്കിംഗ് സൗകര്യങ്ങളും സജ്ജീകരിച്ചിരുന്നു.
സൗദി വനിതകൾ ആദ്യമായി സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം കാണാനെത്തിയ സന്തോഷത്തിലായിരുന്നു ഗാലറി. നിരവധി വനിതകളാണ് ചരിത്ര മുഹൂർത്തത്തിൽ പങ്കാളിയാകാൻ സ്റ്റേഡിയത്തിൽ എത്തിയത്. ജനുവരി18നു ദമാമിൽ നടക്കുന്ന മത്സരങ്ങളിലും വനിതകൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. മറ്റു നഗരങ്ങളിൽ മത്സരം കാണാൻ പോകുന്ന അഞ്ച് കുടുംബങ്ങൾക്ക് സൗദി എയർലൈൻസ് സൗജന്യ ടിക്കറ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡ്രൈവിംഗിനുള്ള അവസരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സ്റ്റേഡിയത്തിലെത്തി ഫുട്ബോൾ മത്സരം വീക്ഷിക്കാനുള്ള അവസരം സൗദി വനിതകൾക്ക് ലഭിച്ചത്. സൗദി ദേശീയ ദിനം പ്രമാണിച്ച് സെപ്റ്റംബറിൽ റിയാദിലെ സ്റ്റേഡിയം സന്ദർശിക്കാൻ വനിതകൾക്ക് അനുമതി നൽകിയിരുന്നെങ്കിലും മത്സരം വീക്ഷിക്കാൻ അവസരം കിട്ടിയിരുന്നില്ല. വനിതകൾക്ക് ജൂൺമുതൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യാനും അനുമതിയുണ്ടാവും.
Post Your Comments