അനില്‍ ബോസ് കടുത്തുരുത്തി
ഇന്ത്യയുടെ പരമോന്നത നീതിപീഠം, ഏത് വലിയ കുറ്റത്തിനും വലുപ്പച്ചെറുപ്പം നോക്കാതെ നീതി ലഭിക്കുമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നിടം. ഇത്തരത്തില്‍ ഒരു നീതിപീഠത്തിലെ ചീഫ് ജസ്റ്റിസിനെതിരെ മറ്റ് ജഡ്ജിമാര്‍ രംഗത്തെത്തുക. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് കോടതി നീങ്ങുന്നത്. രാജ്യത്തെ ആകമാനം ഞെട്ടിച്ചിരിക്കുകയാണ് ഇന്ന് സുപ്രീം കോടതിയില്‍ അരങ്ങേറിയ സംഭവ വികാസങ്ങള്‍.
സുപ്രീം കോടതിയുടെ ഭരണ സംവിധാനത്തിനെതിരെ പൊട്ടിത്തെറിച്ച് നാല് മുതിര്‍ന്ന ജഡ്ജിമാരുടെ നടപടിയാണ് രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്. ജസ്റ്റിസ് ജസ്തി ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാലംഗ ജഡ്ജിമാരാണ് പരസ്യമായി പത്രസമ്മേളനം വിളിച്ച് കോടതിയുടെ നിലവിലെ പ്രവര്‍ത്തന രീതികളോട് എതിര്‍പ്പ് തുറന്നു പറഞ്ഞത്.
ജസ്റ്റിസുമാരായ ചെലമേശ്വരന്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നീ ജസ്റ്റിസുമാരാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ രംഗത്തെത്തിയത്. രണ്ട് മാസം മുമ്പ് ഒരു പ്രത്യേക കാര്യം പറഞ്ഞ് ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കിയില്ല, ഇന്ന് രാവിലെയും അദ്ദേഹത്തിനെ കണ്ട് കാര്യം പറഞ്ഞെങ്കിലും ആ ചര്‍ച്ചയും പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് മാധ്യമങ്ങളെ കാണേണ്ടി വന്നതെന്നാണ് ഇവര്‍ പറയുന്നത്.
നേരത്തെ സൊറാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സിബിഐ ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹരികിഷന്‍ ലോയ ദുരൂഹ സാഹചര്യത്തില്‍ 2014ല്‍ മരണപ്പെട്ടതില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ചെലമേശ്വര്‍ അടക്കം നാല് ജസ്റ്റിസുമാര്‍ ചിഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിനെ കുറിച്ചാണ് വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ സൂചിപ്പിച്ചത് എന്നാണ് വിവരം.
ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോ എന്ന കാര്യം രാജ്യം തീരുമാനിക്കണമെന്നാണ് ചെലമേശ്വര്‍ പ്രതികരിച്ചത്. മാത്രമല്ല ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് പക്ഷാപാതമില്ലാതെ പ്രവര്‍ത്തിക്കുന്ന ജഡ്ജിമാരും നീതിന്യായ വ്യവസ്ഥ.യുമാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.
കേസുകള്‍ ഏത് ബഞ്ചില്‍ ചെല്ലണം എന്നതില്‍ ചേരിതിരിവുണ്ട്. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ ആധികാരം പരമമല്ല. ഭരണ ചുമതല മാത്രമാണുള്ളത്. കീഴ് വഴക്കങ്ങള്‍ കാറ്റില്‍ പറത്തുന്നത് കോടതിയുടെ വിശ്വാസീയതെയ ബാധിക്കും. തോന്നുന്നത് പോലെ ബഞ്ചുകള്‍ മാറ്റി മറിക്കാന്‍ ആര്‍ക്കുമാകില്ല. -ജസ്റ്റിസുമാരുടെ കത്തില്‍ പറയുന്നു.
നേരത്തെ തന്നെ സുപ്രീം കോടതിയില്‍ ജസ്റ്റിസുമാര്‍ തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായിരുന്നു. എന്നാല്‍ കോടതിക്ക് വെളിയിലേക്ക് ഇത്തരം ഒരു നടപടിയിലേക്ക് ജസ്റ്റിസുമാര്‍ നീങ്ങുന്നത് ഇതാദ്യമാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് നേരെ സുപ്രീം കോടതി അഭിഭാഷകര്‍ തന്നെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഒരു ഹര്‍ജിയും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി ജസ്റ്റിസ് ചെലമേശ്വറിന്റെ ബഞ്ചില്‍ എത്തുകയും ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മറ്റൊരു ബഞ്ച് ചെലമേശ്വറിന്റെ ഉത്തരവു റദ്ദാക്കുകയും ചെയ്തിരുന്നു. പിന്നീട് ഹര്‍ജി മറ്റൊരു ബഞ്ചിന് വിടുകയും ചെലമേശ്വറിന്റെ ഉത്തരവ് റദ്ദാക്കുകയുമായിരുന്നു. ഇത്തരത്തില്‍ നാളുകള്‍ ഏറെയായി കോടതിക്കുള്ളില്‍ നടക്കുന്ന വിഷയങ്ങളാണ് ഇപ്പോള്‍ പോട്ടിത്തെറിച്ചിരിക്കുന്നത്.
സാധരണക്കാരുടെ ഏക ആശ്രയമായ കോടതിയില്‍ തന്നെ ഇത്തരത്തില്‍ ഒരു ചേരിതിരിവും തര്‍ക്കവും ഉണ്ടാകുന്നത് രാജ്യത്തെ ആകമാനം ഞെട്ടിച്ചിരിക്കുകയാണ്. നീതി ഉറപ്പാക്കേണ്ടവര്‍ തന്നെ നീതിക്കായി വാര്‍ത്താ സമ്മേളനം വിളിക്കുന്നു എന്നത് തന്നെ ആദ്യത്തെ സംഭവമാണ്. കോടതിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും കോടതിക്ക് പുറത്തേക്ക് ഈ തര്‍ക്കം നീളുന്നതാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. നിയമം ഉറപ്പ് വരുത്തേണ്ട നീതിപീഠം ഇത്തരത്തില്‍ വലിയ ഭിന്നത നേരിടുന്നത് രാജ്യത്തിന്റെ സമത്വത്തിന് തന്നെ വെല്ലുവിളിയാകുമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
Post Your Comments