റിയാദ് : സൗദിയില്‍ കൂടുതല്‍ മേഖലകള്‍ സ്വദേശിവല്‍ക്കരിക്കുന്നു. മലയാളികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന റെന്റ് എ കാര്‍ മേഖലയില്‍ മാര്‍ച്ച് മുതല്‍ സ്വദേശിവല്‍ക്കരണം നിലവില്‍ വരും. റെന്റ് എ കാര്‍ ഓഫീസുകളില്‍ മാര്‍ച്ച് 18 മുതല്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയ വ്യക്താവ് ഖാലിദ് അബേഖെല്‍ വ്യക്തമാക്കി.
സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലയാണ് ഇതെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് റെന്റ് എ കാര്‍ മേഖല സ്വദേശിവല്‍ക്കരിക്കുന്നത്. ഇതിന് മുന്നോടിയായി റെന്റ് എ കാര്‍ ഓഫീസുകളില്‍ ജോലിചെയ്യാന്‍ സന്നദ്ധരായ സ്വദേശികള്‍ക്ക് ആവശ്യമായ പരിശീലനവും മന്ത്രാലയം നല്‍കിവരുന്നുണ്ട്.
സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ തൊഴിലുകളില്‍ വിദേശിയെ നിയമിക്കുന്ന പക്ഷം കനത്ത പിഴ ഈടാക്കുന്നതടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയ വ്യക്താവ് മുന്നറിയിപ്പ് നല്‍കി. സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ മൊബൈല്‍ ഫോണ്‍ വിപണന മേഖലയിലും ജുവല്ലറി മേഖലയിലും സ്വദേശിവല്‍ക്കരണം പാലിച്ചെന്നു ഉറപ്പുവരുത്താന്‍ ഇപ്പോഴും ശക്തമായ പരിശോധനയാണ് നടക്കുന്നത്.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ ജോലിചെയ്യുന്ന റെന്റ് എ കാര്‍ മേഖലയിലും സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വരുന്നതോടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.
Post Your Comments