ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കു നല്‍കിയ തിരിച്ചടിയില്‍ കാശ്മീര്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സേന വധിച്ചത് 138 പാക്ക് സൈനികരെ. 155 പാക്ക് സൈനികര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഇന്ത്യയുടെ 28 സൈനികര്‍ വീരമൃത്യു വരിച്ചു. ഇന്ത്യയുടെ ഭാഗത്ത് 70 സൈനികര്‍ക്കും പരുക്കേറ്റു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പ്രകോപനമില്ലാതെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമങ്ങളോട് അതിശക്തമായിട്ടായിരുന്നു ഇന്ത്യന്‍ തിരിച്ചടികള്‍.
അതിര്‍ത്തിയില്‍ ഇന്ത്യയുടെ ശക്തമായ ഇടപെടലുണ്ടായെന്ന് പാക്കിസ്ഥാനും ഇത്തവണ സമ്മതിച്ചിട്ടുണ്ട്. സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ പാക്കിസ്ഥാനെ ഞെട്ടിച്ച ശേഷമാണ് ഇന്ത്യ ഇത്തരത്തില്‍ ഇടപെടല്‍ ശക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം പാക്ക് സൈന്യം 860 തവണ വെടിനിര്‍ത്തല്‍ ലംഘിച്ചു. അപ്പോഴെല്ലാം തിരിച്ചടിച്ചു. അതിര്‍ത്തി കടന്നുള്ള കമാണ്ടോ ഓപ്പറേഷനും നടന്നു. ഇത് പാക്കിസ്ഥാനെ ഞെട്ടിക്കുകയും ചെയ്തു. തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടുവെന്നു പാക്കിസ്ഥാന്‍ സമ്മതിക്കാറില്ലെന്നും പകരം സാധാരണ പൗരന്മാരെ ഇന്ത്യ കൊലപ്പെടുത്തിയെന്നു പ്രചരിപ്പിക്കുകയാണു രീതിയെന്നും സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 25ന് ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ തങ്ങളുടെ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടുവെന്നറിയിച്ചു ട്വീറ്റ് ചെയ്ത പാക്ക് സൈന്യം മണിക്കൂറുകള്‍ക്കകം അതു പിന്‍വലിച്ചിരുന്നു. ഇതിനൊപ്പം ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റങ്ങള്‍ കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതായി കണക്കുകള്‍. ചൈനീസ് സൈനികര്‍ 415 തവണ ഇന്ത്യന്‍ ഭാഗത്തേക്ക് അതിക്രമിച്ചുകയറി. 2016ല്‍ ഇത് 271 ആയിരുന്നു. കഴിഞ്ഞ വര്‍ഷം സിക്കിമിലെ ദോക്ലായിലുള്‍പ്പെടെ ഇരു സൈന്യങ്ങളും 216 തവണ അതിര്‍ത്തിയില്‍ നേര്‍ക്കുനേര്‍ നിരന്നു. നിയന്ത്രണ രേഖയില്‍ (എല്‍എസി) ചൈനീസ് കടന്നുകയറ്റ സാധ്യതയുള്ള 23 ഇടങ്ങളുണ്ടെന്നാണു സൈന്യത്തിന്റെ വിലയിരുത്തല്‍.
ഈ പ്രതിരോധം ശക്തമാക്കാന്‍ കരുത്ത് കൂട്ടുകയാണ് ഇന്ത്യന്‍ സേന. ഇസ്രയേലില്‍ നിന്നു സ്‌പൈക് ആന്റി ടാങ്ക് മിസൈലുകള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങി. ടാങ്കുകള്‍ തകര്‍ക്കാന്‍ കെല്‍പുള്ളവയാണ് ഇവ. പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച നാഗ് ആന്റി ടാങ്ക് മിസൈലുകളാണു നിലവില്‍ സേനയുടെ പക്കലുള്ളത്.
Post Your Comments