KeralaLatest NewsNews

കൊച്ചിയിലെ കവര്‍ച്ച: പ്രതികളെ പിടികൂടാനായി ഡല്‍ഹിയില്‍ നടന്നത് സിനിമയെ വെല്ലുന്ന ത്രില്ലര്‍

കൊച്ചി: ഒരു ക്രൈംത്രില്ലര്‍ സിനിമയെ വെല്ലുന്ന രീതിയിലാണ് കൊച്ചിയിലെ കവര്‍ച്ചക്കേസുകളിലെ പ്രതികളെ പോലീസ് പൊക്കിയത്. അടുത്തിടെ തിയേറ്ററിലെത്തിയ സിനിമയായ ‘തീരന്‍ അധികാരം ഒന്‍ട്രു’ എന്ന തമിഴ് സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് അവിടെ അരങ്ങേറിയത്. ജീവന്‍ പണയം വച്ചാണ് കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം ഡല്‍ഹി പോലീസിന്റെ സഹായത്തോടെ മൂന്ന് പ്രതികളെ പിടികൂടിയത്.

പള്ളുരുത്തി സി.ഐ. കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡല്‍ഹിക്ക് പുറപ്പെട്ടത് ഡിസംബര്‍ 27-ന്. 30-ന് അവിടെയെത്തി. പ്രതികളില്‍ ഒരാള്‍ കൊച്ചിയില്‍ സിംകാര്‍ഡ് എടുക്കാന്‍ തന്റെ ആധാര്‍ കാര്‍ഡ് നല്‍കിയിരുന്നു. ഇത് സൈബര്‍ പോലീസ് മനസ്സിലാക്കിയതാണ് പ്രതികളിലേക്കുള്ള സൂചന നല്‍കിയത്. അര്‍ഷാദ് എന്ന ഈ പ്രതിയുടെ ആധാറിലെ ചിത്രത്തിന് വ്യക്തതയില്ലായിരുന്നു. മാത്രമല്ല, ഇത് കൃത്യമായ വിലാസവും അല്ലായിരുന്നു. ഡല്‍ഹി പോലീസിന്റെ ക്രൈം വിങ്ങിന്റെ ക്രൈംെേ റക്കാഡ്‌സ് ബ്യൂറോ പ്രതിയുടെ പേരും അച്ഛന്റെ പേരും വച്ച് സെര്‍ച്ച് ചെയ്തു. ഇയാള്‍ സിമാപുര്‍ എന്ന ചേരിപ്രദേശത്തെ സ്ഥിരം കുറ്റവാളിയാണെന്നു മനസ്സിലായി. കഴിഞ്ഞ വര്‍ഷം മാത്രം 17 കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്. ജയിലില്‍ കഴിഞ്ഞപ്പോള്‍ എടുത്ത ഏറ്റവും പുതിയ ചിത്രം കിട്ടി. കൃത്യമായ വിലാസവും കിട്ടിയതോടെ ആദ്യ ഘട്ടം കഴിഞ്ഞു.

സിമാപുരിയിലേക്ക്

ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ചേരി പ്രദേശമാണ്. ഡല്‍ഹി പോലീസ് ആദ്യമേ അപകട സാധ്യതകള്‍ പറഞ്ഞു. ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരും വ്യാജ വിലാസത്തില്‍ ഇവിടെ താമസിക്കുന്നവരും ആണ് കൂടുതല്‍. അടുത്തടുത്തായി ഇരിക്കുന്ന കൂരകള്‍ക്കിടയിലൂടെ നടന്നുപോകാന്‍ മാത്രമേ വഴിയുള്ളൂ. എന്തും ചെയ്യാന്‍ മടിക്കാത്ത ക്രിമിനല്‍ സംഘമാണ് താമസക്കാര്‍. ഏറ്റവും കുറഞ്ഞ ആയുധം തോക്കാണ്. പോലീസ് വണ്ടിയുമായി ആ ഭാഗത്തേക്ക് പോകാന്‍ കഴിയില്ല. അവിടെ ആരെയെങ്കിലും പോലീസ് പിടിച്ചാല്‍ എല്ലാ നിയമസഹായവും നല്‍കാന്‍ ബാക്കിയുള്ളവര്‍ പിരിവെടുക്കും. ചേരിയുടെ മുമ്പില്‍ ഒരു പാര്‍ക്കുണ്ട്. സമീപത്ത് മലയാളിയുടെ തുണിക്കടയും ഹോട്ടലുകളുമുണ്ട്. സ്വകാര്യ വാഹനവുമായി പോലീസുകാര്‍ ചേരിക്കു മുമ്പില്‍ കാത്തിരിപ്പായി. മൂന്നാലു ദിവസം കഴിഞ്ഞപ്പോള്‍ കയറി നോക്കാന്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ കനത്ത തണുപ്പായത് ഗുണമായി. മുഖം മറച്ചു പോകാം. പള്ളുരുത്തി സി.ഐ. കെ.ജി. അനീഷിന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ ഉള്ളിലേക്ക് നടന്നു. വഴി തെറ്റാതിരിക്കാന്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചു. ഉള്ളില്‍ക്കയറിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. അവിടെക്കയറി പിടിക്കാന്‍ സാധിക്കില്ല. പ്രതി പുറത്തു വരുന്നതുവരെ കാക്കണം. അതോടെ രണ്ടാംഘട്ടം പൂര്‍ത്തിയായി.

