Latest NewsNewsIndia

സിനിമാ കഥയെ വെല്ലുന്ന കഥ ജീവിതത്തില്‍ : ഇത്രനാളും പൊന്നുപോലെ സ്‌നേഹിച്ച കുഞ്ഞിനെ കൈവിടാനാകുന്നില്ല : സ്വന്തം കുഞ്ഞിനെ വേണ്ടെന്ന് കോടതിയില്‍

ദിസ്പുര്‍: ഇവിടെ സിനിമാ കഥയെ വെല്ലുന്ന കഥയാണ് രണ്ട് മാതാപിതാക്കളുടെ ജീവിതത്തില്‍ നടന്നിരിക്കുന്നത്. മൂന്ന് വര്‍ഷത്തോളം പൊന്നു പോലെ സ്‌നേഹിച്ച കുഞ്ഞുങ്ങള്‍ പരസ്പരം മാറിപ്പോയെന്ന് തിരിച്ചറിയുന്ന രണ്ട് കുടുംബങ്ങളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. എന്നാല്‍ ഇത്തരമൊരു ദുര്‍ഘട ഘട്ടത്തില്‍ സ്‌നേഹത്തിന്റെ മഹനീയമായ തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് അസ്സമിലെ രണ്ട് കുടുംബങ്ങള്‍. ഇത്രനാളും സ്‌നേഹിച്ച കുഞ്ഞിനെ ഒപ്പം നിര്‍ത്തി സ്വന്തം കുഞ്ഞിനെ വിട്ടു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇവര്‍.

അസ്സമിലെ ദരംഗ് ജില്ലയിലാണ് സംഭവം. 2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ ഒരു ബോഡോ കുടംബത്തിലും മുസ്ലിം കുടുംബത്തിലും ജനിച്ച കുട്ടികളാണ് പരസ്പരം മാറിപ്പോകുന്നത്. ഡിഎന്‍എ ടെസ്റ്റിനും മറ്റ് അന്വേഷണങ്ങള്‍ക്കുമൊടുവില്‍ അടുത്തിടെയാണ് കുട്ടികളെ പരസ്പരം കൈമാറാന്‍ ഇരു കുടുംബങ്ങളും തീരുമാനിക്കുന്നത്. എന്നാല്‍ അന്നേ ദിവസം ഉണ്ടായ വൈകാരികമായ സംഭവങ്ങള്‍ കുട്ടികളെ കൈമാറ്റം ചെയ്യേണ്ടെന്ന തീരുമാനത്തില്‍ ഇരുകുടുംബങ്ങളെയും എത്തിക്കുകയായിരുന്നു.

2015 മാര്‍ച്ച് 11നാണ് ഇരുകുഞ്ഞുങ്ങളും ജനിക്കുന്നത്. എന്നാല്‍ 48കാരനായ മുസ്ലിം അധ്യാപകന്റെ ഭാര്യയ്ക്കാണ് ഇതു തന്റെ കുഞ്ഞല്ലെന്ന സംശയം ആദ്യം തോന്നുന്നത്. കുടുംബാംഗങ്ങളില്‍ ആരുമായും മുഖ സാദൃശ്യം ഇല്ലെന്ന് മാത്രമല്ല തനിക്കൊപ്പം ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട ബോഡോ സ്ത്രീയുടെ മുഖവുമായി കുട്ടിക്ക് നല്ല സാമ്യം ഉണ്ടെന്ന സംശയം അവരില്‍ ഉടലെടുത്തു.

സംശയം ഭര്‍ത്താവിനോട് പങ്കുവെക്കുകയും ഭര്‍ത്താവ് ഇത് ആശുപത്രി അധികൃതരെ അറിയിക്കുകയുമായിരുന്നു. പക്ഷെ ആശുപത്രി അധികൃതര്‍ വാദം തള്ളിക്കളഞ്ഞെന്നു മാത്രമല്ല ഭാര്യയ്ക്ക് മാനസിക രോഗമാണെന്ന് ഭര്‍ത്താവിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു.

