KeralaLatest NewsNews

സംസ്ഥാന കലോത്സവം: വ്യാജ അപ്പീല്‍ ഉത്തരവ് കേസില്‍ അറസ്റ്റിലായത് മുന്‍ സംസ്ഥാന കലാപ്രതിഭ

തൃശ്ശൂര്‍: സംസ്ഥാന കലോത്സവത്തിന് ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീല്‍ ഉത്തരവുണ്ടാക്കിയ കേസില്‍ അറസ്റ്റിലായത് ഹയര്‍ സെക്കന്‍ഡറി മുന്‍ കലാപ്രതിഭ. ഇപ്പോള്‍ വിയ്യൂര്‍ ജയിലിലുള്ള, മാനന്തവാടി കുഴിനിലം വേങ്ങാച്ചോട്ടില്‍ ജോബിന്‍ ജോര്‍ജ് 2001-ലെ ഹയര്‍ സെക്കന്‍ഡറി കലാപ്രതിഭയാണ്. അക്കൊല്ലം ഹയര്‍ സെക്കന്‍ഡറി കലോത്സവം പ്രത്യേകമാണ് നടത്തിയത്. നാടോടിനൃത്തത്തില്‍ ഒന്നാംസ്ഥാനവും തുകല്‍വാദ്യ (പാശ്ചാത്യം)ത്തില്‍ രണ്ടാംസ്ഥാനവും ഓട്ടന്‍തുള്ളലില്‍ എ ഗ്രേഡും നേടിയാണ് ഇയാള്‍ പ്രതിഭാ പട്ടം നേടിയത്. 2000, 2001 വര്‍ഷങ്ങളില്‍ ജോബിന്‍ വയനാട് ജില്ലാതലത്തില്‍ ഹയര്‍ സെക്കന്‍ഡറി പ്രതിഭയുമായിരുന്നു. 1997, 98, 99 വര്‍ഷങ്ങളില്‍ ഹൈസ്‌കൂള്‍തലത്തില്‍ വയനാട് ജില്ലയിലെ കലാപ്രതിഭയായിരുന്നു. 2003-ല്‍ കാലിക്കറ്റ് സര്‍വകലാശാലാ ബി സോണ്‍ കലോത്സവത്തിലും ജോബിന്‍ കലാപ്രതിഭയായി.

അറസ്റ്റിലായി വിയ്യൂര്‍ ജയിലിലുള്ള തൃശ്ശൂര്‍ ചേര്‍പ്പ് സ്വദേശി സൂരജും ജോബിനും വ്യാഴാഴ്ച ജാമ്യത്തിന് ശ്രമിച്ചിരുന്നു. പോലീസിന്റെ വാദംകൂടി കേട്ടശേഷം വെള്ളിയാഴ്ച കോടതി ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കും. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

ആറ് നൃത്താധ്യാപകര്‍കൂടി പോലീസ് വലയില്‍

വ്യാജ അപ്പീല്‍ ഉത്തരവ് ഉണ്ടാക്കിയ കേസില്‍ ആറ് നൃത്താധ്യാപകര്‍കൂടി പോലീസ് വലയിലായി. സംസ്ഥാന കലോത്സവത്തില്‍ ഇവര്‍ പരിശീലിപ്പിച്ച നിരവധി കുട്ടികള്‍ മത്സരിക്കാനുണ്ടായിരുന്നു.

അറസ്റ്റിലായവര്‍ക്ക് വ്യാജ ഉത്തരവുകള്‍ നല്‍കിയ തിരുവനന്തപുരം വട്ടപ്പാറ സ്വദേശി സതികുമാര്‍ എറണാകുളത്ത് ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം തേടാന്‍ ശ്രമിക്കുന്നതായാണ് സംശയം. മൊബൈല്‍ ടവര്‍ പരിധികളില്‍നിന്നാണ് ഇയാള്‍ എറണാകുളത്തുണ്ടെന്ന സൂചന പോലീസിനു കിട്ടിയത്. സൂരജിന് അഞ്ചും ജോബിന് നാലും വ്യാജ അപ്പീലുകളാണ് സതികുമാര്‍ സംഘടിപ്പിച്ചു നല്‍കിയത്. ഇയാള്‍ നൃത്താധ്യാപകനും തയ്യല്‍ക്കട നടത്തുന്നയാളുമാണ്. സംസ്ഥാനത്തെ പല നൃത്താധ്യാപകരുമായി സതികുമാറിന് ബന്ധമുണ്ട്. ജില്ലാ കലോത്സവങ്ങളില്‍ തങ്ങളുടെ കുട്ടികള്‍ പിന്നിലാവുമ്പോള്‍ മുതല്‍ പല നൃത്താധ്യാപകരും അപ്പീലിനായി സതികുമാറിനെ ബന്ധപ്പെടും.

20,000 രൂപ മുതല്‍ മേലോട്ടുള്ള തുകയാണ് രക്ഷിതാക്കളില്‍നിന്ന് വാങ്ങിയിരുന്നത്. മുന്‍ വര്‍ഷങ്ങളിലും ഇത്തരം വ്യാജ ഉത്തരവുകള്‍ ഇയാള്‍ വിതരണം ചെയ്തിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button