കനത്ത തണുപ്പില്‍ കാത്തിരിപ്പ്

പോലീസ് എത്തിയ സൂചനകള്‍ പ്രതികള്‍ക്ക് ലഭിച്ചതിനാലാവണം ആരെയും പുറത്തേക്ക് കിട്ടിയില്ല. അതോടെ പോലീസ് തന്ത്രം മാറ്റി. മടങ്ങിപ്പോയെന്ന പ്രതീതിയുണ്ടാക്കി. വണ്ടികള്‍ മാറ്റി. പാര്‍ക്കില്‍ സാധാരണക്കാരെപ്പോലെ ഇരുന്നും കിടന്നും സമയം കളഞ്ഞു. കുറെ സമയം സമീപത്തുള്ള മലയാളിയുടെ തുണിക്കടയില്‍ കയറിയിരുന്നു. കനത്ത തണുപ്പ് ശീലമില്ലാത്തതിനാല്‍ പോലീസുകാര്‍ വലഞ്ഞു. ഇനി പ്രതി മുങ്ങിയോ എന്ന സംശയമായി. അങ്ങനെ ആറു ദിവസത്തോളം കഴിഞ്ഞു. കാത്തിരിപ്പ് വെറുതെയാകുമോ എന്ന സംശയമായി. കൊച്ചിയില്‍ കമ്മിഷണര്‍ എം.പി. ദിനേശിനെ വിളിച്ചു. അദ്ദേഹം പ്രചോദിപ്പിക്കാനുള്ള വാക്കുകള്‍ പറഞ്ഞുകൊണ്ടിരുന്നു.

കാത്തിരുന്ന നിമിഷം

പോലീസ് പോയെന്ന തോന്നലുണ്ടായപ്പോഴാണ് അര്‍ഷാദ് പുറത്തേക്ക് വന്നത്. നല്ല സാമ്യമുള്ള ഫോട്ടോ കൈയിലുള്ളതിനാല്‍ ആളെ മനസ്സിലായി. ഉടന്‍ പോലീസ് വളഞ്ഞു. ഡല്‍ഹി പോലീസ് സംഘവും ആയുധങ്ങളുമായി പ്രതിയെ വളഞ്ഞു. ഇത് ഇയാള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. വിവരമറിഞ്ഞ് നൂറ്റമ്പതോളം ചേരിക്കാര്‍ പോലീസിനെ തടയാനെത്തി. കല്ലേറുണ്ടായി. ഒരു കല്ല് പ്രതിയുടെ ചെവിയില്‍ കൊണ്ടു. എന്നാല്‍ പോലീസ് സേനയുടെ കൈയില്‍ വന്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ തടയാനെത്തിയവരെ തുരത്താന്‍ സാധിച്ചു. പ്രതിയെ ഉടന്‍തന്നെ വണ്ടിയിലേക്ക് എടുത്തിട്ടു. നിമിഷങ്ങള്‍ക്കകം സ്ഥലംവിട്ടു.

മറ്റു പ്രതികളിലേക്ക്

ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മറ്റ് രണ്ട് പ്രതികളായ റോണി, ഷെയ്ക്ക് സാദ് എന്നിവരെക്കുറിച്ച് വിവരം ലഭിച്ചു. ഇതിനോടു ചേര്‍ന്നുകിടക്കുന്ന ചേരി പ്രദേശത്താണ് അവര്‍. അവിടെ ഇത്രയും ബുദ്ധിമുട്ടുണ്ടായില്ല. രണ്ടുപേരും ഒരുമിച്ചുണ്ടായിരുന്നു. പോലീസ് സാന്നിധ്യം അറിഞ്ഞ് അവര്‍ സമീപത്തെ കെട്ടിടത്തിന്റെ ടെറസിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഡല്‍ഹി പോലീസിന്റെ സഹായത്തോടെ ഇവരെ വളഞ്ഞ് പിടികൂടുകയായിരുന്നു. പോലീസ് സാന്നിധ്യം മനസ്സിലാക്കി പ്രതികള്‍ സ്ഥലം വിട്ടിരുന്നെങ്കില്‍ എല്ലാ പ്രയത്‌നവും വെറുതെയാകുമായിരുന്നെന്ന് പള്ളുരുത്തി സി.ഐ. കെ.ജി. അനീഷ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button