Latest NewsNewsInternational

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഫോര്‍ക്കും സ്പൂണും മോഷ്ടിച്ച് മാധ്യമപ്രവര്‍ത്തകര്‍; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍

ലണ്ടന്‍: ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഫോര്‍ക്കും സ്പൂണും മോഷ്ടിച്ച് മാധ്യമപ്രവര്‍ത്തകര്‍. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അനുഗമിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഫോര്‍ക്കും സ്പൂണും മോഷ്ടിച്ചത്. സംഭവത്തില്‍ ബംഗാളി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ലണ്ടന്‍ അമ്പതു പൗണ്ടിന്റെ പിഴ ചുമത്തി. ഹോട്ടലിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡിന്നറിനിടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ മോഷ്ടിച്ച സ്പൂണും ഫോര്‍ക്കും സ്വന്തം ബാഗില്‍ ഇടുന്നത് സിസിടിവിയിലൂടെ ലൈവായി കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് നടപടി സ്വീകരിച്ചത്.

ഉന്നതരായതിനാല്‍ നടപടിയെടുക്കുന്നതു സംബന്ധിച്ച് ആദ്യം സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചര്‍ച്ച നടന്നെങ്കിലും ഇത് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നേരിട്ട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാവരും മോഷണ വസ്തു തിരിച്ചു നല്‍കാന്‍ തയാറായി. അലാറം മുഴക്കി കൈയോടെ പിടികൂടുകയാണ് പതിവെങ്കിലും വിവിഐപികളും മമതയുടെ സംഘത്തിലുള്ളവരായതിനാലും അപമാനിക്കുന്നത് ശരിയല്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു ജീവനക്കാര്‍. ഇരുരാജ്യങ്ങളിലെയും പ്രമുഖ രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെയാണ് മോഷണം നടന്നത്.

പ്രമുഖ ബംഗാളി ദിനപത്രത്തിന്റെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടറുമാണ് ആദ്യം ഒരു സെറ്റ് ഡെസേര്‍ട്ട് സ്പൂണ്‍ മേശയില്‍ നിന്ന് പോക്കറ്റിലിട്ടതെന്ന് സിസിടിവി ഫൂട്ടേജ് വെളിപ്പെടുത്തുന്നു. തുടര്‍ന്ന് മറ്റൊരു പത്രത്തിന്റെ എഡിറ്ററും ഇതു തന്നെ ആവര്‍ത്തിച്ചു. ഇയാള്‍ മമതക്കൊപ്പം സ്ഥിരം വിദേശയാത്രകളില്‍ അനുഗമിക്കുന്ന വ്യക്തിയാണ്. രഹസ്യമായി സുരക്ഷ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചതോടെ മിക്കവരും മോഷണ വസ്തുക്കള്‍ തിരിച്ചേല്‍പ്പിച്ചു. എന്നാല്‍ സംഘത്തിലെ ഒരാള്‍ മാത്രം താന്‍ മോഷ്ടിച്ചില്ലെന്ന വാദത്തില്‍ ഉറച്ചു നിന്നു. വിശദമായ പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും മോഷണ വസ്തുക്കള്‍ കണ്ടെടുത്തതോടെ അമ്പതു പൗണ്ട് പിഴ ഈടാക്കുകയായിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button