
അനില്‍ ബോസ് കടുത്തുരുത്തി
പലപ്പോഴും സിനിമകളില്‍ കാണുന്ന ഒന്നാണ് ജനക്കൂട്ടത്തിനരികിലേക്ക് ഹെലികോപ്റ്ററില്‍ പറന്നെത്തുന്ന ജനപ്രതിനിധി. ഇത് കേരളത്തിന് അത്ര പരിചയമുള്ള ഒന്നല്ല. ഔദ്യോഗിക യാത്രകള്‍ക്കോ തെരഞ്ഞെടുപ്പ് പ്രചരണത്തിനോ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്ന പതിവും കേരളത്തില്‍ കാണാറില്ല. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയാണ് ചര്‍ച്ചയാകുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രി പിണറായി വിജയനെ ചുറ്റിപ്പറ്റി ഉയരുന്ന ഹെലികോപ്റ്റര്‍ വിവാദത്തിനെ കുറിച്ച് ജനങ്ങള്‍ എത്രത്തോളം അവബോധരാണ്. ഓഖി ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ഹെലികോപ്റ്റര്‍ വാടകയ്ക്കായി എട്ട് ലക്ഷം രൂപ ചിലവിട്ടതാണ് മുഖ്യമന്ത്രിക്ക് എതിരെ ഉയരുന്ന ആരോപണം. ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്കായുള്ള സൗകര്യങ്ങള്‍ എല്ലാം ഒരുക്കി കഴിയുന്നതിന് മുമ്പ് ഇത്രയും അധികം പണം മുഖ്യമന്ത്രി ചിലവിട്ടത് ശരിയാണോ എന്ന സംശയമാണ് പലയിടങ്ങളില്‍ നിന്നും ഉയരുന്നത്.
ഇതിനിടെ ദുരന്തനിവാരണ് ഫണ്ടില്‍ നിന്നും പണം ഈടാക്കിയ വിവരം അറിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എന്നാല്‍ പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കു നല്‍കിയിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തെത്തി. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധത്തിലായി.
ഡിസംബര്‍ 26ന് സി.പി.എം ജില്ലാ സമ്മേളനത്തില്‍ നിന്നും മുഖ്യമന്ത്രി തിരുനന്തപുരത്ത് എത്തിയതും തിരികെ പോയതും സ്വകാര്യകമ്പനിയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ്. ഇതിനാണ് എട്ട് ലക്ഷം രൂപ ചിലവായത്.
സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖേനയാണ് ഹെലികോപ്റ്റര്‍ കമ്പനി പണം ആവശ്യപ്പെട്ടത്. 13,09,800 രൂപയാണത്രെ സ്വകാര്യ ഹെലികോപ്റ്റര്‍ കമ്പനി ആവശ്യപ്പെട്ടത്. പിന്നീട് വില പേശലിനൊടുവില്‍ തുക എട്ട് ലക്ഷമായി കുറച്ചു. ഈ തുക സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്ന ബെഹ്‌റയുടെ ആവശ്യത്തെ തുടര്‍ന്ന് ദുരന്തനിവാരണ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ ഉത്തരവ് ഇരക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ബഹ്‌റ നിഷേധിച്ചിരുന്നു.
ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണം ചിലവിടാന്‍ തീരുമാനിച്ചതാണ് വിവാദത്തിന് തുടക്കം കുറിച്ചത്. ഓഖിയില്‍ ചിന്നഭിന്നമായ ജനജീവിതം കെട്ടിപ്പെടുക്കാനുള്ള ഫണ്ടില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്രയ്ക്കായി എട്ട് ലക്ഷം ചിലവഴിക്കുന്നു എന്നത് ആര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. മുഖ്യമന്ത്രിയുടെ ജനസമതി ഈ പ്രവര്‍ത്തിയിലൂടെ കുറഞ്ഞിട്ടുണ്ടെന്നും സംസാരം ഉയരുന്നുണ്ട്.
ജനപ്രതിനിധികളുടെ യാത്രാ ചിലവ് സര്‍ക്കാര്‍ വഹിക്കുന്നു എന്നതിനാല്‍ മുഖ്യമന്ത്രിയുടെ ആകാശ യാത്രയും ഈ ഗണത്തില്‍ പെടും എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധാരണ ജനങ്ങള്‍ക്ക് സാധിക്കുമോ എന്നാണ് പല കോണുകളില്‍ നിന്നും ഉയരുന്ന സംശയം.
താന്‍ മോഷണം നടത്തിയെന്ന മട്ടിലാണ് ചിലര്‍ പ്രചാരണം നടത്തുന്നത്. ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര സംഘത്തെ കണ്ടില്ലെങ്കില്‍ അതാവും പിന്നീട് ആക്ഷേപം. ഹെലികോപ്റ്ററില്‍ മാത്രമല്ല, മുഖ്യമന്ത്രിയും മന്ത്രിമാരും കാറില്‍ യാത്ര ചെയ്താലും ചിലവ് വഹിക്കുന്നത് സര്‍ക്കാരാണ്. എന്നാല്‍ ഏത് കണക്കില്‍ നിന്നാണ് ഇതെന്ന് മന്ത്രിമാര്‍ ശ്രദ്ധിക്കാറില്ല. അതൊക്കെ ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കലല്ല തന്റെ പണി. മുന്‍ മുഖ്യമന്ത്രിയും ഇത്തരത്തില്‍ യാത്ര ചെയ്തത് ഓര്‍ക്കണം.
തനിക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററിന്റെ വാടക നല്‍കുന്നത് ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണെന്ന് അറിഞ്ഞിരുന്നില്ല. എന്നാല്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ കഴിയുന്ന പദവിയിലല്ലോ താനെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത്തരത്തിലൊക്കെ മുഖ്യമന്ത്രി പ്രതികരിച്ചെങ്കിലും സാധരണക്കാരുടെ സംശയങ്ങള്‍ക്കുള്ള ഉത്തരമായി അതിനെ കാണാനാകുമോ?…
Post Your Comments