Latest NewsIndiaNews

കാലിത്തീറ്റക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാം

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് ജയിലില്‍ ഇനി തോട്ടക്കാരന്‍. ജോലിക്ക് ദിവസക്കൂലിയായി ലാലുവിന് ലഭിക്കുന്നത് 93 രൂപയാണ്. ശനിയാഴ്ചയാണ് കാലിത്തീറ്റ കേസില്‍ ലാലുവിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം പിഴയും റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിക്കുന്നത്. സ്പെഷ്യല്‍ ബ്ലോക്കിലെ 3351 നമ്പറുകാരനാണ് ലാലു. റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് ലാലു ഇപ്പോള്‍. ലാലുവിന് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലാലുവിന് ദിവസവും പത്രവും ടെലിവിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ജയിലില്‍ ഒരുക്കിയതായും വാര്‍ത്തകളുണ്ടായിരുന്നു. കാലിത്തീറ്റ കുംഭകോണത്തില്‍ ആറ് കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്. അതില്‍ രണ്ടാമത്തെ കേസിലാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. മറ്റ് ആറ് പ്രതികള്‍ക്കും സമാനമായ ശിക്ഷയാണ് വിധിച്ചത്. നേരത്തെ മൂന്ന് തവണ ശിക്ഷാ പ്രഖ്യാപനം മാറ്റിവെച്ച ശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞിരിക്കുന്നത്. ജയില്‍ വളപ്പിലെ പൂന്തോട്ടത്തില്‍ ചെടികള്‍ നനയ്ക്കുകയും പരിപാലിക്കുകയുമാണ് ഈ മുന്‍ മുഖ്യമന്ത്രി ഇപ്പോള്‍.

ജോലിക്കിറങ്ങിയെങ്കിലും സഹതടവുകാരുമായി അകലം പാലിക്കുകയാണ് ലാലു. ലാലുവിന് ശിക്ഷ വിധിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ സഹോദരി ഗംഗോത്രി ദേവി മരണപ്പെടുകയായിരുന്നു. എന്നാല്‍ ഏക സഹോദരിയുടെ മരണാനന്തര ചടങ്ങില്‍ ലാലുവിന് പങ്കെടുക്കാനായില്ല. ലാലുവിനെ ആശ്വസിപ്പിക്കാന്‍ നേതാക്കള്‍ ജയിലില്‍ എത്തിയെങ്കിലും ആരോടും ഒന്നും മിണ്ടാതെ അദ്ദേഹം അവരെ തിരിച്ചയയ്ക്കുകയായിരുന്നു. കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യ കേസില്‍ ലാലുവിന് അഞ്ച് വര്‍ഷത്തെ തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഈ കേസില്‍ സുപ്രിംകോടതിയില്‍നിന്നും ജാമ്യം തേടുകയായിരുന്നു. ആറ് കേസുകളില്‍ ഇനി നാല് കേസുകള്‍ കൂടി കോടതിയുടെ പരിഗണനയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button