എന്നാല്‍ ആ അധ്യാപകന്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. വിവരാവകാശ നിയമ പ്രകാരം അന്നേ ദിവസം ആശുപത്രിയില്‍ നടന്ന പ്രസവ വിവരങ്ങളെല്ലാം സംഘടിപ്പിച്ചു. സംശയം മുഴുവന്‍ ബോഡോ കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. ബോഡോ കുടുംബത്തെ കാര്യം അറിയിച്ചെങ്കിലും അവര്‍ വിശ്വാസത്തിലെടുത്തില്ല. തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റിനു വിധേയമായതോടെയാണ് കുഞ്ഞ് തങ്ങളുടേതല്ലെന്ന തീര്‍പ്പില്‍ അധ്യാപകനും ഭാര്യയും എത്തിച്ചേരുന്നത്. ഡിഎന്‍എ ഫലവുമായി പോലീസിനെ ഇവര്‍ സമീപിച്ചു.

പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത ശേഷം നടന്ന ഡിഎന്‍എ ടെസ്റ്റില്‍ ഇരു കുടുംബങ്ങളും കുട്ടികള്‍ പരസ്പരം മാറിപ്പോയെന്ന സത്യം തിരിച്ചറിഞ്ഞു. കുട്ടികളെ പരസ്പരം കൈമാറണമെന്ന സംയുക്ത ഹര്‍ജി ഇരു കുടുംബങ്ങളും കോടതിയില്‍ നല്‍കി. തുടര്‍ന്നായിരുന്നു കുട്ടികളെ കൈമാറ്റം ചെയ്യാനുള്ള തീയ്യതിയായി ജനുവരി 4 ആയി നിശ്ചയിക്കപ്പെട്ടത്.

എന്നാല്‍ രണ്ട് വയസ്സിലധികം പ്രായമുള്ള കുട്ടികളും അച്ചനമ്മമാരും തമ്മില്‍ രൂപപ്പെട്ട വൈകാരിക ബന്ധം എളുപ്പം പറിച്ചെറിയാന്‍ കഴിയുന്നതായിരുന്നില്ല. സ്‌നേഹത്തെയും മനുഷ്യത്വത്തെയും മറികടന്ന് രക്തബന്ധത്തിനു പിന്നാലെ പോവേണ്ടെന്ന തീരുമാനത്തില്‍ അവരങ്ങനെയാണ് എത്തിച്ചേരുന്നത്.

‘കുട്ടികള്‍ അന്ന് കരഞ്ഞു തളര്‍ന്നു. അത് ഞങ്ങള്‍ക്ക് കണ്ട് നില്‍ക്കാന്‍ സാധിക്കുന്നതായിരുന്നില്ല. അന്ന് ഞങ്ങള്‍ക്ക് സ്‌നേഹത്തെയും മനുഷ്യത്വത്തെയും കുറിച്ച് മാത്രമേ ചിന്തിക്കാന്‍ കഴിയുമായിരുന്നുള്ളൂ’, അധ്യാപകന്‍ പറയുന്നു.

കുട്ടികളെ ഇനി പരസ്പരം മാറേണ്ടെന്ന തീരുമാനത്തില്‍ അവരെത്തിച്ചേര്‍ന്നു. ഈ മാസം 24ന് മറ്റൊരു സംയുക്ത ഹര്‍ജിയുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇരു കുടുംബങ്ങളും. അവരുടെ ആവശ്യം ഇത്രമാത്രം- ‘സ്‌നേഹിച്ചു വളര്‍ത്തിയ അച്ഛനമ്മമാര്‍ക്കൊപ്പം ജീവിത കാലം മുഴുവന്‍ കുട്ടികളെ തങ്ങളോടൊപ്പം കഴിയാന്‍ ബഹുമാനപ്പെട്ട കോടതി അനുവദിക്കണം’.

shortlink

Related Articles

Post Your Comments

Related Articles


Back to top button