ബെയ്ജിംഗ് : ദക്ഷിണ ചൈനാക്കടലില്‍ നിക്ഷേപത്തിനായി ഇന്ത്യയെ ക്ഷണിച്ച വിയറ്റ്‌നാമിനെ വിമര്‍ശിച്ച് ചൈന. ഇന്ത്യയുടെ പെട്രോളിയം കമ്പനിയായ ഒ.എന്‍.ജി.സി. ദക്ഷിണ ചൈനാക്കടലിന്റെ 128-ാം ബേസിനില്‍ പര്യവേക്ഷണം നടത്തുന്നുണ്ട്. ഇതിനെതിരേ ചൈന നേരത്തേയും പ്രതിഷേധിച്ചിരുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ ചൈനയുടെ അധികാരപരിധിയിലേക്കുള്ള കൈകടത്തല്‍ പ്രാദേശികസമാധാനത്തെ ബാധിക്കുമെന്നും അത് അനുവദിക്കാനാവില്ലെന്നും ചൈനയുടെ വിദേശമന്ത്രാലയം വക്താവ് ലു കാങ് പ്രതികരിച്ചു.
ദക്ഷിണ ചൈനാക്കടലിലെ പ്രത്യേക സാമ്പത്തിക മേഖലയിലുള്ള ഇന്ധനപദ്ധതികളിലേക്ക് ഇന്ത്യയുടെ നിക്ഷേപം ക്ഷണിക്കുന്നുവെന്ന് ഇന്ത്യയിലെ വിയറ്റ്‌നാം അംബാസഡര്‍ ടൊണ്‍ സിന്‍ താന്‍ അറിയിച്ചിരുന്നു. തങ്ങളുടെ അവകാശങ്ങളിലേക്ക് കൈകടത്തുന്ന ഏതുപ്രവൃത്തിയെയും എതിര്‍ക്കുമെന്ന് ചൈന പ്രതികരിച്ചു. പ്രദേശത്തേക്ക് ഇന്ത്യയെ ക്ഷണിക്കാനുള്ള പൂര്‍ണമായ അവകാശം വിയറ്റ്‌നാമിനുണ്ടെന്നും ഇന്ത്യന്‍ നാവികസേനയെ അവിടെ പ്രതീക്ഷിക്കുന്നുവെന്നുമാണ് വിയറ്റ്‌നാം പിന്നീട് നല്‍കിയ മറുപടി. ദക്ഷിണ ചൈനാക്കടലിന്റെ 90 ശതമാനവും ചൈനയാണ് അവകാശപ്പെട്ടിരിക്കുന്നത്. വിയറ്റ്‌നാമിനൊപ്പം ഫിലിപ്പീന്‍സ്, തയ്വാന്‍, മലേഷ്യ, ബ്രൂണയ് എന്നീ രാജ്യങ്ങളും വന്‍ പെട്രോളിയം നിക്ഷേപമുള്ള ഈ സമുദ്രത്തിന്റെ അവകാശികളാണ്.
Post Your Comments