ഏഴ് സ്ത്രീകളെ ദുബായ് വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയി
ദുബായ് : ദുബായ് വിമാനത്താവളത്തില്‍ പിആര്‍ഒയുടെ വേഷത്തില്‍ എത്തി ‘നാടകത്തിലൂടെ’ ഏഴ് യുവതികളെ തട്ടിക്കൊണ്ടു പോയ കേസിന്റെ വാദം ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ആരംഭിച്ചു. 29 വയസുള്ള ഈജിപ്ഷ്യന്‍ പൗരനാണ് ഏഴ് ഏഷ്യന്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ആരോപിച്ചു. ജോലിക്കായി യുവതികള്‍ ബന്ധപ്പെട്ടിരുന്ന കമ്പനിയുടെ പിആര്‍ഒ ആണെന്നു സ്വയം പരിചയപ്പെടുത്തി വിമാനത്താവളത്തില്‍ എത്തുകയും ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും സ്വന്തമാക്കുകയായിരുന്നു.
ഇവിടെ നിന്നും സ്ത്രീകളെ ദുബായിലെ ഒരു ഫ്‌ളാറ്റില്‍ കൊണ്ടു പോവുകയും വിവിധ മുറികളില്‍ താമസിപ്പിച്ചു. ഇയാള്‍ പറയുന്ന വീടുകളിലും സ്ഥലങ്ങളിലും ജോലി ചെയ്യണം എന്നായിരുന്നു ആവശ്യം. സ്വദേശികളായ നാലു പേരില്‍ നിന്ന് ഇയാള്‍ പണവും പറ്റിയിരുന്നു. തട്ടിക്കൊണ്ടു പോകല്‍, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങളാണ് ഈജിപ്ഷ്യന്‍ യുവാവിനെതിരെ ചുമത്തിയത്. 2017 ആഗസ്റ്റ് 27ന് ആണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
ഇരയായ 35 വയസുള്ള ഇന്തോനീഷ്യന്‍ വീട്ടമ്മ പറയുന്നത് ഇങ്ങനെ: 2017 ജൂലൈ ആറിനാണ് അജ്മാനിലെ ഒരു സ്വദേശി കുടുംബത്തിന്റെ വീട്ടില്‍ ജോലിക്കായി യുഎഇയില്‍ വന്നത്. മറ്റു രണ്ടു സ്ത്രീകളും എനിക്കൊപ്പമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ എത്തിയ ഞങ്ങള്‍ പിആര്‍ഒ വരുന്നതും കാത്തിരിക്കുകയായിരുന്നു. ഈ സമയം പ്രതിയായ ഈജിപ്ഷ്യന്‍ യുവാവാണ് വന്നത്. കമ്പനിയുടെ പിആര്‍ഒ ആണെന്ന് പരിചയപ്പെടുത്തിയ അദ്ദേഹം ഞങ്ങളുടെ പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണും മറ്റു രേഖകളും വാങ്ങിവച്ചു.
ദുബായിലെ ഒരു ഫ്‌ളാറ്റില്‍ കൊണ്ടു പോവുകയും അവിടെ മുറിയില്‍ അടച്ചിടുകയുമായിരുന്നു. ഞങ്ങള്‍ക്ക് പുറത്ത് പോകാന്‍ സാധിച്ചിരുന്നില്ല. എല്ലാ ദിവസവും മുറി വൃത്തിയാക്കാനും ഭക്ഷണം നല്‍കാനും ഒരു എത്യോപ്യന്‍ സ്ത്രീ വരുമായിരുന്നു. 4-5 ദിവസം ഞങ്ങള്‍ അവിടെ കഴിഞ്ഞു. ഒരു ദിവസം സ്ത്രീ ഭക്ഷണം നല്‍കാന്‍ വന്നപ്പോള്‍ വാതില്‍ അടയ്ക്കാന്‍ മറന്നു. ഈ സമയം ഞങ്ങള്‍ പുറത്തേക്ക് ഓടുകയും കമ്പനി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയും പ്രതിയെ പൊലീസ് സ്റ്റേഷനില്‍ വച്ച് തിരിച്ചറിയുകയും ചെയ്തു. ഞങ്ങളെ കൂടാതെ വേറെയും സ്ത്രീകളെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുവന്നതായി മനസിലായി- യുവതി പറഞ്ഞു.
സ്ത്രീകളെ വീട്ടു ജോലിക്ക് ആവശ്യപ്പെട്ട് നിരവധി സ്വദേശികള്‍ പിടിയിലായ വ്യക്തിക്ക് പണം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും കേസുകളുണ്ട്. വാദം വീണ്ടും ഈ മാസം 23ന് പരിഗണിക്കും.
Post Your Comments